വിലക്കയറ്റത്തിൽ കുടുങ്ങി ഓണസദ്യ; ഉപാധികളുമായി മലയാളി സമാജം

0

നിത്യോപയോഗ സാധനങ്ങളുടെ പൊളളുന്ന വില ഇക്കുറി ഓണ സദ്യയുടെ രുചികൾ കുറക്കുമെന്നാണ് മുംബൈ മലയാളികൾ ആശങ്കപ്പെടുന്നത്. സാധാരണക്കാർക്ക് താങ്ങാവുന്ന വിലയല്ലെങ്കിൽ മലയാളി ഹോട്ടലുകാർക്കും ഈ വർഷത്തെ ഓണസദ്യകൾക്ക് ആവശ്യക്കാർ കുറയും.

എന്നാൽ വർഷത്തിൽ ഒരിക്കൽ ഒത്തുകൂടുന്ന ഓണാഘോഷത്തിന്റെ നിറം മങ്ങാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് മാനസരോവർ കാമോത്തെ മലയാളി സമാജം. പോയ വർഷം ഓണ സദ്യക്ക് 100 രൂപയാണ് ഒരാളിൽ നിന്ന് ഈടാക്കിയത്. എന്നാൽ ചിലവ് 350 രൂപയായിരുന്നുവെന്ന് ഭാരവാഹികൾ പറയുന്നു. ഈ വർഷം താങ്ങാനാവാത്ത വിലക്കയറ്റത്തിലും 200 രൂപ ഈടാക്കാനാണ് സമാജം കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. ഇതിനൊരു വിശദാംശവുമായാണ് വീണ്ടുമൊരു ചങ്ങാതിക്കഥയുമായി സമാജമെത്തിയത്. ഓണാഘോഷ പരിപാടികളുടെ വിശദാംശങ്ങളും ഓണസദ്യയുടെ ന്യായീകരണങ്ങളുമായി ഒരു സൗഹൃദ സംവാദത്തിലൂടെ സമാജം അംഗങ്ങളിൽ എത്തിക്കുവാനുള്ള ആശയത്തിന് പുറകിൽ സമാജം വൈസ് പ്രസിഡന്റ് എൽദോ ചാക്കോയാണ്.

ഒപ്പം ഓണാഘോഷ വേദികളിൽ അവതരിപ്പിക്കുന്ന പരിപാടികളിൽ പാലിക്കേണ്ട ‘മര്യാദ’കളും നിത്യ യൗവ്വനം കാത്ത് സൂക്ഷിക്കുന്ന മുതിർന്ന പൗരന്മാരെ ആദരിക്കൽ ചടങ്ങിനായി കണ്ടെത്താനുള്ള പെടാപാടും സംവാദത്തിനിടയിൽ ട്രോളുന്നുണ്ട്!!

മാനസരോവർ കാമോത്തെ മലയാളി സമാജം അംഗങ്ങൾക്കിടയിൽ പ്രചരിപ്പിച്ച കൗതുകകരമായ വാട്ട്സപ്പ് സന്ദേശം ഇതര സമാജങ്ങൾക്കും പ്രചോദനമാണ് :

ഉറ്റ ചങ്ങാതിമാരായ രമുവും ഗോപുവും ഒരിക്കൽ വഴിയിൽ കണ്ടുമുട്ടി

ഗോപു: രാമു നീ എവിടെ പോയിട്ട് വരുന്നു

രാമു: ഞാൻ നമ്മുടെ സമാജത്തിന്റെ മീറ്റിങ്ങിന് പോയതാണ്

ഗോപു: എന്താണ് പ്രത്യേകിച്ച്….? ഈ വർഷത്തെ ഓണാഘോഷം എന്നാണെന്ന് തീരുമാനിച്ചോ..?

രാമു: തീരുമാനിച്ചു.

സെപ്റ്റംബർ മാസം പത്താം തീയതിയാണ് നമ്മുടെ ഓണാഘോഷം.

ഗോപു: എവിടെ വച്ചാണ് നടത്തുന്നത്…

രാമു: കഴിഞ്ഞവർഷം നടത്തിയ അതേ സ്ഥലത്ത് കരാടി സമാജ് ഹാൾ സെക്ടർ 14 ഫെഡറൽ ബാങ്കിന് പുറകുവശം

ഗോപു: കഴിഞ്ഞ തവണ വന്ന രാംദാസ് ചേട്ടൻ തന്നെയാണോ ഈ വർഷവും സദ്യ ഉണ്ടാക്കുന്നത്..

രാമു: അതെ

ഗോപു: ഇത്തവണ സദ്യ 100 രൂപയ്ക്ക് തന്നെയാണോ കൊടുക്കുന്നത്.

രാമു: 100 രൂപയ്ക്ക് കൊടുക്കാൻ എങ്ങനെയാണ് സാധിക്കുന്നത്..? തക്കാളിയുടെയും മുരിങ്ങക്കോലിന്റെയും ഫോട്ടോ കാണിച്ചു തന്നാൽ പോരല്ലോ സാമ്പാറിൽ തക്കാളിയും മുരിങ്ങാക്കോലും വെണ്ടയ്ക്കയും എല്ലാം വേണ്ടേ.. ഒരു കറിവേപ്പില കിട്ടണമെങ്കിലും പൈസ കൊടുക്കണം അതുകൊണ്ട് ഈ വർഷത്തെ ഓണസദ്യയ്ക്ക് 200 രൂപ ആക്കിയിട്ടുണ്ട്. മറ്റു പല സ്ഥലങ്ങളിലും ഉള്ള സമാജങ്ങളിൽ 400…. 500 ഒക്കെയാണ് വാങ്ങുന്നത് നമ്മൾ കഴിഞ്ഞവർഷം വരെ 100 രൂപയ്ക്ക് ആണ് സദ്യ നടത്തിയത്.. സാധനങ്ങളുടെ വിലക്കയറ്റം പ്രോഗ്രാം നടത്തുന്ന സ്ഥലത്തിൻ്റെ വാടക എല്ലാം കഴിഞ്ഞ തവണത്തേക്കാളും ഇരട്ടിയായി.

ഗോപു: ഹാ.. അതും ശരിയാണ്

രാമു: കഴിഞ്ഞവർഷം സദ്യ നടത്തിയപ്പോൾ ഒരാൾക്ക് 350 രൂപയോളം ചെലവ് വന്നു..

ഗോപു: പിന്നെ എങ്ങനെയാണ് 200 രൂപയ്ക്ക് ഈ വർഷം കൊടുക്കുന്നത്..?

രാമു: അതിന് പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് 100 രൂപയുടെ സമ്മാനക്കൂപ്പൺ കൂടി കൊടുക്കുന്നത്. പിന്നെ ചിലർ അവരുടെ പരസ്യങ്ങൾ തന്നും സാമ്പത്തികമായും സഹായിക്കുക കൂടി ചെയ്യുന്നുണ്ട് .

ഗോപു: പൈസ വേണമെങ്കിൽ ഏതെങ്കിലും നേതാക്കന്മാരെ പോയി കണ്ടാൽ അവര് തരില്ലേ…?

രാമു: നമ്മൾ ഒരു രാഷ്ട്രീയക്കാരുടെ അടുത്തും സാമ്പത്തികമായി സഹായിക്കണം എന്ന് പറഞ്ഞു പോകാറില്ല. നമ്മുടെ മെമ്പേഴ്സിന്റെ വീടുകളിൽ ചെന്ന് കിട്ടുന്ന സഹായമാണ് നമ്മൾ വാങ്ങിക്കുന്നത്.

ഗോപു: അതും ശരിയാണ്. ഓണാഘോഷത്തിന്റെ അന്ന് പ്രോഗ്രാമുകൾ ഒക്കെ ഉണ്ടാവും അല്ലേ

രാമു: പ്രോഗ്രാം എല്ലാം ഉണ്ടാകും. എന്തേ നീ ഇത്തവണയും പാട്ട് പാടുന്നുണ്ടോ

ഗോപു: ഒരു കൈ നോക്കണം

രാമു: നീ പാടിക്കോ അതിന് കുഴപ്പമില്ല പക്ഷേ 20 മിനിറ്റ് ഒരേ സ്റ്റെപ്പ് മാത്രം ഉള്ള നിൻ്റെ ഡാൻസ് കളിക്കാൻ ആയിട്ട് അങ്ങോട്ട് വരരുത്..

ഗോപു: അതെന്താ നീ എന്നെ കളിയാക്കിയതാണോ

രാമു: കളിയാക്കിയതല്ല നിൻ്റെ ഡാൻസ് തുടങ്ങിയ സമയത്താണ് മുകളിലുള്ള ആളുകൾ എല്ലാവരും ഒരേ സമയം ആഹാരം കഴിക്കാനായി താഴത്തേക്ക് വന്നത് അവിടെ എല്ലാവർക്കും ഒരുമിച്ച് ഇരിക്കാനുള്ള സ്ഥലം ഇല്ലല്ലോ..

ഗോപു: ഈ വർഷവും എഴുപത്തി അഞ്ച് വയസ്സിന് മുകളിൽ പ്രായമുള്ള ആളുകളെ ആദരിക്കുന്നുണ്ടോ

രാമു: ഉണ്ട്…നിൻ്റെ ഓർമ്മയിൽ ആരെങ്കിലും ഉണ്ടെങ്കിൽ പറയണം

ഗോപു: ഒരാൾ ഉണ്ട്..

രാമു: ആര്

ഗോപു: നമ്മുടെ വേലായുധൻ ചേട്ടൻ..

രാമു: ഹ..അത് ശരിയാണല്ലോ…വേലായുധൻ ചേട്ടന് എഴുപത്തിയഞ്ച് വയസ്സ് ആയല്ലോ.

ഗോപു: പക്ഷേ നീ ചേട്ടനോട് ചോദിക്കണ്ട

രാമു: അതെന്താ

ഗോപു: പ്രായം കൂടുന്നത് ചേട്ടന് ഇഷ്ട്ടമല്ല. കഴിഞ്ഞ പത്ത് വർഷമായിട്ട് ആള് 65 വയസ്സിൽ ൽ തന്നെയാണ് നിൽക്കുന്നത്..
കലണ്ടർ കണ്ടുപിടിച്ചില്ലെങ്കിൽ എൻ്റെ പ്രായം കൂടില്ലായിരുന്നു എന്നാണ് വേലായുധൻ ചേട്ടൻ പറയുന്നത്.

രാമു: നാളെ മുതൽ കമ്മിറ്റി മെമ്പർമാർ വീടുകളിൽ വരും…ആരും കയ്യിൽ പൈസ ഇല്ല എന്ന് ഓർത്ത് വിഷമിക്കണ്ട…

ഗോപു: അതെന്താ

രാമു: എല്ലാവരുടെയും കയ്യിൽ സ്കാനർ കൊടുത്തിട്ടുണ്ട്…
അക്കൗണ്ടിൽ പൈസ ഉണ്ടായാലും മതി..

ഗോപു: എന്നാ ശരി ..നാളെ വീടുകളിൽ പോകുമ്പോൾ നീ വിളിക്ക്…ഞാനും നിൻ്റെ കൂടെ വരാം…

രാമു: ഹാ…ഞാൻ വിളിക്കാം…. അപ്പോൾ നമുക്ക് നാളെ കാണാം……

LEAVE A REPLY

Please enter your comment!
Please enter your name here