സുസ്ഥിരമായ ജീവിതശൈലി സന്ദേശവുമായി മലയാളി യുവാവിന്റെ സൈക്കിൾ യാത്ര മുംബൈയിലെത്തി

0

രാജ്യം മുഴുവൻ സൈക്കിളിൽ ചുറ്റിക്കറങ്ങാനുള്ള യാത്രയിലാണ് തൃശൂർ സ്വദേശിയായ ഫൈസൽ അബ്ദുള്ള. ഇതാദ്യമായാണ് ഫൈസൽ ഇത്തരമൊരു സാഹസിക യാത്രക്ക് പുറപ്പെടുന്നത്. സുസ്ഥിരമായ പുതിയൊരു ജീവിത ശൈലിയുടെ സന്ദേശം ഉയർത്തിപ്പിടിച്ചാണ് 400 ദിവസം നീണ്ടു നിൽക്കുന്ന നീണ്ട യാത്രക്ക് ഈ 37 കാരൻ പുറപ്പെട്ടിരിക്കുന്നത്. തൃശൂർ ജില്ലാ കളക്ടർ വി ആര്‍ കൃഷ്ണ തേജ ഐ‌എ‌എസ്, സബ് കളക്ടർ മുഹമ്മദ് ഷഫീക് ഐ എ എസ് എന്നിവർ ചേർന്നാണ് ജൂലൈ 16ന് യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്.

സുഹൃത്തുക്കളുടെയും അഭ്യുതയകാംക്ഷികളുടെയും പിന്തുണയാണ് ഫൈസലിന്റെ യാത്രയുടെ ഊർജം. അത്യാവശ്യം പാചകം ചെയ്യാനുള്ള സാമഗ്രഹികൾ ഒപ്പം കരുതിയിട്ടുണ്ടെങ്കിലും വിപരീത കാലാവസ്ഥ പലപ്പോഴും അസൗകര്യമാകാറുണ്ടെന്ന് ഫൈസൽ പറയുന്നു. യാത്രക്കിടയിൽ താൽക്കാലിക ടെന്റുകൾ തീർത്താണ് രാത്രിയെല്ലാം വിശ്രമിക്കുന്നത്.

മാറുന്ന ജീവിതശൈലി നൽകുന്ന പുത്തൻ പ്രതീക്ഷയുമായി ഫൈസലിന്റെ യാത്ര കഴിഞ്ഞ ദിവസമാണ് നവി മുംബൈയിലെത്തിയത്.

ന്യൂ ബോംബെ കേരള സമാജം നെരൂൾ

സാറ്റലൈറ്റ് നഗരത്തിലെ വിവിധ മലയാളി സമാജങ്ങൾ ഫൈസലിന് ഊഷ്മളമായ സ്വീകരണങ്ങൾ നൽകി.

ന്യൂ ബോംബെ കേരള സമാജം നെരൂൾ, കേരള സമാജം ഉൽവേ നോഡ് കൂടാതെ രാംഷെത്ത് താക്കൂർ ഇന്റർനാഷനൽ സ്പോർട്ട്സ് സ്റ്റേഡിയത്തിൽ നടന്ന സ്വതന്ത്ര ദിനാഘോഷ പരിപാടികളിലാണ് ഫൈസലിന് സ്വീകരണം നൽകിയത്.

രാജ്യത്തിൻറെ വൈവിധ്യമാർന്ന ഭൂപ്രകൃതികളിലൂടെയും സംസ്കാരങ്ങളിലൂടെയുമുള്ള സൈക്കിൾ യാത്രയുടെ ത്രില്ലിലാണ് ഫൈസൽ . ചരിത്രവും വിപ്ലവങ്ങളും കടന്നു പോയ കാലങ്ങളുടെ അവശേഷിപ്പുകളിലൂടെയുള്ള യാത്ര സുസ്ഥിരമായ പുതിയൊരു ജീവിത ശൈലിക്കുള്ള പരിവർത്തനം ആവശ്യപ്പെട്ടുകൊണ്ടുള്ള സ്വപ്ന യാത്രയാണെന്ന് ഫൈസൽ അബ്ദുള്ള പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here