മലയാളഭാഷയുടെ പരിണാമം എഴുത്തച്ഛന്‍റെ ആദ്ധ്യാത്മ രാമായണത്തിലൂടെയെന്ന് ആനന്ദ് നീലകണ്ഠന്‍

മീരാ റോഡിൽ പന്ത്രണ്ടാം മലയാളോത്സവം ഉദ്ഘാടനം

0

മലയാളഭാഷക്ക് വ്യക്തമായരൂപം കൈവന്നത് എഴുത്തച്ഛന്റെ അധ്യാത്മരാമായണത്തിന് ശേഷമാണെന്ന് പ്രമുഖസാഹിത്യകാരൻ ആനന്ദ് നീലകണ്ഠൻ.

മുംബൈയിൽ പന്ത്രണ്ടാം മലയാളോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

ഭാഷാപിതാവായ എഴുത്തച്ഛന് മുമ്പും മലയാളഭാഷയുണ്ടായിരുന്നെങ്കിലും മലയാളഭാഷയുടെ വികാസ സാധ്യതകളും പരിണാമവും അധ്യാത്മരാമായണത്തിന് ശേഷമാണെന്നും അന്നുണ്ടായിരുന്ന ജാതി വ്യവസ്ഥകളെ തകര്‍ത്തുകൊണ്ടാണ് എഴുത്തച്ഛന്‍ രാമായണത്തിന് രൂപം നല്‍കിയതെന്നും ആനന്ദ് നീലകണ്ഠൻ.പറഞ്ഞു.

മലയാള ഭാഷയുടെ ജനനം തന്നെ ഒരു വിപ്ലവത്തില്‍ കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ആ പാതയിലൂടെ മുന്നോട്ട് പോയവരാണ് കുഞ്ചന്‍ നമ്പ്യാരെപ്പോലുള്ള മറ്റു കവികളും സാമൂഹ്യപരിഷ്കര്‍ത്താക്കളായ ചട്ടമ്പി സ്വാമികള്‍, ശ്രീനാരായണഗുരു, സഹോദരന്‍ അയ്യപ്പന്‍, അയ്യങ്കാളി, വി.ടി. ഭട്ടതിരിപ്പാട് തുടങ്ങിയവരും. ആനന്ദ് നീലകണ്ഠൻ ചൂണ്ടിക്കാട്ടി

മലയാള ഭാഷയെ കൂടുതല്‍ സ്നേഹിക്കുകയും ഭാഷയുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ കേരളത്തിനു പുറത്തുള്ള മലയാളികളാണെന്ന യാഥാര്‍ത്ഥ്യം തെളിയിക്കുന്നതാണ് മലയാള ഭാഷാ പ്രചാരണ സംഘം പോലുള്ള സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ എന്നും അദ്ദേഹം പറഞ്ഞു.

മീരാ റോഡ്‌ ശ്രീനാരായണ മന്ദിര സമിതി ഹാളില്‍ വച്ച് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ മലയാള ഭാഷാ പ്രചാരണ സംഘം വൈസ് പ്രസിഡന്റ്‌ കെ.പവിത്രന്‍ അദ്ധ്യക്ഷം വഹിച്ചു. ജനറല്‍ സെക്രട്ടറി രാജന്‍ നായര്‍ സ്വാഗതമാശംസിച്ചു.

എം.എസ്.ദാസ് (പ്രസിഡന്റ്‌, മീരാ റോഡ്‌ മലയാളി സമാജം), സുമിന്‍ സോമന്‍ (സെക്രട്ടറി, ശ്രീനാരായണ മന്ദിര സമിതി മീരാ റോഡ്‌ – ദഹിസര്‍ യൂണിറ്റ്), കുട്ടിശങ്കരന്‍ (സാഹിത്യകാരന്‍) എന്നിവര്‍ പന്ത്രണ്ടാം മലയാളോത്സവത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു. “മഹാനഗരത്തിലെ മലയാളനാടിനെ വീണ്ടെടുക്കുക’ എന്ന ഉദ്ദേശ്യലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പന്ത്രണ്ടാം മലയാളോത്സവത്തിന്റെ ക്രമീകരണങ്ങളെക്കുറിച്ചും മലയാളോത്സവം കണ്‍വീനര്‍ അനില്‍പ്രകാശ് വിശദീകരിച്ചു.

മലയാളോത്സവം കണ്‍വീനര്‍മായ അനില്‍പ്രകാശ്, പ്രദീപ്‌ കുമാര്‍, പി.രാമചന്ദ്രന്‍ (ട്രെഷറര്‍, മലയാള ഭാഷാ പ്രചാരണ സംഘം), ഗിരിജാവല്ലഭന്‍ (പത്രാധിപര്‍, കേരളം വളരുന്നു – മുഖപത്രം), ശ്രീകല നമ്പ്യാര്‍ (പ്രസിഡന്റ്‌, മലയാള ഭാഷാ പ്രചാരണ സംഘം മീരാ റോഡ്‌ – ഭയന്ദര്‍ മേഖല), വിനോദ് നായര്‍ (സെക്രട്ടറി, മലയാള ഭാഷാ പ്രചാരണ സംഘം മീരാ റോഡ്‌ – ഭയന്ദര്‍ മേഖല), അപര്‍ണ ആനന്ദ് തുടങ്ങിയവരും വേദി പങ്കിട്ടു.

ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം വിവിധ മേഖലകള്‍ വര്‍ണപ്പകിട്ടാര്‍ന്ന കലാപരിപാടികള്‍ അവതരിപ്പിച്ചു. മലയാള ഭാഷാ പ്രചാരണ സംഘം ട്രെഷറര്‍ പി.രാമചന്ദ്രന്‍ നന്ദി പ്രകാശിപ്പിച്ചുകൊണ്ട് സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here