പുലികളിയുടെ താളത്തുടിപ്പോടെ ഇത്തവണ ഓണാഘോഷങ്ങൾ കൊടിയേറും.
സീവുഡ്സ് മലയാളി സമാജവും ഏഷ്യയിലെ തന്നെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ കോംപ്ലക്സുകളിലൊന്നായ നെക്സസ് മാളും കൈകൾ കോർത്ത് ഭീമൻ പൂക്കളവും കലാ സാംസ്ക്കാരിക പരിപാടികളും സംഘടിപ്പിക്കുന്നു.
വരുന്ന ആഗസ്ത് 26 ന് രാവിലെ പത്തര മുതൽ ഭീമൻ പൂക്കളം മാളിന്റെ അകത്തളത്തിൽ പൊതുജനങ്ങൾക്കായി പ്രദർശനത്തിന് ഒരുങ്ങും. അന്ന് വൈകീട്ട് നാലര മുതൽ ഒമ്പതര വരെ വിവിധ കലാപരിപാടികളും മാളിൽ അരങ്ങേറും.
സീവുഡ്സ് സമാജം ഇതാദ്യമായാണ് പുലികളി സംഘടിപ്പിക്കുന്നത്. മുമ്പ് തെയ്യവും കളരിപ്പയറ്റും കൊണ്ടുവന്ന സമാജം ഇത്തവണ നാട്ടിൽ നിന്നും പുലികളിയാണ് എത്തിക്കുന്നത്.

വേട്ടക്കാരനും പുലികളും അതിൻ്റെ തുടി താളവും സീവുഡ്സിൻ്റെ പൊതുനിരത്തുകളെ പ്രകമ്പനം കൊള്ളിക്കും.
മുഖ്യ അവതരണം മാളിനകത്താണ്.
ഓണവും കേരളവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഐതിഹ്യങ്ങളേയും ആസ്പദമാക്കി ഒരുക്കുന്ന ഓണം ഓപ്പുലൻസ് എന്ന കലാസന്ധ്യയിൽ മെഗാപ്പൂക്കളത്തിന് പുറമേ കഥകളി, പുലികളി മവേലിത്തമ്പുരാന്റെ സന്ദർശനം, ചെണ്ടമേളം, തിരുവാതിരക്കളി, മോഹിനിയാട്ടം, ഫ്യൂഷൻ നൃത്തം എന്നിവയുമുണ്ടാവും.
കൂടാതെ പരശുരാമൻ, വാമനൻ തുടങ്ങിയ നടന്നു നീങ്ങുന്ന വേഷങ്ങളും കലാസന്ധ്യയിൽ അണിനിരക്കും.
ഓണത്തെയും കേരള സംസ്ക്കാരത്തേയും അന്യസംസ്ഥാനക്കാർക്ക് പരിചിതമാക്കുന്ന രീതിയിലാണ് ഓണം ഓപ്പുലൻസ് ഒരുക്കിയിരിക്കുന്നത്.
ജാതി – മത – ദേശ – ഭാഷ – തൊഴിൽ – സമാജ സംഘടന – രാഷ്ട്ര – രാഷ്ട്രീയ ഭേദമന്യേ, സീവുഡ്സ് സമാജം വർഷങ്ങളായി സീവുഡ്സ് മാളിൽ ഭീമൻ പൂക്കളമൊരുക്കി പ്രളയബാധിതയായ കേരളത്തിന് കൈത്താങ്ങേകാനും മുന്നിട്ടിറങ്ങി വന്നിരുന്നു.
ശ്യാമസുന്ദരകേരകേദാര ഭൂമിയുടെ സാംസ്ക്കാരിക വൈവിധ്യത്തെ വിളിച്ചോതുന്ന രീതിയിലാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
റെക്കോഡിനരികെ എത്തുന്ന പൂക്കളമൊരുക്കുന്നത് സീവുഡ്സ് സമാജത്തിന്റെ നൂറിൽപ്പരം കലാകാരന്മാരാണ്.
മുംബൈയിലെ ഏറ്റവും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ ചെയ്യുന്ന സമാജങ്ങളിലൊന്നായ സീവുഡ്സ് മലയാളി സമാജം ഇത് നാലാം തവണയാണ് മെഗാപ്പൂക്കളമൊരുക്കുവാൻ സീവുഡ്സ് ഗ്രാൻറ് സെൻട്രൽ മാളുമായി കൈകോർക്കുന്നത്.
ഇതാദ്യമായാണ് ഓണം ഓപ്പുലൻസിൽ പുലികളിയും ഫ്യൂഷൻ നൃത്തവും അരങ്ങേറുന്നത്. കൂടുതൽ വിവരങ്ങൾക്ക് – പി ജി ആർ നായർ 9665982686/ രാജേഷ് നായർ 98331 82566
- മഹാനഗരത്തില് മലയാളത്തനിമയുടെ നൂപുരധ്വനികളുയര്ത്തി പശ്ചിമ മേഖല പന്ത്രണ്ടാം മലയാളോത്സവം
- കരിങ്കാളി നാടൻ പാട്ട് മെഗാ ഷോ ഡിസംബർ 2ന് കല്യാണിൽ
- നവിമുംബൈ മെട്രോ ; ഒരാഴ്ചയ്ക്കുള്ളിൽ ഒരു ലക്ഷത്തിലധികം യാത്രക്കാർ
- ബിഎസ്എൻഎൽ ജീവനക്കാരുടെ മനുഷ്യ ചങ്ങല നാളെ
- പരിഭ്രാന്തി പടർത്തി പൻവേലിൽ ഭൂചലനം