ഓണാഘോഷങ്ങളും ഓണക്കളികളും ഓണ സദ്യയുമായി നഗര കവാടത്തിൽ തിരുവോണത്തിന്റെ കാൽത്തളയൊച്ചകൾ

0

തെരുവോരങ്ങൾ ഓണപ്പകിട്ടിനാൽ സജീവമാണ് . ദക്ഷിണേന്ത്യക്കാരുടെ കടകളിൽ ഓണവിഭവങ്ങളും വാഴ കുലകളും ഓണത്തിന്റെ മധുരം മറ്റ് ദേശക്കാരിലും പകരുന്നു. ഓണത്തിന്റ പതിവുശീലായ വിലക്കയറ്റം പഴത്തിനും ഉപ്പേരികൾക്കും ഇത്തവണ ഉണ്ടായിട്ടില്ല എന്ന ആശ്വാസത്തിലാണ് മലയാളികൾ .

മഹാ നഗരത്തിന് മലയാണ്മയുടെ ഗന്ധവും ആചാരവും പകർന്ന് നൽകി പൊതുസ്ഥലങ്ങളിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഭീമൻ പൂക്കളങ്ങൾ ഒരുങ്ങുന്നുണ്ട്. സി.എസ്.ടി, പൻവേൽ, നെരുൾ , സാക്കിനാക്ക, ഡോമ്പിവലി. കല്യാൺ തുടങ്ങിയ ഓണസദ്യ ഒരുക്കുന്ന പതിവ് ഹോട്ടലുകൾ വിവിധ ഓഫറുകളുമായി കസ്റ്റമേഴ്സിനെ ആകർഷിക്കാനുള്ള തിരക്കിലാണ് . സ്വിഗ്ഗിയുടേയും സൊമാറ്റോവിന്റെയും കടന്ന് വരവ് മലയാളികളുടെ ഓണപ്പാച്ചിൽ കൂടുതൽ സുഗമമാക്കി. ചൂടുള്ള ഇഷ്ട വിഭവം മിനിട്ടുകൾക്കുള്ളിൽ ഊൺ മേശയിലെത്തുമ്പോൾ ഓണത്തിന്റെ പുതിയൊരു സംസ്കാരം രചിക്കപ്പെടുന്നു.

ഇത്തവണ ഓണത്തിന്റെ പിറ്റെന്ന് രക്ഷാബന്ധനും വരുന്ന സന്തോഷത്തിലാണ് മലയാളികൾ. ഓണത്തിന് അനുവദിച്ചു കിട്ടുന്ന ലീവിനൊപ്പം ഉത്രാടദിനമായ തിങ്കളാഴ്ച ഒരു ലീവ് കൂടി എടുത്താൽ ശനി, ഞായർ അടക്കം പലർക്കും 5 ദിവസത്തെ അവധി അനുഭവിക്കാം. ലോക്കൽ ട്രെയിനിലെ പതിവു യാത്രക്കാർക്ക് ഓണത്തിനേക്കാൾ സന്തോഷം ആ ആഴ്ച വണ്ടികളിൽ തിരക്കു കുറവായിരിക്കും എന്നതാണ്.

മഴയൊഴിഞ്ഞ ആകാശ പരപ്പിന് കീഴെ കൈ കൊട്ടിക്കളിയും പുലിക്കളിയും വടംവലിയും ഗൃഹാതുരത്വത്തിന്റെ പച്ചപ്പ് പകർന്ന് പ്രവാസിയുടെ നല്ലോർമ്മകളെ തൊട്ടുണർത്തുമ്പോൾ നഗര ജീവിതത്തിന്റെ ഉഷ്ണ മനസ്സുകളിൽ മഴ മേഘക്കുളിരിന്റെ ഇളം തെന്നൽ വീശുന്നു.

രാജൻ കിണറ്റിങ്കര

LEAVE A REPLY

Please enter your comment!
Please enter your name here