പുലികളിയും പൂവിളികളുമായി സീവുഡ്‌സ് സമാജത്തിന്റെ ഓണം ഒപ്പുലൻസ് വിസ്മയക്കാഴ്ചയായി

0

വയറിലും കാലിലും പുലിയുടെ നിറങ്ങളണിഞ്ഞു അരമണി കിലുക്കി പുലികളിക്കാർ നവി മുംബൈയിലിറങ്ങിയപ്പോൾ നഗരവാസികൾ ആദ്യമൊന്നു പകച്ചെങ്കിലും പിന്നെ അവരോടൊത്ത് ആടാനും പാടാനും തുടങ്ങി.

ഇതാദ്യമായാണ് മഹാനഗരത്തിലെ ഓണാഘോഷത്തിന് ആവേശം പകരാനായി കേരളത്തിൽ നിന്നുള്ള പുലിക്കളി സംഘമെത്തുന്നത്

ദുബായ് തുടങ്ങിയ വിദേശ രാജ്യങ്ങളിൽ പൂരാഘോഷവുമായി ബന്ധപ്പെട്ട് രണ്ടു മൂന്ന് വട്ടം പോയിട്ടുണ്ടെങ്കിലും മുംബൈയിൽ ആദ്യമായാണ് വരുന്നതെന്ന് സുധീർ പറഞ്ഞു. ശരീരമാസകലം പ്രത്യേക നിറങ്ങൾ കൊണ്ട് പുലി രൂപമുണ്ടാക്കാൻ നാല് മണിക്കൂർ എടുക്കുമെന്നാണ് പറയുന്നത്.

തൃശൂരിൽ നിന്നെത്തിയ കോട്ടപ്പുറം നിവാസികളായ കലാകാരന്മാർക്കും നഗരത്തിലെ ആദ്യ പ്രകടനം നൂതനാനുഭവമായി.

ഭീമാകാരമായ പൂക്കളവും അതിന്റെ അരികിൽ അരങ്ങേറിയ വർണ്ണാഭമായ നൃത്തനൃത്യങ്ങളും കണ്ടപ്പോൾ അവരെല്ലാം ആനന്ദത്തോടെ മൊഴിഞ്ഞു – ഹാപ്പി ഓണം.

മഹാനഗരത്തിൽ ഓണത്തിന്റെ വരവറിയിച്ച് നെക്സസ് സീവുഡ്‌സിൽ നടന്ന ഓണം ഒപ്പുലൻസ് പങ്കാളിത്തം കൊണ്ടും വൈവിധ്യം കൊണ്ടുമായാണ് ശ്രദ്ധേയമായത്.

സീവുഡ്സ് മലയാളി സമാജവും ഏഷ്യയിലെ തന്നെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ കോംപ്ലക്സുകളിലൊന്നായ നെക്സസ് മാളും കൈകൾ കോർത്ത് നടത്തിയ ഓണം ഒപ്പുലൻസ് മാളിന്റെ നടുത്തളത്തിൽ ഭീമൻ പൂക്കളവും അതിനു ചുറ്റും നടന്ന കലാപരിപാടികളും മലയാളികളുടെയും അന്യഭാഷക്കാരുടെയും ഹൃദയം കവർന്നു.

കുടയും ചൂടി മാവേലി നടന്നു വന്നതിനു പുറമെ നാട്ടിലെ വണ്ടിവേഷങ്ങളെ അനുസ്മരിപ്പിക്കുമാറ് നടന്നു നീങ്ങുന്ന നാല് ലക്ഷ്മീദേവി വേഷങ്ങളും മഴുവേന്തിയ പരശുരാമനും കുരുന്ന് വാമനനും മാളിന്റെ നടുത്തളത്തിലിറങ്ങിയപ്പോൾ നവി മുംബൈയിൽ ഓണം നേരത്തെ എത്തുകയായിരുന്നു.

ആഗസ്ത് 26 ന് രാവിലെ പത്തര മുതൽ ഭീമൻ പൂക്കളം മാളിന്റെ അകത്തളത്തിൽ പൊതുജനങ്ങൾക്കായി പ്രദർശനത്തിന് ഒരുങ്ങിയിരുന്നു. വൈകിട്ട് അഞ്ചു മുതൽ ഒമ്പതര വരെയാണ് വിവിധ കലാപരിപാടികളും മാളിൽ അരങ്ങേറിയത്.

ഓണവും കേരളവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഐതിഹ്യങ്ങളേയും ആസ്പദമാക്കി ഒരുക്കുന്ന ഓണം ഓപ്പുലൻസ് എന്ന കലാസന്ധ്യയിൽ മെഗാപ്പൂക്കളത്തിന് പുറമേ കഥകളി, പുലികളി മവേലിത്തമ്പുരാന്റെ സന്ദർശനം, ചെണ്ടമേളം, തിരുവാതിരക്കളി, മോഹിനിയാട്ടം, ഫ്യൂഷൻ നൃത്തം എന്നിവയാണ് കാണികളുടെ ഹൃദയം കവർന്നത്.

കൂടാതെ പരശുരാമൻ, വാമനൻ, ലക്ഷ്മിദേവിമാർ തുടങ്ങിയ നടന്നു നീങ്ങുന്ന വേഷങ്ങളും മാളിൽ ആശ്ചര്യം വിടർത്തി.

ഓണത്തെയും കേരള സംസ്ക്കാരത്തേയും അന്യസംസ്ഥാനക്കാർക്ക് പരിചിതമാക്കുന്ന രീതിയിലാണ് ഓണം ഓപ്പുലൻസ് ഒരുക്കിയിരിക്കുന്നത്.

ശ്യാമസുന്ദരകേരകേദാര ഭൂമിയുടെ സാംസ്ക്കാരിക വൈവിധ്യത്തെ വിളിച്ചോതുന്ന രീതിയിലാണ് പരിപാടികൾ ആസൂത്രണം ചെയ്തതത്. താലപ്പൊലികളുടെ നിരയുമായാണ് മാവേലിയേയും കൂട്ടരെയും മാളിലേക്ക് സ്വീകരിച്ചാനയിച്ചത്.

റെക്കോഡിനരികെ എത്തുന്ന പൂക്കളമൊരുക്കുന്നത് സീവുഡ്സ് സമാജത്തിന്റെ നൂറിൽപ്പരം കലാകാരന്മാരാണ്.

ഇതാദ്യമായാണ് ഓണം ഓപ്പുലൻസിൽ പുലികളിയും ഫ്യൂഷൻ നൃത്തവും ലക്ഷ്മിദേവിമാരും അരങ്ങേറുന്നത്.

മുംബൈയിലെ ഏറ്റവും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ ചെയ്യുന്ന സമാജങ്ങളിലൊന്നായ സീവുഡ്സ് മലയാളി സമാജം ഇത് നാലാം തവണയാണ് മെഗാപ്പൂക്കളമൊരുക്കുവാൻ സീവുഡ്സ് നെക്സസ് മാളുമായി കൈകോർക്കുന്നത്.

അവതാരകരായ സിന്ധു നായരും പി ആർ സഞ്ജയും ഇംഗ്ലീഷിലും ഹിന്ദിയിലും മറാത്തിയിലും മലയാളത്തിലുമായി മാളിൽ തടിച്ചു കൂടിയ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇതര ഭാഷക്കാരടങ്ങുന്ന ആയിരങ്ങൾക്കായി ഓണം ഒപ്പുലൻസ് പരിചയപ്പെടുത്തുമ്പോൾ കേരളത്തിന്റെ ദേശീയോത്സവം ഭാഷയുടെ അതിർവരമ്പുകൾ കടന്ന് ജനകീയോത്സവമായി മാറുകയായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here