ഡോംബിവ്‌ലി റെയിൽവേ സ്റ്റേഷൻ ഫൈവ് സ്റ്റാർ സൗകര്യങ്ങളോടെ മുഖം മിനുക്കുന്നു

0

സെൻട്രൽ റെയിൽവേ ലൈനിലെ ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷൻ എന്നറിയപ്പെടുന്ന ഡോംബിവ്‌ലി റെയിൽവേ സ്റ്റേഷൻ കാലങ്ങളായി വികസനം കാത്ത് കിടക്കുകയാണ്. റെയിൽവേ സ്റ്റേഷനിലെ യാത്രക്കാർക്ക് ആവശ്യമായ എല്ലാ ഫൈവ് സ്റ്റാർ സൗകര്യങ്ങളും ലഭ്യമാക്കാൻ റെയിൽവേ അഡ്മിനിസ്ട്രേഷൻ പദ്ധതിയിട്ടിരിക്കയാണ്. കഴിഞ്ഞ 20 വർഷത്തിനിടെ രണ്ടാം തവണയാണ് റെയിൽവേ സ്റ്റേഷൻ മുഖം മിനുക്കാൻ ഒരുങ്ങുന്നത്. ഇക്കുറി ആധുനീക സൗകര്യങ്ങളോടെയാണ് നവീകരണ പദ്ധതി.

മുംബൈ റെയിൽവേ വികസന ബോർഡ് മുഖേനയാകും പദ്ധതി പൂർത്തീകരിക്കുന്നത്. സെൻട്രൽ, വെസ്റ്റേൺ ലൈനുകളിലായി 17 റെയിൽവേ സ്റ്റേഷനുകളുടെ ആധുനീകവത്കരണമാണ് റെയിൽവേ ബോർഡ് പ്രഖ്യാപിച്ചിരിക്കുന്നത് . ഡോംബിവ്ലി, മുളുണ്ട്, റെയിൽവേ സ്റ്റേഷനുകളും ഈ പദ്ധതിയുടെ ഭാഗമാകും. ഇതിനായി 120 കോടിയുടെ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് റെയിൽവേയിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.

കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ഡോംബിവ്‌ലി റെയിൽവേ സ്റ്റേഷനിലെ കാലപ്പഴക്കം ചെന്ന ടിക്കറ്റ് കൗണ്ടർ,ചവിട്ട് പടികൾ എന്നിവ പുതിയ ഘടനയിൽ നിർമ്മിക്കുകയുണ്ടായി.

നിലവിൽ യാത്രക്കാരുടെ എണ്ണം വർദ്ധിക്കുന്നത് കണക്കിലെടുത്താണ് ആധുനിക സാങ്കേതിക വിദ്യയുടെ പിന്തുണയോടെ പഞ്ചനക്ഷത്ര സൗകര്യങ്ങൾ നൽകാൻ റെയിൽവേ തീരുമാനിക്കുന്നത്.

ഓട്ടോമാറ്റിക് സംവിധാനങ്ങൾ പ്രാബല്യത്തിൽ കൊണ്ട് വരാനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി. ഡോംബിവ്‌ലി റെയിൽവേ സ്റ്റേഷനിൽ നിന്ന് ദിവസവും ഏകദേശം 3 ലക്ഷം പേരാണ് യാത്ര ചെയ്യുന്നത്.

നഗരവികസനത്തിന്റെ ഭാഗമായി ഡോംബിവ്‌ലി റയിൽവേ സ്റ്റേഷനോട് ചേർന്ന ഇന്ദിരാ ചൗക്ക്, ബാജി പ്രഭു ചൗക്ക് മുതൽ നെഹ്‌റു റോഡ് വരെ വിശാലമായ ഒരു വാണിജ്യ സമുച്ചയം നിർമ്മിക്കാനും പദ്ധതിയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here