ഓൺലൈനിലും തരംഗമായി മുംബൈ ഗായികയുടെ നാടൻ പാട്ട്

0

മുംബൈയിലെ മലയാളി പ്രതിഭകൾക്കായി ആംചി മുംബൈ സംഘടിപ്പിച്ച ഗോൾഡൻ വോയ്‌സ് മ്യൂസിക് റിയാലിറ്റി ഷോയുടെ രണ്ടാം ഘട്ട മത്സരത്തിലാണ് മികച്ച പ്രകടനങ്ങളുമായി മുംബൈ ഗായിക നമിത മേനോൻ വിജയ കിരീടം സ്വന്തമാക്കിയത്.

ഇപ്പോഴിതാ നമിതയുടെ കൊഞ്ചി പറഞ്ഞ കഥക്ക് ആംചി മുംബൈ ഓൺലൈൻ പ്ലാറ്റ് ഫോമുകളിലും മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. യൂട്യൂബ് ചാനലിൽ ലോകമെമ്പാടുമുള്ള അഞ്ചു ലക്ഷത്തിലധികം പ്രേക്ഷകർ കണ്ട ഗാനത്തിന് ഫേസ്ബുക്കിൽ ഏഴു ലക്ഷത്തോളം കാഴ്ചക്കാരെയാണ് മൂന്ന് മാസം കൊണ്ട് നേടിയത്.

ആദ്യ സീസണിൽ പങ്കെടുക്കാൻ കഴിയാതെ പോയ നിരാശയെല്ലാം രണ്ടാം ഘട്ടത്തിലെ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങൾ കൊണ്ടാണ് നമിത മറി കടന്നത്

സിനിമാ ഗാനങ്ങൾ ആലപിച്ചിട്ടുണ്ടെങ്കിലും മത്സരവേദിയിൽ ആദ്യമായി നാടക ഗാനവും, നാടൻ പാട്ടും അവതരിപ്പിക്കാൻ കഴിഞ്ഞത് പരിശീലനവും ടീം അംഗങ്ങളിൽ നിന്ന് ലഭിച്ച പ്രോത്സാഹനവുമാണെന്ന് നമിത പറയുന്നു.

വിധികർത്താക്കളായിരുന്ന പ്രശസ്ത ഗായകനായ കാവാലം ശ്രീകുമാർ, സിനിമാ ടെലിവിഷൻ താരം ശ്രീധന്യ, പിന്നണി ഗായകരായ ശങ്കരൻ നമ്പൂതിരി, ബാബുരാജ് മേനോൻ, ഫോക്‌ലോർ അക്കാദമി പുരസ്‌കാര ജേതാവ് ജനാർദ്ദനൻ പുതുശ്ശേരി, കൂടാതെ ഏകോപനം നിർവഹിച്ച പി സത്യൻ (സ്വരലയ പാലക്കാട്) തുടങ്ങിയവർ നൽകിയ പിന്തുണയും പ്രോത്സാഹനവും മറക്കാനാകില്ലെന്ന് നമിത പറയുന്നു.

മത്സരത്തിന് മുൻപായി വാഷി കേരള ഹൌസിൽ നടന്ന നാടൻ പാട്ട് പരിശീലന കളരിയിൽ പങ്കെടുത്തതാണ് ആത്മവിശ്വാസം ഇരട്ടിപ്പിച്ചതെന്ന് നമിത പറഞ്ഞു. നാടൻ‍ പാട്ട് അവതരണത്തിനുള്ള നാടൻ കലാ അക്കാദമിയുടെ അവാർഡ് നേടിയ റംഷി പട്ടുവം, നാടൻ പാട്ട് കലാകാരനായ വിനയൻ കളത്തൂർ എന്നിവരാണ് പരിശീലന കളരി നയിച്ചത്.

നാടൻ പാട്ട് അവതരിപ്പിച്ചതിന് ശേഷം പ്രശസ്തരായ വിധികർത്താക്കളിൽ നിന്ന് ലഭിച്ച അഭിനന്ദനങ്ങൾ ഒരു ഗായിക എന്ന നിലയിൽ ലഭിച്ച അഭിമാന മുഹൂർത്തമായിരുന്നുവെന്നും നമിത പറയുന്നു.

വസായ് റോഡിൽ താമസിക്കുന്ന നമിത മേനോൻ മുംബൈയിലെ സംഗീത വേദികളിൽ സജീവമാണ്. നമിതയോടൊപ്പം തിളങ്ങിയ നിരവധി മലയാളി പ്രതിഭകൾ നഗരത്തിലുണ്ട്. ഇവർക്കെല്ലാം കൂടുതൽ വേദിയൊരുക്കി നഗരത്തിലെ മലയാളി സംഘടനകൾ പ്രോത്സാഹനം നൽകണം.

LEAVE A REPLY

Please enter your comment!
Please enter your name here