അടുക്കളയിൽ എലിക്കുഞ്ഞും പാറ്റയും; മുംബൈയിലെ ജനപ്രിയ ഭക്ഷണശാല സീൽ ചെയ്തു

0

മഹാരാഷ്ട്രയിലെ ഫുഡ് ആൻഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷൻ (എഫ്‌ഡിഎ) ഉദ്യോഗസ്ഥരുടെ റെയ്‌ഡിനെ തുടർന്നാണ് സൗത്ത് മുംബൈയിലെ അതി പ്രശസ്തമായ ബഡേമിയ ഭക്ഷണശാലക്ക് താഴ് വീഴുന്നത്

കൊളാബയിലെ താജ് ഹോട്ടലിന് പിന്നിലായി സ്ഥിതി ചെയ്യുന്ന ഭക്ഷണ ശാലക്ക് മുന്നിൽ രാത്രികാലങ്ങളിൽ അതി സമ്പന്നരുടെയും സെലിബ്രിറ്റികളുടെയും കാറുകളുടെ നീണ്ട നിര തന്നെ കാണാം. ഭക്ഷണ ശാലക്കുള്ളിൽ ഇരിപ്പടമില്ലാത്തതിനാൽ കാറിന്റെ ബോണറ്റിൽ വച്ചാണ് പലരും ഭക്ഷണം ആസ്വദിച്ചിരുന്നത്. തൊട്ടടുത്ത പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസിക്കുന്നവർ വരെ ഭക്ഷണത്തിനായി ഇവിടെയെത്തുക പതിവാണ്.

76 വർഷത്തെ പാരമ്പര്യമുള്ള സ്ഥാപനത്തിന്റെ മുംബൈയിലെ എല്ലാ കേന്ദ്രങ്ങളുടെയും പ്രവർത്തനം റദ്ദാക്കിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഈ ഭക്ഷണശാലക്ക് കഴിഞ്ഞ കുറെ വർഷങ്ങളായി ലൈസൻസും ഇല്ലെന്നാണ് എഫ്‌ഡിഎ കണ്ടെത്തിയിരിക്കുന്നത്

മുൻപ് ബാന്ദ്രയിലെ പ്രശസ്തമായ ഹോട്ടലിൽ നിന്ന് ചിക്കൻ വിഭവത്തിൽ എലിക്കുഞ്ഞിനെ കിട്ടിയത് വലിയ വാർത്തയായിരുന്നു. ഇതിന് പുറകെ ശുചിത്വവുമായി ബന്ധപ്പെട്ട് ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിൽ മുംബൈയിലെ പല ഭക്ഷണശാലകളിലും നടന്നു വരുന്ന പരിശോധനയുടെ ഭാഗമായാണ് ഇവിടെയും റെയ്‌ഡ്‌ നടത്തിയതെന്ന് എഫ്‌ഡിഎ ഉദ്യോഗസ്ഥൻ വിലാസ് ഇൻഗ്ലെ മാധ്യമങ്ങളോട് പറഞ്ഞു. റെയ്ഡിനിടെ, ഭക്ഷണശാലയുടെ അടുക്കളയിൽ പാറ്റകളെയും എലികളെയും കണ്ടെത്തിയതായും ഉദ്യോഗസ്ഥർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here