ഡോംബിവ്‌ലി കെട്ടിട ദുരന്തത്തിൽ രണ്ട് മരണം

അപകടാവസ്ഥയിൽ 30 കുടുംബങ്ങൾ ഒഴിഞ്ഞത് വൻ ദുരന്തം ഒഴിവാക്കി

0

താനെ ജില്ലയിൽ ഡോംബിവ്‌ലി ഈസ്റ്റിലെ ന്യൂ അയ്‌രെ റോഡിൽ സ്ഥിതി ചെയ്യുന്ന ആദിനാരായണ കൃപ എന്ന നാല് നില കെട്ടിടമാണ് തകർന്ന് വീണത്. അവശിഷ്ടങ്ങളിൽ കുടുങ്ങിയ മുതിർന്ന പൗരനുമടക്കം രണ്ടു പേരാണ് മരിച്ചത്.

രണ്ടാം നിലയിൽ താമസിച്ചിരുന്ന അരവിന്ദ് ഭട്കർ (70), ഗീതലോധ (54) എന്നിവരാണ് മരിച്ചത് .അരവിന്ദ് കിടപ്പുരോഗിയായിരുന്നു. ഭാര്യയ്ക്കും മകനും രക്ഷപ്പെടാനായി. അരവിന്ദിന്റെ ഭാര്യക്ക് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കല്യാൺ ഡോംബിവ്‌ലി മുനിസിപ്പൽ കോർപ്പറേഷൻ (കെഡിഎംസി) പരിധിയിലുള്ള ആദിനാരായണ കൃപ എന്ന കെട്ടിടത്തിന് 50 വർഷം പഴക്കമുണ്ട്. അപകടാവസ്ഥയിലായിരുന്ന കെട്ടിടത്തിൽ നിന്ന് താമസക്കാരുടെ ഒഴിയുവാനായി നഗരസഭ നോട്ടീസ് നൽകിയിരുന്നു. ഇടിഞ്ഞുവീഴുമ്പോൾ രണ്ട് കുടുംബങ്ങൾ മാത്രമാണ് കെട്ടിടത്തിൽ ഉണ്ടായിരുന്നതെന്നാണ് അറിയാൻ കഴിഞ്ഞത് .

മൂന്ന് കടകൾ അടക്കം 40 മുറികളുള്ള നാല് നിലകളുള്ള കെട്ടിടമാണ് വെള്ളിയാഴ്ച വൈകീട്ട് 4.30 ന് തകർന്നുവീണത്. കെട്ടിടം അനധികൃതമായി നിർമിച്ചതാണെന്ന് നഗരസഭ പറയുന്നു

2018 ൽ താമസക്കാർക്ക് ഒഴിഞ്ഞു പോകാനായി നോട്ടീസ് നൽകിയിരുന്നുവെന്ന് മുനിസിപ്പൽ കമ്മീഷണർ ഭൗസാഹെബ് ദാംഗ്‌ഡെ പറഞ്ഞു, പ്ലാസ്റ്ററിന്റെ കഷണങ്ങൾ വീഴുന്നുവെന്ന പരാതിയെ തുടർന്ന് വാർഡ് ഓഫീസർമാർ വെള്ളിയാഴ്ച കെട്ടിടം സന്ദർശിക്കുകയും താമസക്കാരോട് പുറത്തിറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. ഇവരിൽ മലയാളികൾ അടക്കം 30 കുടുംബങ്ങൾ ഒഴിഞ്ഞു പോയിരുന്നു. എന്നാൽ രണ്ടു കുടുംബങ്ങൾ ഒഴിയാൻ സമ്മതിച്ചില്ലെന്നാണ് ഓഫിസർമാർ പറയുന്നത്. താമസക്കാരെ ഒഴിപ്പിക്കാനായി എത്തിയ വാർഡ് ഓഫീസർമാർ മടങ്ങി പോയി അഞ്ച് മിനിറ്റിന് ശേഷമാണ് കെട്ടിടം തകർന്ന് വീണത് .

കെട്ടിടാവിശിഷ്ടങ്ങളിൽ നിന്ന് രാത്രി രാത്രി 9 മണിയോടെയാണ് രണ്ടു പേരെ മരിച്ച നിലയിൽ പുറത്തെടുത്തത്.

കെട്ടിടത്തിൽ നിന്ന് സാധന സാമഗ്രഹികളുമായി പുറത്തിറങ്ങി മണിക്കൂറുകൾക്ക് ശേഷം നടന്ന ദുരന്തത്തിന്റെ ഞെട്ടലിലാണ് താമസിച്ചിരുന്ന വാടകക്കാർ.

LEAVE A REPLY

Please enter your comment!
Please enter your name here