മുന്‍ കേരളാ മുഖ്യമന്ത്രിയും മനുഷ്യസ്‌നേഹിയുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ പേരില്‍ ഇന്ത്യയിലെ മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നു. ഓള്‍ മുംബൈ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ (All Mumbai Malayalee Association – AMMA) മുംബൈ പ്രവാസി മലയാളികളാണ് ഈ അവാര്‍ഡിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
രാജ്യത്തെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകയും മനുഷ്യാവകാശ പ്രവർത്തകയുമായ മേധാ പട്കറാണ് പ്രഥമ ഉമ്മന്‍ ചാണ്ടി പുരസ്‌കാരത്തിന് അര്‍ഹയായിരിക്കുന്നതെന്ന് ഓള്‍ മുംബൈ മലയാളി അസോസിയേഷന്റെ ചെയര്‍മാനും മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (MPCC) ജനറല്‍ സെക്രട്ടറിയും ലോക കേരള സഭാംഗവുമായ ജോജോ തോമസ് അറിയിച്ചു.
ഒക്ടോബര്‍ രണ്ടിന് മുംബൈയിലെ ഡോബിവ്‌ലി ഈസ്റ്റിലെ പട്ടീദാര്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരവിതരണം നടത്തുമെനന് ജോജോ തോമസ് അറിയിച്ചു.
രാജ്യസഭാ എം.പിയും ലോക്മത് ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററുമായ കുമാര്‍ കേത്കര്‍, മുന്‍ എംപിയും മുന്‍ പ്‌ളാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാനും മുംബൈ സര്‍വകലാശാല വൈസ് ചാന്‍സലറുമായ ബൂാല്‍ചന്ദ്ര മുംഗെക്കര്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്.
ഫലകവും പ്രശസ്തി പത്രവും കാഷ് അവാര്‍ഡും അടങ്ങുന്നതാണ് ഉമ്മന്‍ ചാണ്ടി അവാര്‍ഡ്. എല്ലാ വര്‍ഷവും ഈ അവാര്‍ഡ് ഉണ്ടായിരിക്കുമെന്നും ജോജോ തോമസ് അറിയിച്ചു.
മുംബൈ മലയാളികളുമായി അഭേദ്യമായ ബന്ധമായിരുന്നു ഉമ്മന്‍ ചാണ്ടിക്കുണ്ടായിരുന്നതെന്ന് ജോജോ അനുസ്മരിച്ചു. അദ്ദേഹം അവസാനം പങ്കെടുത്ത പൊതുപരിപാടികളിലൊന്നും മുബൈയിലായിരുന്നു. കൊറോണ രാജ്യമെങ്ങും പടര്‍ന്നു പിടിച്ച കാലത്ത് മുംബൈയില്‍ ഒറ്റപ്പെട്ടുപോയ മലയാളികളെ രക്ഷിച്ച് നാട്ടിലെത്തിക്കാന്‍ ഉറക്കമൊഴിഞ്ഞു പ്രവര്‍ത്തിച്ച ഉമ്മന്‍ ചാണ്ടിയോട് മുംബൈ മലയാളികള്‍ക്ക് തീരാത്ത കടപ്പാടാണെന്നും അതാണ് ഇത്തരമൊരു അവാര്‍ഡ്ഉ മ്മന്‍ ചാണ്ടിയുടെ പേരില്‍ ഏര്‍പ്പെടുത്താന്‍ പ്രേരകമായതെന്നും ജോജോ തോമസ് അറിയിച്ചു.

മേധാ പട്കര്‍ –
ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ വിദ്യാര്‍ഥിയായിരുന്ന മേധാ പട്കര്‍ നര്‍മ്മദാ ബചാവോ ആന്തോളനിലൂടെയാണ് ലോക ശ്രദ്ധ പിടിച്ചു പറ്റുന്നത്. നര്‍മ്മദാ നദിയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടു വരുന്നതോടെ വീടു നഷ്ടപ്പെടുന്ന മധ്യപ്രദേശ് മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലെ പതിനായിരക്കണക്കിന് ഗ്രാമീണര്‍ക്കു വേണ്ടിയാണ് മേധ ശബ്ദമുയര്‍ത്തിയത്. നാഷണല്‍ അലയന്‍സ് ഓഫ് പീപ്പിള്‍സ് മൂവ്‌മെന്റിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്. വേള്‍ഡ് കമ്മിഷന്‍ ഓഫ് ഡാംസ് ല്‍ അംഗമാണ്. ടൈം മാഗസിനിലെ 20-ാം നൂറ്റാണ്ടിലെ നൂറു ഹീറോകളില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടു. ബദല്‍ നോബല്‍ സമ്മാനം എന്നറിയപ്പെടുന്ന റൈറ്റ് ലൈവ്‌ലിഹുഡ് അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
ഓള്‍ മുംബൈ മലയാളി അസോസിയേഷന്‍- (All Mumbai Malayalee Association – AMMA)
മുംബൈ മലയാളിയും മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (MPCC) ജനറല്‍ സെക്രട്ടറിയുമായ ജോജോ തോമസ് 2011 ല്‍ സാമൂഹിക സാസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കായി തുടക്കമിട്ട സംഘടനയാണ് ഓള്‍ മുംബൈ മലയാളി അസോസിയേഷന്‍. മലയാളികളും മറാഠികളുടെയും സാംസ്‌കാരിക വിനിമയം ലക്ഷ്യമിട്ട് മഹാരാഷ്ട്ര മലയാളി എത്‌നിക് ഫെസ്റ്റിവല്‍ വര്‍ഷം തോറും നടത്തുന്നു. കേരള സര്‍ക്കാരിനു വേണ്ടി 2015 ല്‍ മുംബൈയില്‍ പൈതൃകോത്സവത്തിനു ചുക്കാന്‍ പിടിച്ചു. എല്ലാവര്‍ഷവും ലക്ഷക്കണക്കിന് ആള്‍ക്കാരെ ആകര്‍ഷിക്കുന്ന സി.എസ്.റ്റി റെയില്‍വേ സ്റ്റേഷനിലെ ഏറ്റവും വലിയ അത്തപ്പൂക്കളം ഓണനാളില്‍ കഴിഞ്ഞ എട്ടു വര്‍ഷങ്ങളായി ഇടുന്നത് ഈ സംഘടനയുടെ നേതൃത്വത്തിലാണ്.
തിരുവോണ നാളിൽ മദ്ധ്യ റെയിൽവേയിലെ ഏറ്റവും തിരക്കേറിയസ്റ്റേഷനുകളിൽ ഒന്നായ CSMT സ്റ്റേഷനിലാണ് റെയിൽവെയുടെ പ്രത്യേക അനുമതിയോടു കൂടി ഭീമൻ പൂക്കളം , ഓൾ മുംബൈ മെയാളി അസ്സോസിയേഷൻ (‘അമ്മ ) ഒരുക്കിവരുന്നത് . ലോകത്ത് ഏറ്റവും കൂടുതൽ ജനങ്ങൾ കാണുകയും സെൽഫിയെടുക്കുന്നതുമായ പൂക്കളം കൂടിയാണിത്.