മുംബൈ ലോക്കൽ ട്രെയിനിൽ ചാടി കയറുന്ന വനിതകൾ; വൈറൽ വീഡിയോ ചർച്ചയാകുന്നു

0

മുംബൈയുടെ ജീവനാഡിയാണ് ലോക്കൽ ട്രെയിനുകൾ. എന്നാൽ തിരക്കേറിയ ലോക്കൽ ട്രെയിനുകളിൽ കയറി പറ്റാനുള്ള പരക്കം പാച്ചിൽ ഞാണിന്മേൽ കളി പോലെ സാഹസം നിറഞ്ഞതാണ്. സ്റ്റേഷനിൽ ഓടിയെത്തുന്ന ലോക്കൽ ട്രെയിനുകളിൽ നിർത്തുന്നതിന് മുൻപ് തന്നെ കയറിപ്പറ്റാൻ ശ്രമിക്കുന്ന വനിതകളുടെ സമൂഹ മാധ്യമങ്ങളിൽ പങ്ക് വച്ച ദൃശ്യങ്ങളാണ്വലിയ ചർച്ചയായിരിക്കുന്നത്.

നഗരത്തിലെ ലോക്കൽ ട്രെയിനുകളിൽ സ്ഥിരമായി യാത്ര ചെയ്യുന്നവർക്കും സാഹചര്യത്തെക്കുറിച്ച് പരിചിതരായവർക്കും ഓടുന്ന ട്രെയിനുകളിൽ കയറുന്നതും ഇറങ്ങുന്നതുമെല്ലാം സാധാരണ കാഴ്ചയും അനുഭവവുമാണ്. എന്നാൽ സൈബർ ഇടത്തിൽ ഈ വീഡിയോ കണ്ട പലരും നെറ്റി ചുളിച്ചിരിക്കയാണ്. എത്രമാത്രം അപകടകരമായ സാഹചര്യങ്ങളിലൂടെയാണ് മുംബൈക്കാരുടെ ജീവിതം കടന്നു പോകുന്നതെന്ന രീതിയിലാണ് വീഡിയോ കണ്ടവർ പ്രതികരിച്ചിരിക്കുന്നത്.

എന്നാൽ വീഡിയോയോട് പ്രതികരിച്ചുകൊണ്ട്, മുംബൈയിൽ നിന്നുള്ള ഒരു വിഭാഗം യാത്രക്കാർ പറയുന്നത് പറഞ്ഞു, തങ്ങൾക്ക് ഇതല്ലാതെ വേറെ മാർഗ്ഗമില്ലെന്നാണ്. പത്തോ പതിനഞ്ചോ സെക്കൻഡുകൾ മാത്രമാണ് ഓരോ സ്റ്റേഷനുകളിലും നിർത്തുന്നത് . ഈ സമയത്തിനിടയിൽ ഉള്ളിൽ കയറി പറ്റാനുള്ള വെപ്രാളമാണ് ദൃശ്യങ്ങളിൽ കാണുന്നത്. വേറെ എന്ത് ചെയ്യാനാകുമെന്നാണ് പലരും ചോദിക്കുന്നത്. രാവിലെ സമയത്തിന് ഓഫീസിലും തിരിച്ച് വൈകീട്ട് വീട്ടിലെത്താനുമുള്ള പെടാപ്പാട് കാലങ്ങളായി തുടരുന്ന ഗതികേടാണെന്നും ചിലർ കുറിക്കുന്നു. ദൂരസ്ഥലങ്ങളിൽ ചുരുങ്ങിയ ചിലവിൽ വേഗത്തിലെത്താൻ ലോക്കൽ ട്രെയിൻ മാത്രമാണ് ആശ്രയമെന്നും വേറെ നിവൃത്തിയില്ലെന്നും ഇവർ കൂട്ടിച്ചേർക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here