നവതിയുടെ നിറവിൽ മലയാളത്തിന്റെ മഹാനടൻ

0

മലയാള സിനിമാ തറവാട്ടിലെ കാരണവരായ മധു നവതിയുടെ നിറവിൽ നിൽക്കുമ്പോൾ മുംബൈ മലയാളികൾ ഓർത്തെടുക്കുന്നത് മഹാനഗരം നൽകിയ സ്നേഹാദരവാണ്. ചലച്ചിത്ര മേഖലയിലെ പ്രശസ്തരായ മനോജ് കെ ജയൻ, ജഗദീഷ്, റസൂൽ പൂക്കുട്ടി തുടങ്ങിയവർ പങ്കെടുത്ത ‘മധു വസന്തം’ നടന്റെ സിനിമാ ജീവിതത്തിലെ കടന്നു പോയ വഴികൾ അനാവരണം ചെയ്യുന്നതായിരുന്നു

നഗരത്തിൽ നിരവധി വ്യക്തിബന്ധങ്ങൾ കാത്ത് സൂക്ഷിക്കുന്ന നടൻ മലയാള സിനിമയിൽ 55 വർഷം പൂർത്തിയാക്കിയ വേളയിലായിരുന്നു മധു വസന്തം എന്ന പരിപാടി മുംബൈ മലയാളി വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ചത്.

സിനിമയിലെത്തുന്നതിന് മുൻപേ തന്നെ മലയാള സാഹിത്യത്തിലെ മികച്ച സൃഷ്ടികളെല്ലാം വായിച്ചു തീർക്കുകയും, വായിച്ച പുസ്തകങ്ങളിലെ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവിസ്മരണീയമാക്കാൻ അവസരം ലഭിക്കുകയും ചെയ്ത ചുരുക്കം ചില നടന്മാരിലൊരാളാണ് മധു.

പരേതയായ ജയലക്ഷ്മിയാണ് മധുവിന്റെ ഭാര്യ. ഇവർക്ക് ഉമ എന്ന പേരിൽ ഒരു മകളുണ്ട്.

1959 ൽ ഹിന്ദി അധ്യാപകനായി ജോലി ചെയ്തിരുന്ന സമയത്താണ് ജോലിയുപേക്ഷിച്ച് മധു ഡൽഹിയിലെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ ചേരുന്നത്. ഈ കാലഘട്ടത്തിൽ തന്നെയാണ് രാമു കാര്യാട്ടുമായി സൌഹൃദത്തിലാവുന്നതും രാമു കാര്യാട്ടിന്റെ സിനിമയുടെ സ്ക്രീൻ ടെസ്റ്റിനായി മദിരാശിയിലെത്തുന്നതും. യാദൃശ്ചികമായാണ് അവിടെവെച്ച് ശോഭന പരമേശ്വരൻ നായർ നിർമ്മിച്ച ‘നിണമണിഞ്ഞ കാൽപ്പാടുകൾ’ എന്ന ചിത്രത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീടാണ് രാമു കാര്യാട്ടിന്റെ ‘മൂടുപടം’ എന്ന സിനിമയിൽ അഭിനയിക്കുന്നത്. അങ്ങനെ ശോഭന പരമേശ്വരൻ നായരും പി. ഭാസ്ക്കരനും ചേർന്ന് മാധവൻ നായരെ ‘മധു’വാക്കി മാറ്റി. പിന്നീട് അയാൾക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടേയില്ല.

നിണമണിഞ്ഞ കാൽപാടുകളിൽ തുടങ്ങി അവസാനമഭിനയിച്ച മമ്മൂട്ടിയുടെ ‘ വൺ’ എന്ന സിനിമയിലെ വേഷമടക്കം നാനൂറോളം ചിത്രങ്ങൾ. അര നൂറ്റാണ്ടായി മലയാള സിനിമയിൽ ജീവിച്ചുകൊണ്ടിരിക്കുന്നു, പുതിയ തലമുറയിലെ സിനിമാക്കാർക്ക് ഒരു വലിയ തുറന്ന പാഠപുസ്തകമായി

LEAVE A REPLY

Please enter your comment!
Please enter your name here