സൽമാൻ ഖാൻ ചിത്രം മികച്ചതല്ല ; ബോളിവുഡിൽ നല്ല എഴുത്തുകാരില്ലെന്ന് സലിം ഖാൻ

0

സൽമാൻ ഖാന്റെ ഏറ്റവും പുതിയ റിലീസ് രാധെ-യുവർ മോസ്റ്റ് വാണ്ടഡ് ഭായ് എന്ന ചിത്രത്തെ കുറിച്ച് പരാമർശിക്കുകയായിരുന്നു പ്രശസ്ത തിരക്കഥാകൃത്ത് സലിം ഖാൻ. കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയിൽ ഡിജിറ്റൽ റിലീസ് ചെയ്ത ചിത്രം കാഴ്ചക്കാരുടെ റെക്കോർഡുകൾ തകർത്തെങ്കിലും മോശം അവലോകനങ്ങൾക്ക് വഴിതുറന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു നടൻ സൽമാൻ ഖാന്റെ പിതാവ് സലിം ഖാൻ.

സൽമാന്റെ മുൻ ചിത്രങ്ങളുടെ ആവർത്തനം രാധേയിൽ ഉടനീളം നിരൂപകർക്ക് അനുഭവപ്പെടുന്നുണ്ടെന്ന് ഒരു പ്രാദേശിക മാധ്യമത്തോട് സംസാരിക്കവെ സലിം ഖാൻ പറഞ്ഞു. ഇതിന് മുമ്പുള്ള സൽമാൻ ചിത്രങ്ങളായ ദബാംഗ് 3 നന്നായിരുന്നുവെന്നും കൂടാതെ ബജ്രംഗി ഭൈജാൻ തികച്ചും വ്യത്യസ്തമാണെന്നും സലിം ഖാൻ കൂട്ടിച്ചേർത്തു.

വാണിജ്യ സിനിമൾക്ക് ചില ഉത്തരവാദിത്തങ്ങൾ ഉണ്ടെന്നും സലിം ഖാൻ സൂചിപ്പിച്ചു. ചിത്രവുമായി ബന്ധപ്പെട്ട ഓരോ വ്യക്തിക്കും, കലാകാരന്മാർ മുതൽ നിർമ്മാതാക്കൾ, വിതരണക്കാർ, എക്സിബിറ്റർമാർ, വരെയുള്ളവർക്ക് പണം ലഭിക്കണം. സിനിമ വാങ്ങുന്നയാൾക്കും പ്രദര്ശിപ്പിക്കുന്നവർക്കും പണം ലഭിക്കണം, അതാണ് സിനിമയെ നിലനിർത്തുന്ന പ്രധാന ഘടകമെന്നും സലിം ഖാൻ പറഞ്ഞു.

ഇന്ന് ഹിന്ദി സിനിമ നേരിടുന്ന വെല്ലുവിളി ആശയ ദാരിദ്ര്യമാണെന്നും നിലവിൽ നല്ല എഴുത്തുകാരുടെ അഭാവമാണ് നിലവാരം കുറയാൻ കാരണമെന്നും സലിം ഖാൻ കുറ്റപ്പെടുത്തി. ഹിന്ദി, ഉറുദു തുടങ്ങിയ ഭാഷയിലെ സാഹിത്യങ്ങൾ വായിക്കാത്തതാണ് ഇതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. വിദേശ ചിത്രങ്ങൾ കണ്ടു ചുളുവിൽ ദേശീയവത്ക്കരിക്കാനാണ് പലരും ശ്രമിക്കുന്നത്. സഞ്ജീർ, ഷോലെ തുടങ്ങിയ ചിത്രങ്ങൾ ഇന്ത്യൻ സിനിമയുടെ നാഴികക്കലുകളായി തുടരുന്നത് തിരക്കഥയുടെ ശക്തി കൊണ്ടാണെന്നും സലിം പറഞ്ഞു. സലിം-ജാവേദ് കൂട്ടുകെട്ടിന് ശേഷം ഇവർക്ക് പകരം വയ്ക്കാൻ എഴുത്തുകാരില്ലാതെ പോയതാണ് ബോളിവുഡിന്റെ ശാപമെന്നും സലിം ഖാൻ പറയാതെ പറയുകയായിരിന്നു.

LEAVE A REPLY

Please enter your comment!
Please enter your name here