അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി

0

അഞ്ച് ദിവസം മാത്രം പ്രായമായ പെൺകുഞ്ഞിനെ ഘാൻസോളിയിൽ ഉപേക്ഷിച്ച് പോയ അജ്ഞാതർക്കെതിരെ കോപാർഖൈറനെ പോലീസ് കേസെടുത്തു. കുട്ടിയെ പ്ലാസ്റ്റിക് ബാഗിലാക്കി ഉപേക്ഷിച്ചതായാണ് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.

കുട്ടിയുടെ കരച്ചിൽ കേട്ട് സമീപത്തുള്ള ജിംനേഷ്യം ഉടമ അന്വേഷിച്ചപ്പോഴാണ് പ്ലാസ്റ്റിക് സഞ്ചിയിൽ പൊതിഞ്ഞ ചോരക്കുഞ്ഞിനെ കണ്ടത്. തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസ് കുട്ടിയെ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷം നെരൂളിലെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കുട്ടി ഇപ്പോൾ സുഖമായിരിക്കുന്നു.

കെട്ടിടത്തിന്റെ പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചപ്പോൾ അജ്ഞാതനായ ഒരാൾ ബാഗുമായി വന്ന് റാക്കിൽ കുഞ്ഞിനെ ഉപേക്ഷിച്ച് സ്ഥലം വിടുന്നതായി കണ്ടെത്തി. ഇയാൾ മുഖത്ത് മാസ്ക് ധരിച്ചിരുന്നു.

ഇയാൾക്കെതിരെ സെക്ഷൻ 317 പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കോപാർഖൈറനെ പോലീസ് സ്റ്റേഷനിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ, ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

നവജാത ശിശുവിന്റെ വിശദാംശങ്ങൾ ലഭിക്കാൻ സമീപത്തുള്ള ആശുപത്രികളിൽ പരിശോധന നടത്തുകയാണ്. നവജാത ശിശുക്കളുടെ അമ്മമാരുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ആവശ്യമെങ്കിൽ ആശാ വർക്കർമാരുടെ സഹായവും സ്വീകരിക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here