കനൽത്തുരുത്തുകൾ; സ്ത്രീജീവിതത്തിന്റെ വിവിധ ഭാവങ്ങൾ പകർന്നാടിയ നാടകമെന്ന് പ്രശസ്ത എഴുത്തുകാരി മാനസി

0

മുംബൈ മലയാള നാടകവേദി ഒരു ചരിത്ര മുഹൂർത്തത്തിനാണ് ‘കനൽത്തുരുത്തുകൾ’ എന്ന വനിതാ നാടകത്തിലൂടെ സാക്ഷ്യം വഹിച്ചിരിക്കുന്നതെന്ന് പ്രശസ്ത എഴുത്തുകാരിയും കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ മാനസി പറഞ്ഞു.

മുംബൈയിലെ ദൃശ്യകലയും തിരുവനന്തപുരം ആസ്ഥാനമായ നിരീക്ഷയും സംയുക്തമായി സംഘടിപ്പിച്ച ആദ്യ വനിതാ നാടകവേദി അരങ്ങിലെത്തിച്ച ‘കനൽത്തുരുത്തുകൾ’ പകർന്നാടിയ നാടകാനുഭവം പങ്ക് വയ്ക്കുകയായിരുന്നു മലയാളത്തിന്റെ പ്രിയ എഴുത്തുകാരി.

സാമൂഹിക മുന്നേറ്റങ്ങളുടെ സാംസ്കാരിക മണ്ഡലത്തിൽ നാടകം നടത്തുന്ന ചലനങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചിട്ടുള്ള തനിക്ക് മുംബൈയിലെ ആദ്യ വനിതാ നാടക വേദിയുടെ ചുവടുവയ്പ്പ് ഏറെ സന്തോഷം പകർന്നുവെന്നും മാനസി പറഞ്ഞു .

മുംബൈയിലെ നാൽപ്പതോളം വനിതകളെ പങ്കെടുപ്പിച്ചു കൊണ്ട് നാല് ശില്പശാലകളിലൂടെ ഉരുത്തിരിഞ്ഞ പ്രകടമായ അഭിപ്രായങ്ങളിലൂടെ ഊറ്റിയെടുത്ത നാടകം പക്ഷെ റിയലിസ്റ്റിക് തലത്തിലല്ല രൂപപ്പെടുത്തിയതെന്നും മാനസി ചൂണ്ടിക്കാട്ടി. പകയും മോഹഭംഗങ്ങളും വെറുപ്പും വിഭ്രാന്തികളുമടങ്ങുന്ന സ്ത്രീജീവിതത്തിന്റെ വിവിധ ഭാവങ്ങൾ പല കോണുകളിൽ നിന്നും വീക്ഷിച്ചു കൊണ്ടുള്ള കൊളാഷ് രൂപത്തിലാണ് രാജേശ്വരിയുടെ രചനയെന്നും മാനസി വിലയിരുത്തി.

ജീവിതത്തിൽ വ്യത്യസ്തമായ അനുഭവങ്ങളിലൂടെ കടന്നു പോകുന്ന സ്ത്രീകളെ രംഗഭാഷയിലൂടെ മികച്ച രീതിയിൽ പകർന്ന് നൽകാൻ സംവിധായിക സുധി ദേവയാനിക്ക് കഴിഞ്ഞുവെന്നും മാനസി പറഞ്ഞു

മുംബൈയിലെ ആദ്യ വനിതാ മലയാളനാടക വേദി ഒരുക്കിയ ‘കനൽത്തുരുത്തുകൾ’ സെപ്റ്റംബർ 24-നാണ് നവിമുംബൈയിലെ വാഷിയിലെ സിഡ്‌കോ ഹാളിൽ അരങ്ങേറിയത്. അരങ്ങിലും അണിയറയിലുമായി നാൽപ്പതോളം കലാകാരികളാണ് അണി നിരന്നത്. ഈ വനിതാ നാടകമുന്നേറ്റത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദുവാണ്. ഒരുവർഷമായി ദൃശ്യകലാ ഫൗണ്ടേഷനും നിരീക്ഷയും സംയുക്തമായി നാലു വനിതാ നാടക ശില്പശാലകൾ സംഘടിപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here