ഓണാഘോഷവും ഓണസദ്യയും പ്രിയപ്പെട്ടതെന്ന് ചലച്ചിത്ര നടി പല്ലവി പുരോഹിത്

0

കേരളീയ കലകളുടെ സംഗമവേദികളാണ് ഓണാഘോഷ പരിപാടികളെന്നും ഓണസദ്യ തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും ചലച്ചിത്ര നടി പല്ലവി പുരോഹിത് പറയുന്നു. ബോറിവ്ലി മലയാളി സമാജം സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു പല്ലവി.
മലയാളത്തിൽ സൂപ്പർ താരങ്ങളായ മമ്മൂട്ടി മോഹൻലാൽ എന്നിവരോടൊപ്പം അഭിനയിച്ചിട്ടുള്ള പല്ലവി ഹിന്ദി, കന്നഡ സിനിമകളിലും സീരിയലുകളിലും സജീവമാണ്.

മുംബൈ നോർത്ത് ലോക്‌സഭയിൽ നിന്നുള്ള എംപി ഗോപാൽ ഷെട്ടി, ബോറിവലി എംഎൽഎ സുനിൽ റാണെ, മുംബൈ കോൺഗ്രസ് ജനറൽ ട്രഷറർ ഭൂഷൺ പാട്ടീൽ, ബിജെപി വക്താവും നോർത്ത് മുംബൈ ജില്ലാ ബിജെപി പ്രസിഡന്റുമായ ഗണേഷ് ഖങ്കർ തുടങ്ങിയ പ്രമുഖരെ കൂടാതെ വിദേശികൾ അടക്കമുള്ള വിശിഷ്ടാതിഥികൾക്കും വിസ്മയക്കാഴ്ചയായി മലയാളി സമാജം ഒരുക്കിയ ഓണാഘോഷ പരിപാടികൾ.

ആറ് പതിറ്റാണ്ട് പിന്നിടുന്ന ബോറിവ്‌ലി മലയാളി സമാജം കലാ സാഹിത്യ വിദ്യാഭ്യാസ രംഗത്തെ പ്രവർത്തന മികവ് കൊണ്ട് മുംബൈയിലെ മുൻനിര സമാജമായി മാറിയ സന്തോഷം സെക്രട്ടറി അനിൽകുമാർ പങ്ക് വച്ചു.

ജീവിതത്തിൽ ഒറ്റപ്പെട്ടു പോയതോടെ ആശ്രയകേന്ദ്രങ്ങളിൽ അഭയം തേടിയ നിർധനരെ ചേർത്ത് പിടിക്കുന്നതിന്റെ ഭാഗമായി സപ്തസ്വര എന്നൊരു ആശയവും സമാജം മുന്നോട്ട് വച്ചിട്ടുണ്ടെന്ന് അനിൽകുമാർ പറഞ്ഞു

സാമൂഹിക പ്രതിബദ്ധതയോടെയുള്ള സമാജത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നിരവധി നിർധനർക്കാണ് കൈത്താങ്ങാകുന്നതെന്ന് പ്രസിഡന്റ് ശ്രീരാജ് പറഞ്ഞു

വിദ്യാഭ്യാസ രംഗത്ത് മികച്ച സംഭാവനകൾ നൽകി വരുന്ന സമാജം നിരവധി നൂതന പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് വൈസ് പ്രസിഡന്റ് ബാബുരാജ് പറഞ്ഞു.

Click here to view more photos of the event

താലപ്പൊലിയേന്തിയ വനിതകളുടെ അകമ്പടിയോടെ മഹാബലിയെ വേദിയിലേക്ക് ആനയിച്ചാണ് ആഘോഷ പരിപാടികൾക്ക് തുടക്കമിട്ടത്.

കള്ളവും ചതിയുമില്ലാത്ത, എല്ലാവരും സഹോദര്യത്തോടെ കഴിഞ്ഞിരുന്ന കാലത്തെ ഓർമ്മപ്പെടുത്തുന്ന കലാപരിപാടികളുമായാണ് പുതിയ തലമുറ ഓണാഘോഷ വേദിയെ സമ്പന്നമാക്കിയത്

മാവേലി കാലഘട്ടത്തിന്റെ പ്രൗഢി വിളിച്ചോതുന്ന സാംസ്‌കാരിക പരിപാടികൾ കൊണ്ട് സമ്പന്നമായിരുന്നു സമാജത്തിന്റെ ഓണപ്പന്തൽ

പഴയകാല ചാരുതയുടെ സാരാംശം ക്രിയാത്മകമായി പകർന്നാടുകയായിരുന്നു പുതിയ തലമുറയിലെ കുട്ടികൾ.

ദൃശ്യ മികവ് പുലർത്തിയ കലാ പരിപാടികളിലൂടെ കഴിഞ്ഞ കാലഘട്ടത്തിന്റെ മഹത്വം അനാവരണം ചെയ്യുകയായിരുന്നു ഇവരെല്ലാം

കാസർകോട് മുതൽ കന്യാകുമാരി വരെയുള്ള എല്ലാ കലാരൂപങ്ങളുടെയും സാരാംശം ഉൾക്കൊള്ളുന്ന ന്യൂ ജെൻ ശൈലിയിലുള്ള പരിപാടികളാണ് അരങ്ങേറിയത്

ഇതര ഭാഷക്കാരോടൊപ്പം വിദേശികൾക്കും ബോറിവ്‌ലി സമാജം ഒരുക്കിയ ഓണാഘോഷം വിസ്മയക്കാഴ്ചയായി

നവീൻ രവീന്ദ്രൻ, ആനന്ദ് ബാബുരാജ്, സോന സജീഷ്, ജയലക്ഷ്മി നായർ എന്നിവരടങ്ങുന്ന യുവനിരയാണ് ചടങ്ങുകൾ നിയന്ത്രിച്ചത്

നൂതന നൃത്ത ചുവടുകളുമായാണ് മലയാളി സമാജം വനിതാ വിഭാഗം അവതരിപ്പിച്ച കൈകൊട്ടിക്കളിയും ശ്രദ്ധ നേടിയത്

LEAVE A REPLY

Please enter your comment!
Please enter your name here