കണ്ണൂർ സ്‌ക്വാഡ് സൂപ്പർഹിറ്റ്; വിജയം ആഘോഷിച്ച് മമ്മൂട്ടി കമ്പനി

0

തുടക്കം മുതൽ തന്നെ കാണികളിൽ ആകാംക്ഷ നിലനിർത്തിയാണ് മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ത്രില്ലർ ബോക്സ് ഓഫീസിൽ വിജയക്കൊടി പാറിക്കുന്നത് . കൊട്ടിഘോഷങ്ങളിലാതെ തീയേറ്ററുകളിലെത്തിയ ചിത്രം ആദ്യ ഷോ കഴിഞ്ഞപ്പോൾ തന്നെ പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു.

ചിത്രത്തിന്റെ വിജയം കൊച്ചിയിലെ വീട്ടിൽ വച്ചാണ് മമ്മൂട്ടിയും അണിയറ പ്രവർത്തകരും സുഹൃത്തുക്കളും ചേർന്ന് ഇന്ന് ആഘോഷിച്ചത്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിച്ചത്.

മലയാളത്തിന് മറ്റൊരു മികച്ച പൊലീസ് സ്റ്റോറി സമ്മാനിച്ചുകൊണ്ടാണ് കണ്ണൂർ സ്ക്വാഡിന്റെ വരവ്. ഒരേസമയം ‘കണ്ണൂർ സ്ക്വാഡ്’ മികച്ചൊരു ക്രൈം ത്രില്ലറും മികച്ചൊരു റോഡ് മൂവിയുമാണ്. കുറ്റവാളികളെ വേട്ടയാടാനുള്ള ഓട്ടം. കയ്യടക്കമുള്ള അഭിനയവുമായി മമ്മൂട്ടി ‘എഎസ്ഐ ജോർജ് മാർട്ടിനി’ലൂടെ വീണ്ടുമൊരു മികച്ച പൊലീസ് വേഷവുമായി തിയറ്ററുകളിൽ തരംഗം സൃഷ്ടിക്കാനിറങ്ങുകയാണ്.

ഫെബ്രുവരിയിൽ മുംബൈയിൽ നടന്ന കെയർ ഫോർ മുംബൈ മെഗാ ഷോയിൽ പങ്കെടുത്ത മമ്മൂട്ടി പുണെയിലും മുംബൈയുമായി ചിത്രീകരിച്ച കണ്ണൂർ സ്ക്വാഡ് പൂർത്തിയാക്കിയ ശേഷമാണ് കേരളത്തിലേക്ക് മടങ്ങിയത്. ഇതിനായി ഒരു മാസത്തോളം മുംബൈയിലും പുണെയിലുമായി ചിലവഴിച്ച മമ്മൂട്ടി യാത്രയ്ക്കായി കേരളത്തിൽ നിന്ന് സ്വന്തം കാർ പ്രത്യേക ട്രക്കിലാണ് ലക്ഷങ്ങൾ ചിലവിട്ട് മുംബൈയിലെത്തിച്ചത്. കാറിൽ സ്വയം ഡ്രൈവ് ചെയ്ത് പുണെ എക്സ്പ്രസ്സ് വേയിലൂടെ പോകുന്ന മമ്മൂട്ടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

വളരെ വൃത്തിയുള്ള പൊലീസ് കഥയാണ് കണ്ണൂർ സ്ക്വാഡിന്റേത്. ഛായാഗ്രാഹകനായ റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം സാങ്കേതികത്തികവുള്ളതാക്കാൻ പരമാവധി അധ്വാനിച്ചിട്ടുണ്ട്. അതു സ്ക്രീനിൽ കാണാനുമുണ്ട്. ഒരു കുറ്റകൃത്യം സംഭവിച്ചാൽ സാധാരണയായി പൊലീസ് ക്രൈം സ്ക്വാഡ് പിന്തുടരുന്ന അന്വേഷണരീതികൾ യഥാർഥത്തിൽ എങ്ങനെയാണോ, അതേ രീതിയിൽ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ, ഡോക്യുമെന്ററിയിലേക്ക് വഴിമാറിപ്പോവാതെ, വേണ്ട സ്ഥലങ്ങളിൽ കൃത്യമായ ഹീറോയിസം കാണിച്ചു കാണികളെ ത്രില്ലടിപ്പിച്ച് സിനിമയെ മുന്നോട്ടുകൊണ്ടുപോവുന്നതിൽ സംവിധായകനും തിരക്കഥാകൃത്തും കയ്യടിയർഹിക്കുന്നുണ്ട്. ഏറെ ശ്രദ്ധയോടെ സമയമെടുത്ത് തയാറാക്കിയ തിരക്കഥയാണ് ചിത്രത്തിന്റെ നട്ടെല്ലെന്ന് നിസ്സംശയം പറയാം.

LEAVE A REPLY

Please enter your comment!
Please enter your name here