ഗോവിന്ദനുണ്ണിയുടെ ആദ്യ നോവൽ ഒക്ടോബർ 15ന് പ്രകാശനം ചെയ്യുന്നു

0

മുംബൈയിലെ അറിയപ്പെടുന്ന എഴുത്തുകാരൻ ഗോവിന്ദനുണ്ണിയുടെ ആദ്യ നോവൽ ‘കടൽനായ്ക്കൾ’ ഒക്ടോബർ 15ന് പ്രകാശനം ചെയ്യുന്നു.

മുംബൈ എഴുത്തുകൂട്ടം സംഘടിപ്പിക്കുന്ന ചടങ്ങിൽ മാധ്യമ പ്രവർത്തകൻ പ്രേംലാൽ പ്രകാശന കർമ്മം നിർവഹിക്കും. ആദ്യ കോപ്പി പ്രശസ്ത എഴുത്തുകാരൻ കണക്കൂർ ആർ സുരേഷ് കുമാർ ഏറ്റു വാങ്ങും

സന്തോഷ് കോലാരത്ത് പുസ്തകം പരിചയപ്പെടുത്തും

സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരായ ഗിരിജാ വല്ലഭൻ, മനോജ് മുണ്ടയാട്ട്, പ്രേമരാജൻ നമ്പ്യാർ, പി വിശ്വനാഥൻ, ഡോ.ശശികല പണിക്കർ, മായാദത്ത്, രവി വാര്യത്ത്‌, സുരേഷ്‌കുമാർ കൊട്ടാരക്കര തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിക്കും.

തൃശൂർ ചേലക്കര പുലാക്കോട് സ്വദേശിയായ ഗോവിന്ദനുണ്ണി അളഗപ്പ യൂണിവേഴ്സിറ്റിയിൽ നിന്നും ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയാണ് നാവികസേനയിൽ ചേരുന്നത്. മുംബൈയിൽ സ്ഥിരതാമസം. ആനുകാലികങ്ങൾ കൂടാതെ രണ്ടു ചെറുകഥാ സമാഹാരങ്ങൾ ഏതാനും സംയുക്ത കഥാസമാഹാരങ്ങൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഗ്രന്ഥകർത്താവിന്റെ നാവിക ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള കഥാപാത്രങ്ങളും സംഭവങ്ങളും അനുഭവങ്ങളും കോർത്തിണക്കിയ നോവൽ ഒരു സാങ്കൽപ്പിക ആത്മകഥയായി വിശേഷിപ്പിക്കാനാണ് ഇഷ്ടമെന്ന് ഗോവിന്ദനുണ്ണി പറയുന്നു. അകാലത്തിൽ വിട പറഞ്ഞ ഏട്ടനും , മേൽവിലാസം പോലും അവശേഷിക്കാതെ നഷ്ടമായ കുറെയേറെ സൗഹൃദങ്ങൾക്കുള്ള സമർപ്പണം കൂടിയാണ് തന്റെ പുതിയ രചനയെന്നും ഗോവിന്ദനുണ്ണി കോറിയിടുന്നു. മാറിയ കാലത്തെ വായനാഭിരുചി മുൻനിർത്തി 240 പേജിൽ പൂർത്തിയാക്കിയ നോവൽ കൊല്ലം സുജിലി പബ്ലിഷേഴ്സ് ആണ് പ്രസിദ്ധീകരിക്കുന്നത്.

സപ്തതിയുടെ നിറവിൽ നിൽക്കുന്ന ഗോവിന്ദനുണ്ണിയുടെ സൗഭാഗ്യ ജീവിതത്തിന്റെ ആഘോഷ വേദി കൂടിയാകും ചടങ്ങെന്ന് അക്ഷരക്കൂട്ടം പ്രസിഡന്റ് ജ്യോതിലക്ഷ്മി നമ്പ്യാർ, സെക്രട്ടറി സുരേഷ് നായർ എന്നിവർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here