കൊളാബയിലെ ചേരി പ്രദേശങ്ങളിൽ റേഷൻ കിറ്റുകൾ വിതരണം ചെയ്തു കെയർ 4 മുംബൈ

0

ദക്ഷിണ മുംബൈയിലെ കൊളാബ, കഫെ പരേഡ് തുടങ്ങിയ പ്രദേശങ്ങളിലെ ചേരികളിൽ താമസിക്കുന്ന മുന്നൂറിലധികം കുടുംബങ്ങൾക്കാണ് നഗരത്തിലെ മലയാളി സംഘടനയായ കെയർ 4 മുംബൈ കൈത്താങ്ങായത്. കോവിഡ് പൊട്ടിപുറപ്പെട്ടതോടെ ദുരിതത്തിലായ ഏറ്റവും ദുർഘടമായ സാമ്പത്തിക സാഹചര്യങ്ങളിൽ ജീവിക്കുന്ന ചേരി നിവാസികളെ കണ്ടെത്തിയാണ് ഇവർക്കായി റേഷൻ കിറ്റുകൾ വിതരണം ചെയ്തത്.

കൊളാബയിലെ എൻ‌ജി‌ഒകളിൽ നിന്നും കൊളബ മലയാളി അസോസിയേഷനിൽ നിന്നും ലഭിച്ച അഭ്യർത്ഥനകളുടെ അടിസ്ഥാനത്തിലായിരുന്നു അർഹിക്കുന്ന കുടുംബങ്ങൾക്ക് സഹായങ്ങൾ എത്തിച്ചത്.

മൂന്ന് മേഖലകളിലായി സംഘടിപ്പിച്ച റേഷൻ കിറ്റ് വിതരണത്തിൽ മുംബൈ ഡിവിഷൻ റെയിൽവേ സീനിയർ ഡിവിഷണൽ സെക്യൂരിറ്റി കമ്മിഷണറായ കെ.കെ. അഷറഫ്, ഭാര്യ സാമൂഹിക പ്രവർത്തകയായ ഷാഹിന, ITL മാനേജിങ്ങ് ഡയറക്ടർ അബുബക്കർ, ട്രിനിറ്റി ചാരിറ്റബിൾ ട്രസ്റ്റിൽ നിന്നും രാധ അമൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

മുംബൈ റെയിൽവേ സീനിയർ ഡിവിഷണൽ സെക്യൂരിറ്റി കമ്മിഷണറായ കെ.കെ. അഷറഫ് റേഷൻ കിറ്റുകൾ കൈമാറുന്നു

മുംബൈ നഗരത്തിൽ കോവിഡ് മൂലം ദുരിതത്തിലായ അശരണരെ സഹായിക്കുവാനുള്ള മലയാളികളുടെ ഉദ്യമം മാതൃകാപരമാണെന്ന് റെയിൽവേ സീനിയർ ഡിവിഷണൽ സെക്യൂരിറ്റി കമ്മിഷണറായ കെ.കെ. അഷറഫ് പറഞ്ഞു. ആരും പട്ടിണി കിടക്കരുതെന്ന കേരള സർക്കാരിന്റെ പാത പിന്തുടർന്ന് കെയർ മുംബൈ നടത്തിക്കൊണ്ടിരിക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും രാഷ്ട്രപതിയുടെ പോലീസ് മെഡൽ അടക്കം റെയിൽവേയിൽ നിന്നും മികച്ച സേവനത്തിന് നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ വയനാട് സ്വദേശി അഷറഫ് പറഞ്ഞു.

കെയർ മുംബൈയുമായി സഹകരിച്ചു നിരവധി നിർധന കുടുംബങ്ങളെ സഹായിക്കാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ടെന്ന് കൊളാബ മലയാളി അസോസിയേഷൻ ഭാരവാഹികളും സാമുഹിക പ്രവർത്തകരും പറഞ്ഞു.

നിരവധി യുവാക്കളും ഉദ്യമത്തിന് പിന്തുണയുമായി രംഗത്തുണ്ടായിരുന്നു. സാമ്പത്തികമായി ദുരിതത്തിലായ കുടുംബങ്ങളിലെത്തി കൂപ്പൺ നൽകിയാണ് അർഹിക്കുന്ന കരങ്ങളിൽ സഹായങ്ങൾ എത്തിച്ചതെന്ന് പ്രദേശത്തെ യുവ സന്നദ്ധ പ്രവർത്തനായ ദീപക് പറഞ്ഞു.

മുംബൈയിലെ വിവിധ മേഖലകളിലായി മലയാളികളും ഇതര ഭാഷക്കാരുമടങ്ങുന്ന അയ്യായിരത്തി അഞ്ഞൂറിലധികം കുടുംബങ്ങൾക്കാണ് കെയർ ഫോർ മുംബൈ ഇതിനകം സഹായങ്ങൾ എത്തിച്ചതെന്ന് മെറിഡിയൻ വിജയൻ പറഞ്ഞു.

കെയർ മുംബൈ പ്രസിഡന്റ് എം കെ നവാസ്, സെക്രട്ടറി പ്രിയ വർഗീസ്, കൂടാതെ മെറിഡിയൻ വിജയൻ , അബുബക്കർ, പ്രേംലാൽ, സുനിൽകുമാർ, ആശിഷ് എബ്രഹാം തുടങ്ങിയവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here