കേരളപ്പിറവി ആഘോഷവും മലയാളോത്സവം കണ്‍വെന്‍ഷനും

0

മലയാള ഭാഷാ പ്രചാരണ സംഘം പശ്ചിമ മേഖല കേരളപ്പിറവി ആഘോഷിച്ചു. നവംബര്‍ 5, ഞായറാഴ്ച വൈകുന്നേരം 5 മണി മുതലാണ് പരിപാടികള്‍ നടന്നത്. മേഖല പ്രസിഡന്റ്‌ ഗീത ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ നടന്ന കേരളപ്പിറവി ആഘോഷങ്ങള്‍ക്ക് നാന്ദി കുറിച്ചുകൊണ്ട് മേഖല സെക്രട്ടറി വന്ദന സത്യന്‍ സ്വാഗതം ആശംസിച്ചു.

പ്രശസ്ത സാഹിത്യകാരന്‍ ഉണ്ണി വാരിയത്ത് ആഘോഷത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മലയാള ഭാഷാ പ്രചാരണ സംഘം കേന്ദ്ര കമ്മിറ്റി പ്രസിഡന്റ്‌ റീന സന്തോഷ്‌, മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍ സെക്രട്ടറി രാമചന്ദ്രന്‍ മഞ്ചറമ്പത്ത് എന്നിവര്‍ ആശംസകളര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു. ഗിരിജാവല്ലഭന്‍, മലയാളോത്സവം കണ്‍വീനര്‍ കെ.കെ. പ്രദീപ് കുമാർ എന്നിവരും വേദി പങ്കിട്ടു.

വിവിധ യൂണിറ്റുകളില്‍ നിന്നുള്ള അംഗങ്ങള്‍ കൈകൊട്ടിക്കളി, തിരുവാതിരക്കളി, നാടന്‍പാട്ട്, സംഘനൃത്തം, നാടോടിനൃത്തം, പ്രസംഗം, ഗാനാലാപനം തുടങ്ങിയ കലാപരിപാടികള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് പന്ത്രണ്ടാം മലയാളോത്സവം കണ്‍വെന്‍ഷന്‍ നടന്നു. പശ്ചിമ മേഖല മലയാളോത്സവം നവംബര്‍ 26 ന് രാവിലെ 10 മണി മുതല്‍ മലാഡ് ഈസ്റ്റിലെ റാണി സതി മാര്‍ഗ് മുംബൈ പബ്ലിക് സ്കൂളില്‍ വച്ച് പൂര്‍വ്വാധികം ഭംഗിയായി നടത്താന്‍ തീരുമാനിച്ചു.

മലയാളോത്സവത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമതയോടെ നടത്താനായി 51 അംഗ ആഘോഷക്കമ്മിറ്റി രൂപീകരിച്ചു. ഹരികൃഷ്ണന്‍ സത്യനെ ആഘോഷക്കമ്മിറ്റി കണ്‍വീനറായും ബാബു കൃഷ്ണനെ കോ ഓര്‍ഡിനേറ്ററായും തിരഞ്ഞെടുത്തു.

മലയാളം മിഷന്‍ നീലക്കുറിഞ്ഞി വിദ്യാര്‍ഥി ശ്രേയസ് രാജേന്ദ്രന്‍ കൃതജ്ഞത രേഖപ്പെടുത്തിക്കൊണ്ട് സംസാരിച്ചു. നീലക്കുറിഞ്ഞി വിദ്യാര്‍ഥി ഹരികൃഷ്ണന്‍ സത്യന്‍ അവതാരകനായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here