കേരളത്തിലേക്കുള്ള അവധിക്കാല യാത്രകളുടെ ആശങ്കയിൽ മുംബൈ മലയാളികൾ

0

മുംബൈയിൽനിന്ന് കേരളത്തിലേക്കുള്ള അവധിക്കാല യാത്രകളെ കുറിച്ചുള്ള മലയാളികളുടെ ആവലാതികൾ തുടരുകയാണ്. കുടുംബ സമേതമുള്ള വിമാനയാത്രകൾ താങ്ങാനാകാത്ത സാഹചര്യത്തിൽ ഏക ആശ്രയമാണ് തീവണ്ടികൾ. എന്നിരുന്നാലും മിക്കവാറും ട്രെയിനുകളിലും മുൻകൂട്ടി ബുക്ക് ചെയ്യാൻ കഴിയാത്ത സാഹചര്യത്തിലാണ്

എറണാകുളത്തേക്കുള്ള തുരന്തോ എക്സ്‌പ്രസിലൊഴികെ മറ്റൊരു വണ്ടിയിലും അടുത്ത രണ്ടു മാസത്തേക്ക് ഉറപ്പായ ടിക്കറ്റില്ലെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്

കൊച്ചുവേളി സൂപ്പർഫാസ്റ്റിൽ ഇടയ്ക്കുള്ള ഒന്നോ രണ്ടോ ദിവസങ്ങളിൽ മാത്രമാണ് കുറച്ച് ടിക്കറ്റുകൾ ലഭ്യമാണെന്ന വിവരം ഓൺലൈൻ പോർട്ടലിൽ നിന്ന് ലഭിക്കുന്നത്. നവംബർ 21 മുതൽ ഈ വണ്ടിയിൽ ആർ.എ.സി. ടിക്കറ്റ് ലഭ്യമാണ്. തുരന്തോയിൽ നവംബർ 21 മുതൽ തേഡ് എ.സി.യിലും 28 മുതൽ സ്ലീപ്പർ ക്ലാസിലും ടിക്കറ്റുണ്ട്. അതെ സമയം നേത്രാവതി എക്സ്‌പ്രസിൽ സ്ലീപ്പർ ക്ലാസിൽ റിസർവേഷൻ ലഭിക്കുന്നത് ജനുവരി 17 മുതൽ മാത്രമാണ്.

നിസാമുദ്ദീനിൽ നിന്ന് കല്യാൺ, പൻവേൽ വഴി എറണാകുളത്തേക്കോടുന്ന മംഗള എക്സ്‌പ്രസിലെയും സ്ഥിതി മറിച്ചല്ല. ജനുവരി മധ്യംവരെ ഈ വണ്ടിയിലും ഉറപ്പായ ടിക്കറ്റില്ല. എൽ.ടി.ടി.യിൽ നിന്ന് പുറപ്പെടുന്ന ഗരീബ്‌രഥിൽ തേഡ് എ.സി.യിൽ ഉറപ്പായ ടിക്കറ്റ് ലഭിക്കുന്നത് ജനുവരി 29 മുതൽ മാത്രമാണ്.

മണ്ഡലകാലം ആരംഭിക്കുന്നതോടെ നവംബർ 17 മുതൽ ശബരിമല യാത്രക്കാർ കൂടുന്നതും ക്രിസ്‌മസ്, അവധിക്കാലത്ത് ജന്മ നാട്ടിൽ പോകുന്നവരുടെ എണ്ണത്തിലുള്ള വർദ്ധനവുമാണ് തീവണ്ടികളിൽ ഇത്രയധികം തിരക്ക് വരാൻ കാരണം.

ശൈത്യകാല പ്രത്യേക തീവണ്ടി പ്രഖ്യാപിച്ചില്ലെങ്കിൽ ജനുവരി രണ്ടാംവാരംവരെ മുംബൈയിൽനിന്ന് കേരളത്തിലേക്കുള്ള യാത്ര ദുരിതമാകും.

പോയ വർഷം മലയാളി സംഘടനാ പ്രവർത്തകരുടെ സമ്മർദ്ദത്തിനൊടുവിലാണ് കേരളത്തിലേക്ക് പ്രത്യേക വണ്ടി അനുവദിച്ചു കിട്ടിയത്. ഇത്തവണയും പ്രത്യേക വണ്ടി പ്രഖ്യാപിക്കുമെന്ന പ്രത്യാശയിലാണ് റെയിൽവേ ഉദ്യോഗസ്ഥരെ കണ്ട് നിവേദനം നൽകിയ മലയാളി സംഘടനാ പ്രവർത്തകർ.

LEAVE A REPLY

Please enter your comment!
Please enter your name here