കേരളത്തിലേയും മുംബൈയിലേയും നാടകപ്രവർത്തകരെ കോർത്തിണക്കി കൊണ്ട് നെരൂളിലെ ന്യൂ ബോംബെ കേരളീയ സമാജത്തിൻ്റെ പ്രതിമാസ സാഹിത്യ ചർച്ച വേദിയായ അക്ഷരസന്ധ്യ മലയാള നാടകവേദിയിൽ വിസ്മയം സൃഷ്ടിച്ച പുതിയറ മാളിയേക്കൽ താജ് എന്ന പി എം താജിനെ അനുസ്മരിച്ചും അവലോകനം ചെയ്തുമുള്ള നാടകസായാഹ്നം നൂതനാനുഭവമായി.
തെരുവ് നാടകപ്രസ്ഥാനത്തിന്റെ ശക്തിയും സൗന്ദര്യവും ബെർതോൾഡ് ബ്രെക്തിന്റ്റെ നാടകരീതികളും മലയാളത്തിലേക്ക് പകർത്തിയതോടെ, കേരളത്തിന്റെ സഫ്‌ദർ ഹാഷ്മിയായി താജ് വാഴ്ത്തപ്പെട്ട താജിൻ്റെ അനുസ്മരണ സന്ധ്യയ്ക്ക് ചുക്കാൻ പിടിച്ചത് മുംബൈയിലെ തന്നെ ശ്രദ്ധേയനായ നാടക-സാംസ്കാരിക പ്രവർത്തകനായ എസ് സുരേന്ദ്രബാബുവാണ്.
അടിയന്തരാവസ്ഥക്കാലത്ത്, തൻ്റെ ഇരുപതാം വയസ്സിൽ താജെഴുതിയ “പെരുമ്പറ” എന്ന നാടകം തുടങ്ങി “കനലാട്ടം”, “രാവുണ്ണി”, “കുടുക്ക – അഥവാ വിശക്കുന്നവൻ്റെ വേദാന്തം” തുടങ്ങി മിക്ക നാടകങ്ങളും അക്ഷരസന്ധ്യയിൽ ചർച്ച ചെയ്യപ്പെട്ടു.

താജിനൊപ്പം സഹകരിച്ച് നിരവധി നാടകപ്രവർത്തകരുടെ ഓർമ്മക്കുറിപ്പുകളും അവലോകനങ്ങളും ചൊൽ കവിതകളും സാഹിത്യ സദസ്സിൽ ശ്രദ്ധേയമായി.
മുംബൈയിൽ അരങ്ങേറിയ താജിൻ്റെ നാടകങ്ങളുടെ ചെറുശകലങ്ങളും രാവുണ്ണിയെന്ന നാടകത്തിന് മൂന്നു വിദ്യാർത്ഥിനികളും ഒരു വീട്ടമ്മയും ചേർന്നൊരുക്കിയ ശ്രാവ്യാവതരണവും ചർച്ചക്ക് മാറ്റേകി.
കേരളത്തിലെ നാടക സാംസ്ക്കാരിക പ്രവർത്തകരായ കെ ഇ എൻ, ശശിധരൻ നടുവിൽ, സുലൈമാൻ കക്കോടി, പ്രിയനന്ദനൻ, സേവിയർ പുൽപ്പാട് , പ്രഭാകരൻ പഴശ്ശി, സതീഷ് കെ സതീഷ്, നരിപ്പറ്റ രാജു, പ്രേംപ്രസാദ്, ഡോ . എസ് . സുനിൽ, ശശി നാരായണൻ, ജയപ്രകാശ് കാര്യാൽ, കെ. ആർ മോഹൻദാസ്, ചാക്കോ ഡി അന്തിക്കാട് , കരിവെള്ളൂർ മുരളി, ടി വി ബാലകൃഷ്ണൻ , ഡോ. രാജേന്ദ്രബാബു തുടങ്ങിയവരുടെ ഓർമ്മക്കുറിപ്പുകളും വിശകലനങ്ങളും താജിൻ്റെ നാടകങ്ങളുടെ വർത്തമാനകാല പ്രസക്തിയിലേക്ക് വെളിച്ചം വീശി.
അന്തരിച്ചിട്ടു മുപ്പതു വർഷമായ താജിൻ്റെ അനുസ്മരണ സന്ധ്യയിൽ വിദ്യാർത്ഥികളും ഭാഗഭാക്കായി. തൻ്റെ അമ്മാവനായ കെ ടി മുഹമ്മദിന്റെ “ഇത് ഭൂമിയാണ്” എന്ന നാടകത്തിൽ നടനായി രംഗപ്രവേശം നടത്തിയ താജ് അമ്മാവന്റെ നാടകശൈലിയിൽ നിന്നും വ്യത്യസ്തനായി സ്വന്തമായ ഒരു നാടകശൈലി തിരഞ്ഞെടുത്തതും ആ നാടകങ്ങൾ ഉയർത്തിയ രാഷ്ട്രീയവും അക്ഷരസന്ധ്യയുടെ സദസ്സിൽ വിഷയങ്ങളായി.
താജിൻ്റെ നാടകങ്ങളിൽ മിത്തും നാടോടിക്കഥയും യക്ഷിക്കഥയും ഉണ്ടെങ്കിലും പക്ഷേ അതിലൂടെ ജനകീയ പ്രശ്നങ്ങൾക്കാണ് താജ് ഊന്നൽ നൽകുന്നതെന്നും തന്റെ നാടകങ്ങളിൽ രചനയുടെ തന്ത്രത്തേക്കാൾ താജ് ശ്രദ്ധിച്ചത് പുത്തൻ ആശയങ്ങളും സന്ദേശങ്ങളും ജനങ്ങൾക്ക് നൽകാനായിരുന്നു എന്നും സദസ്സ് വിലയിരുത്തി.
കൃഷ്ണപ്രിയ പി സജിത്, എം വി രാമകൃഷ്ണൻ, ദിനേശ് കൊടക്കാട് , ഉഴവൂർ ശശി, പ്രിയ വർഗീസ്, സുരേഷ് വർമ്മ , ജയമോഹൻ, പ്രേം പ്രസാദ്,അജിത് ശങ്കരൻ , വിനയൻ , പ്രിയംവദ, ഗൗരി, സരിത, സി കെ കെ പൊതുവാൾ, ജി വിശ്വനാഥൻ, ബാലാജി, രുക്മിണി സാഗർ, ഉദയ്, കെ വി എസ് നെല്ലുവായ്, സുമേഷ് പി എസ്, സന്തോഷ് പല്ലശ്ശന, സുമ രാമചന്ദ്രൻ, കണ്ണൻ തട്ടയിൽ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

“മനുഷ്യർ തമ്മിൽ തമ്മിൽ സ്നേഹിക്കുക. അപ്പോൾ മനുഷ്യന്റെ ശബ്ദത്തിനു സംഗീതത്തിന്റെ സുഗന്ധമുണ്ടാകും” എന്ന പാവത്താൻ നാടെന്ന നാടകത്തിലെ പ്രഖ്യാപനം കാലഘട്ടത്തിൻ്റെ ആവശ്യമായിരുന്നുവെന്ന് എസ് സുരേന്ദ്രബാബു ചൂണ്ടിക്കാട്ടി.
എൻ ബി കെ എസ് സെക്രട്ടറി വർഗ്ഗീസ് ജോർജ്ജ് സ്വാഗതം പറഞ്ഞ ചർച്ചയിൽ പ്രസിഡണ്ട് കെ ടി നായർ ആശംസകളർപ്പിച്ചു. അക്ഷരസന്ധ്യയുടെ പതിനഞ്ചാമത്തെ ഓൺലൈൻ ചർച്ചയുടെ ഏകോപനം അനിൽ പ്രകാശ് നടത്തുകയും കൺവീനർ ടി വി രഞ്ജിത് നന്ദിയും പറഞ്ഞു.
ചർച്ച അവസാനിച്ചത് നാടക സംസ്ക്കാരത്തെ മുംബൈയിൽ പുനരുജ്ജീവിപ്പിക്കാനുള്ള സമയബന്ധിതമായ പദ്ധതി മുന്നിൽ വെച്ചു കൊണ്ടാണ്.
ഒരു പുതിയ നാടകാവബോധവും സംഘടനാ പുനരുജ്ജീവനവും നടത്തുവാനുള്ള തീവ്ര പരിശ്രമങ്ങൾക്ക് നാലാം തലമുറയുടെ സാന്നിധ്യം തികച്ചും അത്യന്താപേക്ഷിതമാണെന്നും ഒരു പുതിയ നാടക സംസ്കാരം അവർക്ക് പകർന്നു നൽകുന്നതിലൂടെ ബോംബെ മലയാള നാടക വേദിയുടെ സുവർണകാലം തിരിച്ചു പിടിക്കുക മാത്രമല്ല നിർജീവ അവസ്ഥയിൽ കഴിയുന്ന സംഘടനകൾക്കു ഒരു പുതിയ ഉണർവ് സംജാതമാക്കാനും കഴിയുമെന്നും സദസ്സ് വിലയിരുത്തി.
നാടകം അതിൻ്റെ മാനുഷികാംശം കൊണ്ടു തന്നെ ഇന്നത്തെ ഈ പ്രതിസന്ധിയെ അതിജീവിക്കുമെന്ന് സുരേന്ദ്രബാബു ചൂണ്ടിക്കാട്ടി.

- പുലികളിയും പൂവിളികളുമായി സീവുഡ്സ് സമാജത്തിന്റെ ഓണം ഒപ്പുലൻസ് വിസ്മയക്കാഴ്ചയായി
- കല്യാൺ പഴയ കല്യാണല്ല!
- മുംബൈ 26/ 11; വേട്ടയാടുന്ന സ്മരണകൾ
- കൊളാബയിലെ ചേരി പ്രദേശങ്ങളിൽ റേഷൻ കിറ്റുകൾ വിതരണം ചെയ്തു കെയർ 4 മുംബൈ
- വാക്സിൻ ടൂറിസം; റഷ്യയിൽ 24 ദിവസവും സ്പുട്നിക് വാക്സിനും 1.3 ലക്ഷം രൂപയ്ക്ക്