സഹാറ ഇന്ത്യ സ്ഥാപകൻ സുബ്രത റോയ് അന്തരിച്ചു

0

സഹാറ ഇന്ത്യ പരിവാറിന്റെ സ്ഥാപകന്‍ സുബ്രത റോയ് അന്തരിച്ചു. 75 വയസ്സായിരുന്നു. ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹത്തെ ഞായറാഴ്ചയാണ് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് മുംബൈയിലെ കോകിലബെന്‍ ധീരുബായ് അംബാനി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ബിഹാറിലെ അറാറിയയില്‍ ജനിച്ച സുബ്രത റോയ് രാജ്യത്തെ വ്യവസായ രംഗത്തെ പ്രമുഖനായിരുന്നു.

ഫിനാന്‍സ് റിയല്‍ എസ്റ്റേറ്റ്, മീഡിയ, ഹോസ്പിറ്റാലിറ്റി തുടങ്ങി വിവിധ മേഖലകളില്‍ വ്യാപിച്ചുകിടക്കുന്ന ഒരു വലിയ ബിസിനസ് സാമ്രാജ്യം അദ്ദേഹം സ്ഥാപിച്ചു.

ഭാര്യ:സ്വപ്ന റോയ്, മക്കള്‍: സുശാന്തോ, സീമാന്തോ റോയ്.

1948 ജൂൺ 10ന് ബിഹാറിൽ ജനിച്ച റോയ് 1976ൽ പ്രതിസന്ധിയിലായ സഹാറ ഫിനാൻസ് കമ്പനി ഏറ്റെടുത്തുകൊണ്ടാണ് ബിസിനസ് രംഗത്തേക്കു ചുവടുവച്ചത്. 1978ൽ കമ്പനിയുടെ പേര് സഹാറ ഇന്ത്യ പരിവാർ എന്നു മാറ്റി. സുബ്രതോ റോയിയുടെ നേതൃത്വത്തിൽ സഹാറ വിവിധ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചു. 1992ൽ രാഷ്ട്രീയ സഹാറ എന്ന പേരിൽ ഹിന്ദി ഭാഷാ ദിനപത്രം തുടങ്ങി. സഹാറ ടിവി ചാനൽ ആരംഭിച്ചു. പിന്നീട്, ലണ്ടനിലെ ഗ്രോസ്‌വെനർ ഹൗസ് ഹോട്ടൽ, ന്യൂയോർക്ക് സിറ്റിയിലെ പ്ലാസ ഹോട്ടൽ എന്നിവ ഏറ്റെടുത്തുകൊണ്ട് രാജ്യാന്തര ശ്രദ്ധ നേടി.

ഇന്ത്യൻ റെയിൽവേ കഴിഞ്ഞാൽ ഏറ്റവുമധികം ജീവനക്കാരുള്ള ഇന്ത്യയിലെ രണ്ടാമത്തെ വലിയ തൊഴിൽദാതാവെന്നു സഹാറയെ ടൈം മാഗസിൻ പ്രശംസിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here