ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ജ്വലിക്കുന്ന രക്ത നക്ഷത്രത്തിന് വിപ്ലവാഭിവാദ്യങ്ങൾ – പി ആർ കൃഷ്ണൻ

പതിനേഴാം വയസ്സിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വം നേടിയ ശങ്കരയ്യക്ക് ദീർഘകാല ജയിൽവാസവും ഒളിവു ജീവിതവുമാണ് അനുഭവിക്കേണ്ടി വന്നത്.

0

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ജ്വലിക്കുന്ന രക്ത നക്ഷത്രമാണ് ഇന്ന് ചെന്നൈയിൽ അന്തരിച്ച സ: എൻ.ശങ്കരയ്യ. ആറു പതിറ്റാണ്ട് കാലത്തെ നീണ്ട രാഷ്ട്രീയ പ്രവർത്തന ബന്ധമാണ് ശങ്കരയ്യയുമായി ഓർമ്മയിൽ നിൽക്കുന്നത്.

ഏ കെ ജി, ഇ.എം.എസ്, ഇ.കെ നായനാർ , വി.എസ് അച്യുതാനന്ദൻ, ജ്യോതിബസു, പി.രാമമൂർത്തി മുതലായ നേതാക്കളോടൊപ്പം അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നാഷണൽ കൗൺസിൽ നിന്നും 1964ൽ ഇറങ്ങിപ്പോന്ന 32 പേരിൽ ഒരാളായിരുന്നു എൻ. ശങ്കരയ്യ. തുടർന്ന് അക്കൊല്ലം രൂപം പൂണ്ട സി പി ഐ (എം) സ്ഥാപക നേതാക്കളിൽ ഒരാൾ കൂടിയായി സ്വാതന്ത്യ സമര സേനാനി കൂടിയായ ശങ്കരയ്യയുടെ നാമം ചരിത്രത്താളുകളിൽ ഇടം നേടി.

ദ്രാവിഡ നാട്ടിൽ കർഷകരെയും തൊഴിലാളികളെയും സംഘടിപ്പിച്ചു കൊണ്ടാണ് എൻ. ശങ്കരയ്യ രാഷ്ട്രീയ പ്രവർത്തനത്തിൽ വ്യാപൃതനാകുന്നത്. അങ്ങിനെ പതിനേഴാം വയസ്സിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വം നേടി. ഇതേ തുടർന്ന് ദീർഘകാല ജയിൽവാസവും ഒളിവു ജീവിതവുമാണ് അദ്ദേഹത്തിന് അനുഭവിക്കേണ്ടി വന്നത്. ത്യാഗോജ്വലവും സമരോജ്വലവുമായ ഈ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കിടയിൽ അഖിലേന്ത്യാ കിസാൻ സഭയുടെ ജനറൽ സെക്രട്ടറിയായും സി പി ഐ (എം) തമിഴ്‌നാട് സംസ്ഥാന സെക്രട്ടറിയായും ശങ്കരയ്യ പ്രവർത്തിച്ചിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു കൊണ്ട് പലവട്ടം ശങ്കരയ്യ മുംബൈയിൽ എത്തുകയും യോഗങ്ങളിൽ പങ്കെടുത്ത് പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോഴൊക്കെ അദ്ദേഹത്തോടൊപ്പമുണ്ടാകാനും വേദികൾ പങ്കിടാനും സാധിച്ചിട്ടുള്ളത് ജീവിതത്തിലെ വലിയ നേട്ടമായി ഓർമ്മയിൽ നിൽക്കുന്നു.

ക്യൂബൻ ഐക്യദാർഢ്യ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2006ൽ ചെന്നൈയിൽ കൂടിയ അന്തർദേശീയ സമ്മേളനമാണ് സ: ശങ്കരയ്യയുമായി ഞാൻ പങ്കെടുത്ത അവസാനത്തെ സമ്മേളനം. തമിഴ്‌നാട് മുഖ്യമന്ത്രി എം കരുണാനിധി സി പി ഐ (എം) നേതാക്കളായ സീതാറാം യെച്ചൂരി, എം എ ബേബി, സി.ഐ.ടി.യു നേതാവ് എ.കെ പത്മനാഭൻ , മുതിർന്ന പത്രപ്രവർത്തകൻ എൻ രാം തുടങ്ങി നിരവധി പ്രമുഖർ ഈ സമ്മേളനത്തിന്റെ ഭാഗമായിരുന്നു. അതിൽ ശങ്കരയ്യയോടൊപ്പം വേദി പങ്കിട്ട ഓർമ്മകൾ ഇപ്പോഴും മനസ്സിൽ ജ്വലിച്ചു നിൽക്കുന്നു. അദ്ദേഹത്തിന് വിപ്ലവാഭിവാദ്യങ്ങൾ

(ലേഖകൻ മഹാരാഷ്ട്രയിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് )

LEAVE A REPLY

Please enter your comment!
Please enter your name here