വൃശ്ചികപ്പുലരിയിൽ

നേത്രാവതി കോഴിക്കോടും തിരൂരും കഴിഞ്ഞ് ഭാരതപ്പുഴയുടെ പഞ്ചാരമണലിൽ നിന്നുള്ള കുളിർകാറ്റുമായി കുറ്റിപ്പുറം സ്റ്റേഷനിൽ നിന്നു.. ഇനി ഒരു വിളിപ്പാടകലെ സ്വന്തം നാട്.....രാജൻ കിണറ്റിങ്കര എഴുതുന്നു

0

നേത്രാവതി എക്സ്പ്രസ് കാസർകോഡ് പിന്നിട്ട് തെയ്യങ്ങളുടെ നാടായ കണ്ണൂരിന്റെ അതിർത്തികളെ ഭേദിച്ചു കൊണ്ട് ചൂളം വിളിച്ച് പാഞ്ഞു. നേരം പുലരുന്നതേയുള്ളു. മഞ്ഞു വീണ പുഞ്ചപ്പാടങ്ങളിൽ നിന്ന് പോക്കാച്ചി തവളകളുടെ കരച്ചിൽ ഇരുട്ടിനെ കീറി മുറിച്ച് വണ്ടിയുടെ ഘട ഘട ശബ്ദത്തിൽ അലിഞ്ഞു. വ്രതശുദ്ധിയുടെ നാൽപ്പത്തൊന്ന് ദിനങ്ങൾക്ക് ശരണമന്ത്രങ്ങളുടെ കറുപ്പാടകൾ ചാർത്തി ഭക്തർ വയൽ വരമ്പുകളിലൂടെ ക്ഷേത്രങ്ങൾ ലക്ഷ്യമാക്കി നടക്കുന്നു. ഏതോ വീടുകളിൽ നിന്ന് അവ്യക്തമായി ഒഴുകിയെത്തുന്ന സുബ്ബലക്ഷ്മിയുടെ വെങ്കിടേശ്വര സുപ്രഭാതത്തിന്റെ അലകൾ..

നാടിന്റെ സ്നേഹസ്പർശനം പാലപ്പൂവുകളായും ചേറ്റു പാടത്തെ ഞാറ്റു ഗന്ധമായും മൂക്കിലേക്ക് അടിച്ചു കയറി. റെയിൽ പാളത്തിനരികിലെ ചെറിയ ക്ഷേത്രങ്ങളുടെ മുറ്റത്ത് കൽവിളക്കുകൾ തെളിഞ്ഞു. ലഹരി പുകയാത്ത ഗ്രാമവീഥികൾ ശരണം വിളികളാൽ പവിത്രമായി.

കണ്ണൂരിന്റെ ഭക്തിരസം പേറി മധുരം നുരയുന്ന കോഴിക്കോട് പ്ലാറ്റ്‌ഫോമിൽ നേത്രാവതി നിൽക്കുമ്പോൾ നേരം ഏതാണ്ട് പുലർന്നിരുന്നു. വൃശ്ചികത്തിന്റെ ആദ്യകിരണങ്ങൾ ട്രെയിനിന്റെ സൈഡ് ഗ്ളാസുകളെ തുളച്ച് അകത്തേക്ക് എത്തിനോക്കി. ആളുകൾ പുതപ്പും ഡ്രെസും മടക്കി വയ്ക്കുന്ന തിരക്കിലാണ്. ഇനി അടുത്തടുത്ത സ്റ്റേഷനുകളിൽ ഓരോരുത്തരായി ഇറങ്ങി തുടങ്ങും. സുഗന്ധം വമിക്കുന്ന കോഴിക്കോടിന്റെ ഹൽവയും തോളിലേറ്റി പ്ലാറ്റ്ഫോം കച്ചവടക്കാർ ജനാലക്കരികിൽ നിന്ന് മധുരത്തിന്റെ വർണ്ണനകൾ പറഞ്ഞ് യാത്രക്കാരെ പ്രലോഭിപ്പിച്ചുകൊണ്ടിരുന്നു.

നേത്രാവതി കോഴിക്കോടും തിരൂരും കഴിഞ്ഞ് ഭാരതപ്പുഴയുടെ പഞ്ചാരമണലിൽ നിന്നുള്ള കുളിർകാറ്റുമായി കുറ്റിപ്പുറം സ്റ്റേഷനിൽ നിന്നു.. ഇനി ഒരു വിളിപ്പാടകലെ സ്വന്തം നാട്.

കറുപ്പുടുത്ത വൃശ്ചികത്തിന്റെ തെക്കൻ കാറ്റിൽ ഭാരതപ്പുഴയിലെ മണൽ തരികൾ അലകൾ തീർത്തു. പുഴയിൽ കുളിച്ച് തോർത്തി ഈറനുടുത്ത ഭക്തർ കൈകൾ കൂട്ടിത്തിരുമ്മി തണുപ്പിനെ പ്രാർത്ഥനയാൽ അകറ്റാൻ ശ്രമിക്കുന്നു. കൈതക്കാടുകളും മുളങ്കാടുകളും ഇടതൂർന്നു നിൽക്കുന്ന പുഴയോരത്തിലൂടെ ഹൃദയമിടിപ്പിന്റെ താളങ്ങൾക്ക് ചെവിയോർക്കാതെ ടാക്സി കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ വേഗത്തിൽ നീങ്ങിക്കൊണ്ടിരുന്നു.

ടാക്സി മലമക്കാവ് റോഡിലേക്ക് തിരിഞ്ഞപ്പോൾ ചിലർ കാറിന്റെ ഗ്ളാസിനുള്ളിലൂടെ മുഖം വായിച്ചെടുക്കാൻ ശ്രമിച്ചു, കിണറ്റിങ്കര കുട്ടിയാണോ ആ വണ്ടിയില് ന്നൊരു സംശയം, കുറെ ആയില്ലെപ്പൊ പോയിട്ട്. കവലയിലെ ആളുകൾ പരസ്പരം പറഞ്ഞുകൊണ്ടിരുന്നു. ചിലപ്പോ ആവും, ആ മുംബൈ വണ്ടി ഇപ്പോൾ പള്ളിപ്പുറം പാലം കടന്നുപോയത് കണ്ടു, കവലയിൽ നിന്നാൽ നേത്രാവതി ഭാരതപ്പുഴക്ക് കുറുകെയുള്ള പാലത്തിലൂടെ പോകുന്നത് കാണാം, ആ ഊഹം വച്ചാണ് ആളുകളുടെ ആത്മഗതം.

കൊഴിഞ്ഞലും നേന്ത്രവാഴകളും വിളഞ്ഞു നിൽക്കുന്ന മലമക്കാവിന്റെ പച്ചപ്പാടങ്ങളിൽ പനംതത്തകൾ പാറി നടന്നു. തുമ്പികളും ചിത്രശലഭങ്ങളും ബാല്യം ഓടിക്കളിച്ച വഴികളിൽ ഓർമ്മവിളക്കുകൾ വീണ്ടും തെളിച്ചു. ഗ്രാമത്തിനു പുറത്തുള്ള അമ്പലങ്ങളിൽ നിന്ന് ഗംഗയാറു പിറക്കുന്നു ഹിമവന്മലയിൽ ദാസേട്ടന്റെ ശബ്ദത്തിൽ വയലേലകളെ താണ്ടി പടിഞ്ഞാറ് കുന്നിൽ തട്ടി പ്രതിധ്വനിച്ചു. മലമക്കാവ് അയ്യപ്പ ക്ഷേത്രത്തിൽ ഉഷപൂജ കഴിഞ്ഞുള്ള ശീവേലി. ശംഖു വിളികളും വാദ്യമേളങ്ങളും വീണ്ടും ഭക്തിസാന്ദ്രമാക്കുന്ന ഗ്രാമവിശുദ്ധിയിലേക്ക് നഗരത്തിന്റെ വിയർപ്പു വറ്റാത്ത മേലാടകൾ അഴിച്ചുവെച്ച് ശാന്തിയുടെ ശ്രീകോവിലിൽ ഒരു ശയനപ്രദക്ഷിണം.

അഴയിൽനിന്നും കാച്ചെണ്ണയുടെ മണമുള്ള അമ്മയുടെ തോർത്തുമുണ്ടെടുത്ത് കവുങ്ങിൻ തോട്ടത്തിനു നടുവിലെ കുളത്തിലേക്ക് നടക്കുമ്പോൾ കറുക നാമ്പുകൾ തലയാട്ടി വഴിയൊരുക്കി തന്നു, മുക്കുറ്റികൾ കുളക്കരയിൽ കാവലിരുന്നു. ഉമ്മറത്തിണ്ണയിൽ നിന്നും അമ്മ വിളിച്ചു പറഞ്ഞു, ഇന്നലത്തെ മഴയിൽ ആ അലക്ക് കല്ല് വെള്ളത്തിനടിയിൽ പോയിരിക്കുന്നു, കുട്ടി മുണ്ട് അവിടെ ഊരിയിട്ടോ, അമ്മ പിന്നെ അലക്കിക്കൊള്ളാം .

രാജൻ കിണറ്റിങ്കര

LEAVE A REPLY

Please enter your comment!
Please enter your name here