മുംബൈ സാഹിത്യോത്സവം ഡിസംബര്‍ രണ്ട്,മൂന്ന് തീയതികളില്‍

0

കേരളീയ കേന്ദ്ര സംഘടനയും കേരള സാഹിത്യ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ചു വരുന്ന മുംബൈ സാഹിത്യോത്സവത്തിന്റെ നാലാമത് എഡിഷന്‍ 2023 ഡിസംബര്‍ രണ്ട് , മൂന്ന് തീയതികളില്‍ നെരുള്‍ വെസ്റ്റിലെ ന്യൂബോംബെ കേരളീയ സമാജം ഹാളില്‍ നടക്കും.

അധികാര ഘടനകളും ആവിഷ്‌ക്കാരവും എന്ന വിഷയത്തില്‍ നടക്കുന്ന സാഹിത്യോത്സവം ഡിസംബര്‍ രണ്ടിന് രാവിലെ പത്തു മണിക്ക് കവി കെ സച്ചിദാനന്ദന്‍ ഉദ്ഘാടനം ചെയ്യും. ഡോ. കെ പി മോഹനന്‍, അശോകന്‍ ചരുവില്‍, പി എന്‍ ഗോപീകൃഷ്ണന്‍, അഷ്ടമൂര്‍ത്തി, കെ. രേഖ തുടങ്ങിയ എഴുത്തുകാര്‍ ഉദ്ഘാടന
സമ്മേളനത്തില്‍ പങ്കെടുക്കും. ശനിയാഴ്ച ഉച്ചകഴിഞ്ഞുള്ള സെഷനുകളില്‍, സ്വാതന്ത്ര്യം എന്ന മൂല്യസങ്കല്പം എന്ന വിഷയത്തില്‍ കവി പി എന്‍ ഗോപീകൃഷ്ണന്‍, സത്യാനന്തര കാലത്തിന്റെ പ്രതിരോധങ്ങള്‍ എന്ന വിഷയത്തില്‍ അശോകന്‍ ചരുവില്‍, സൈബറിടങ്ങളിലെ സ്വാത്രന്ത്യം എന്ന വിഷയത്തില്‍
അഷ്ടമൂര്‍ത്തി എന്നിവര്‍ മുഖ്യപ്രഭാഷണങ്ങള്‍ നടത്തും.

ഡിസംബര്‍ മൂന്നിന് രാവിലെ 10 മുതല്‍ സെഷനുകള്‍ തുടങ്ങും. സര്‍ഗ്ഗാത്മകതയിലെ ലിംഗനീതി എന്ന വിഷയത്തില്‍ കെ രേഖ, അധികാര ഘടനകളില്‍ അടി പതറുന്ന മാധ്യമ ധര്‍മ്മം എന്ന വിഷയത്തില്‍ എം ജി അരുണ്‍ , സമകാലിക മലയാള നാടകവേദിയും അന്യ സംസ്‌കൃതിയും എന്ന വിഷയത്തില്‍ ജോസഫ് നീനാസം, അതിരുകള്‍ക്കപ്പുറം മലയാളം എന്ന
വിഷയത്തില്‍ കണക്കൂര്‍ ആര്‍. സുരേഷ്‌കുമാര്‍ എന്നിവര്‍ മുഖ്യ പ്രഭാഷണങ്ങള്‍ നടത്തും.

മുംബൈ എഴുത്തുകാരുടെ സംയുക്ത കഥാസമാഹാരമായ മഹാനഗരത്തിന്റെ നിറഭേദങ്ങള്‍ എന്ന പുസ്തകം പ്രകാശനം ചെയ്യും.

വൈകിട്ട് അഞ്ചരയ്ക്ക് തുടങ്ങുന്ന സമാപന സമ്മേളനം ഡോ. കെ പി മോഹനന്‍ നയിക്കും. മുംബൈയിലെയും മറ്റിന്ത്യന്‍ നഗരങ്ങളിലെയും മുന്‍നിര എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും
സംവാദങ്ങളില്‍ പങ്കുചേരും. രണ്ടു ദിവസങ്ങളിലായി തുറന്ന സംവാദങ്ങളും ചർച്ചകളും നടക്കും.രജിസ്‌ട്രേഷനായി കേരളീയ കേന്ദ്ര സംഘടന ഭാരവാഹികളെയോ 9820063617 , 9920973797 എന്ന നമ്പരുകളിലോ ബന്ധപ്പെടാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here