ഓക്സിജൻ കോൺസെൻട്രേറ്റർ സ്വന്തമാക്കി ന്യൂ ബോംബെ കേരളീയ സമാജം

0

മുംബൈയിലെ കലാ സാഹിത്യ സാംസ്‌കാരിക മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധ നേടിയ ന്യൂ ബോംബെ കേരളീയ സമാജം ആരോഗ്യ മേഖലയിലും കൈയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്. ആയുർവേദ ഡിസ്പെൻസറി & ചികിത്സാ കേന്ദ്രവുമുള്ള സമാജം പ്രമേഹം, സന്ധിവാതം, പക്ഷാഘാതം, സ്ലിപ്പ് ഡിസ്‌ക്, നടുവേദന, മുട്ടുവേദന, കഴുത്തുവേദന, വിട്ടുമാറാത്ത തലവേദന, ചർമ്മപ്രശ്‌നങ്ങൾ, മാനസിക സമ്മർദ്ദം, രക്തസമ്മർദ്ദം, വിട്ടുമാറാത്ത മലബന്ധം, അമിതവണ്ണം, മലേറിയ തുടങ്ങിയ രോഗങ്ങൾക്കുള്ള ചികിത്സകൾ ലഭ്യമാക്കുന്നു.

പഞ്ചകർമ്മ തെറാപ്പി, ഉഴിച്ചിൽ, പിഴിൽ, ധാര, വസ്തി, കിഴി, നസ്യം, പ്രസവത്തിനു മുമ്പുള്ള പരിചരണം, ശരീരഭാരം കുറയ്ക്കൽ, സൗന്ദര്യം വർദ്ധിപ്പിക്കൽ തുടങ്ങിയ ചികിത്സകൾക്കായി നല്ല പരിചയസമ്പന്നരായ തെറാപ്പിസ്റ്റുകളും ഇവിടെ (സ്ത്രീകൾക്കും ജെന്റ്‌സിനും പ്രത്യേകം) ലഭ്യമാണ്.

ഇപ്പോഴിതാ ശ്വാസകോശ സംബന്ധമായ അസുഖമുള്ള രോഗികൾക്ക് ആവശ്യമായ സമ്പുഷ്ടമായ ഓക്സിജൻ തുടർച്ചയായി വിതരണം ചെയ്യുന്ന ഉപകരണം സ്വന്തമാക്കുന്ന മുംബൈയിലെ ആദ്യ സമാജമായി മാറുകയാണ് ന്യൂ ബോംബെ കേരളീയ സമാജം.

ഓക്‌സിജൻ തെറാപ്പി ആവശ്യമുള്ള രോഗികൾക്ക് എളുപ്പത്തിൽ ഉപയോഗിക്കാവുന്നതാണ് ഈ മെഡിക്കൽ ഉപകരണം. അത്യാവശ്യ ഘട്ടങ്ങളിൽ ആശുപത്രികളിൽ പോലും ഓക്സിജൻ സംവിധാനങ്ങൾ ഇല്ലാതെ ബുദ്ധിമുട്ടിയിരുന്ന കാലത്തിലൂടെ കടന്നു പോയ ദിനങ്ങൾ ഇത്തരം ഉപകരണങ്ങളുടെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്നതാണ്.

കോവിഡ് കാലത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുൻ നിരയിൽ നിന്ന് പ്രവർത്തിച്ച എസ് കുമാറാണ് ഇതിനായി സ്‌പോൺസറെ കണ്ടെത്തി സമാജത്തിന് ഓക്സിജൻ കോൺസെൻട്രേറ്റർ സംഭാവനയായി നൽകിയത്.

എൻ ബി കെ എസ് സംഘടിപ്പിച്ച സ്നേഹസംഗമം ചടങ്ങിലാണ് സമാജത്തിന്റെ സജീവ പ്രവർത്തകനായ എസ് കുമാർ മെഡിക്കൽ ഓക്സിജൻ കോൺസെൻട്രേറ്റർ (MOC) ഭാരവാഹികളായ കൺവീനർ കെ ടി നായർ, സെക്രട്ടറി പ്രകാശ് കാട്ടാക്കട, പ്രസിഡന്റ് കെ എ കുറിപ്പ് എന്നിവർക്ക് കൈമാറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here