മാളുകളിൽ ആളില്ല; റോഡുകളിൽ തിരക്കേറി; ഇളവുകളിൽ മഹാ നഗരം

0

മുംബൈയിൽ ലോക്ക്ഡൌൺ ഇളവുകൾ  രണ്ടു ദിവസം പിന്നിടുമ്പോൾ പെട്ടെന്ന് ലഭിച്ച ഇളവുകളുടെ മുഴുവൻ സ്വാതന്ത്രവുമെടുത്താണ് ജനങ്ങൾ പലയിടത്തും ഒത്തുകൂടാൻ തുടങ്ങിയത്.

താനെ, നവി മുംബൈ എന്നിവിടങ്ങളിൽ റോഡുകളിൽ വാഹനങ്ങൾ  തിങ്ങിനിറഞ്ഞപ്പോൾ, അഞ്ച് ലെവൽ അൺലോക്കിംഗ് പ്ലാൻ പ്രകാരം തിങ്കളാഴ്ച തുറന്ന മാളുകളിലും  ഹോട്ടലുകളിലും സന്ദർശകർ വളരെ കുറവായിരുന്നു. ലോക്കൽ ട്രെയിനുകളിൽ പൊതുജനങ്ങൾക്ക് സഞ്ചരിക്കാൻ അനുവാദമില്ലാത്തതിനാലാണ് റോഡുകളിൽ തിരക്ക് കൂടുവാനുള്ള പ്രധാന  കാരണം.

ലോക്കൽ ട്രെയിൻ യാത്രയിൽ ഇളവുകൾ നൽകിയിട്ടില്ലെങ്കിലും കഴിഞ്ഞ രണ്ട് ദിവസമായി അനധികൃതമായി യാത്ര ചെയ്യുന്നവരുടെ എണ്ണവും കൂടി.

നിത്യോപയോഗ സാധനങ്ങൾ വിൽക്കുന്ന കടകളിൽ കച്ചവടം നടക്കുന്നുണ്ടെങ്കിലും നഗരം പഴയ പ്രതാപത്തിലേക്ക്  തിരിച്ചെത്താൻ ഇനിയും സമയമെടുക്കുമെന്നാണ് വ്യാപാര സ്ഥാപന ഉടമകൾ പറയുന്നത്.  

റെസ്റ്റോറന്റുകൾ നാലു മണി വരെ തുറക്കാൻ അനുവാദമുണ്ടെങ്കിലും പലരും തുറന്നു കണ്ടില്ല. രാത്രിയാണ് റെസ്റ്റോറന്റുകളിൽ കൂടുതൽ കച്ചവടം നടക്കുന്നത് . അത് കൊണ്ട് ജനത്തിരക്കില്ലാത്ത നാലുമണി വരെ തുറന്ന് വച്ചാൽ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും തികയില്ലെന്ന് റെസ്റ്റോറന്റുടമകൾ പറയുന്നു.. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്കും നാലുമണി വരെ തുറക്കാൻ അനുവാദമുണ്ട്. മറ്റു സ്റ്റേഷനറിക്കടകളും തുറന്ന് പ്രവർത്തിക്കുന്നുണ്ടെങ്കിലും പലരും നേരത്തേ അടയ്ക്കുകയാണ്.

മാസങ്ങളായി വരുമാനം നിലച്ച  വഴിയോര കച്ചവടക്കാരും ഇളവുകൾ ലഭിച്ച ആശ്വാസത്തിലാണെങ്കിലും ലോക്കൽ ട്രെയിൻ സേവനത്തിന്റെ നിയന്ത്രണം ഇവരുടെ വിപണിയെയും ബാധിച്ചു.

പുതിയ ഇളവുകളെ ഫെഡറേഷൻ ഓഫ് റീട്ടെയിൽ ട്രേഡേഴ്സ് വെൽ‌ഫെയർ അസോസിയേഷൻ സ്വാഗതം ചെയ്തു. എന്നാൽ ഉപഭോക്താക്കളുമായി നേരിട്ട് ബന്ധപ്പെടുന്ന ജീവനക്കാർക്ക് വാക്സിനേഷൻ നൽകണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.

ജനങ്ങൾ പുറത്തിറങ്ങാൻ തുടങ്ങിയതോടെ വാഹനങ്ങളിലും പൊതു സ്ഥലങ്ങളിലും തിരക്കേറിയത് രോഗ വ്യാപനം വീണ്ടും വർധിപ്പിച്ചേക്കുമോ എന്ന ഭയത്തിലാണ് ആരോഗ്യവകുപ്പ്. ഇക്കുറി നേരത്തേയെത്തിയ കാലവർഷവും ആരോഗ്യ വകുപ്പിനെ ആശങ്കയിലാക്കിയിരിക്കയാണ്.

രോഗം പിടിപെടുന്നവരുടെ എണ്ണവും ഓക്സിജൻ കിടക്കകളിലെ രോഗികളുടെ ഒഴിവും മറ്റും അടിസ്ഥാനമാക്കിയാണ് ഈ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. രോഗികൾ ഏറ്റവും കുറവുള്ള ഒന്നാം നിര ജില്ലകളിൽ കാര്യമായി ഒരു നിയന്ത്രണങ്ങളുമില്ലാതായിരിക്കയാണ്. എന്നാൽ ചില നിയന്ത്രണങ്ങൾ ഇല്ലെങ്കിൽ രോഗവ്യാപനം കൂട്ടുമെന്ന ആശങ്കയിലാണ് അധികൃതർ. ഇതിനിടെ നിയന്ത്രണങ്ങൾ കൂടുതലുള്ള മൂന്ന്, നാല് നിരകളിലുള്ള ജില്ലകളിൽ കൂടുതൽ ഇളവുകൾ വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അഞ്ചാംനിരയിൽ സമ്പൂർണ ലോക്ഡൗൺ ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here