മുംബൈ പഴയ മുംബൈയല്ല !!

0

അതിജീവനത്തിന് പേര് കേട്ട നഗരം മഹാമാരിക്ക് മുൻപിൽ പകച്ചു നിന്നപ്പോഴും ലോക്ക് ഡൌൺ കാലം നഗരത്തെ പഠിപ്പിച്ചത് അവസരങ്ങളെ പ്രയോജനപ്പെടുത്താനുള്ള ആർജ്ജവമാണ്. നഗരത്തിന്റെ പരമ്പരാഗത ശൈലിയിലുള്ള ജീവിത രീതിയിൽ വന്ന മാറ്റങ്ങൾ നിരവധിയാണ് .

തൊഴിൽ നഷ്ടപ്പെട്ട നിരവധി പേരാണ് മറ്റു മാർഗ്ഗങ്ങൾ തേടി നഗരത്തിൽ ഉപജീവനം കണ്ടെത്തിയത് . ദിവസേന 80 ലക്ഷം യാത്രക്കാരുമായി തലങ്ങും വിലങ്ങും പരക്കം പാഞ്ഞിരുന്ന നഗരത്തിന്റെ ജീവനാഡിയായ ലോക്കൽ ട്രെയിനുകൾ നിലച്ചിട്ടും പിടിച്ചു നിൽക്കാൻ കഴിഞ്ഞതും മുംബൈയുടെ മുഖചിത്രം വേറിട്ടതാക്കി. പരമ്പരാഗത തൊഴിലിടങ്ങളും നിരവധി മാറ്റങ്ങൾക്ക് വിധേയരായി.

വർക്ക് ഫ്രം ഹോം ആശയത്തിന് പ്രചാരം കൂടിയതോടെ പല കമ്പനികളുടെയും തൊഴിൽ സംസ്കാരങ്ങളിലും വ്യതിയാനമുണ്ടായി. ഓൺലൈൻ പ്ലാറ്റുഫോമുകളെ പ്രയോജനപ്പെടുത്തി അധികമൊന്നും ആശ്രയിക്കാതെ സ്വന്തമായി പണിയെടുക്കാൻ പലരെയും പ്രാപ്തരാക്കി. ഭക്ഷണരീതികളിൽ പോലും നഗരവാസികളിൽ വലിയ മാറ്റത്തിന് നിമിത്തമായ കാലമാണ് കടന്നു പോയത്.

ഓൺലൈൻ ക്ലാസുകൾ

കുട്ടികളുടെ പഠനത്തിലും ഓൺലൈൻ സ്വാധീനം വലിയ പങ്കാണ് വഹിച്ചിരുന്നത്. അധ്യാപകരും ഓൺലൈൻ ക്ലാസ്സുകളുടെ കൂടുതൽ സാദ്ധ്യതകൾ  തിരയുന്ന തിരക്കിലാണ്. എന്നിരുന്നാലും ഓൺലൈൻ വിദ്യാഭ്യാസം ശ്വാശത പരിഹാരമല്ലെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. കുട്ടികളുടെ മനസികാരോഗ്യത്തിനും ശാരീരിക ക്ഷമതക്കും വിദ്യാലയ അന്തരീക്ഷം അനിവാര്യമാണെന്നാണ് അദ്ധ്യാപകരും ചൂണ്ടിക്കാട്ടുന്നത്. എന്നിരുന്നാലും ഓൺലൈൻ പഠനം സമാന്തരമായി കൊണ്ട് പോകുന്നത്തിനോട് പലർക്കും യോജിപ്പുണ്ട്.

വർക്ക് ഫ്രം ഹോം

ജോലിസ്ഥലങ്ങൾ വീട്ടിലേക്ക് പറിച്ചു നട്ടവരും വർക്ക് ഫ്രം ഹോം കൾച്ചറുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു. കമ്പനികളെ സംബന്ധിച്ച് നേട്ടങ്ങൾ നിരവധിയാണ്. ജീവനക്കാരുടെ കൂടുതൽ സമയം  വിനിയോഗിക്കാമെന്നത് കൂടാതെ ഭാരിച്ച ഓഫീസ് ചിലവുകൾ കുറക്കാനും കഴിയുമെന്നത് ഗുണം ചെയ്യും.  

ലോക്ക്ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ട പ്രൊഫഷണലുകൾക്കും ഓൺലൈനിൽ അവസരങ്ങൾ നിരവധിയാണ്.
വിദേശ കമ്പനികളുടെ കരാർ ജോലികൾ എടുത്ത് ലക്ഷങ്ങൾ സമ്പാദിക്കുന്ന ചെറുപ്പക്കാരും നഗരത്തിൽ നിരവധിയാണ്. ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായി  പല കോർപ്പറേറ്റ് കമ്പനികളും  മുതിർന്ന ജീവനക്കാർക്ക് സ്വയം വിരമിക്കാൻ  അവസരം നൽകി വർക്ക് ഫ്രം ഹോം സാദ്ധ്യതകൾ വിപുലീകരിക്കുകയാണെന്നാണ്  മാനേജ്‌മന്റ് കൺസൽട്ടൻറ് ആയ ശബരീനാഥ്‌ പറയുന്നത്.  സ്ഥലത്തിന് പൊന്നു വിലയുള്ള നഗരത്തിൽ വലിയ ഓഫീസുകളെല്ലാം കാലക്രമേണ ചെറിയ സൗകര്യങ്ങളിലേക്ക് ഒതുങ്ങുമെന്നും പുതിയൊരു വർക്ക് കൾച്ചർ നഗരത്തിൽ രൂപപ്പെടുമെന്നും ശബരി പറയുന്നു.

വിരൽത്തുമ്പിൽ വീട്ടു സാധനങ്ങൾ

വീട്ടമ്മമാർക്കും കോറോണക്കാലത്തുണ്ടായ നൂതന സാധ്യതകൾ തുണയായി.  വലിയൊരു വിഭാഗം ഓൺലൈനിൽ സാധനങ്ങൾ വാങ്ങുവാൻ തുടങ്ങിയതോടെ പൊതു വിപണിയിൽ തിരക്ക് കുറഞ്ഞു.   ഗുണമേന്മയുള്ള പച്ചക്കറി മുതൽ മത്സ്യവും ചിക്കനും മട്ടനുമെല്ലാം വിരൽത്തുമ്പിൽ വീട്ടിലെത്തിക്കാൻ ശീലിച്ചതോടെ മണിക്കൂറുകൾ മാർക്കറ്റിൽ അലയുന്നത് കുറഞ്ഞുവെന്നാണ് അണുശക്തി നഗറിൽ താമസിക്കുന്ന രജിതയും സമ്മതിക്കുന്നത്.  കുട്ടികളെ പഠിപ്പിക്കാനും, ക്രിയാത്മകമായ കാര്യങ്ങൾക്കും ഇപ്പോൾ സമയം ധാരാളം.  തിരക്ക് പിടിച്ച മുംബൈ ജീവിതത്തിൽ സമയവും പണവും ലഭിക്കാമെന്നതാണ് ഓൺലൈൻ വിപണിക്ക് നഗരത്തിൽ  കൂടുതൽ സ്വീകാര്യത ലഭിച്ചതെന്നാണ് കല്യാണിൽ താമസിക്കുന്ന നടരാജനും  അഭിപ്രായപ്പെട്ടത്. രണ്ടു മാസമായി ആരംഭിച്ച ന്യൂ ഫ്രഷ് മാര്ട്ടിന് മികച്ച പ്രതികരണമാണെന്നാണ് ലോജിസ്റ്റിക് രംഗത്തെ പ്രമുഖനായ ബിജു രാമൻ പറയുന്നത്. വിതരണ മേഖല വിപുലീകരിക്കുവാനുള്ള തയ്യാറെടുപ്പിലാണ് യുവ സംരംഭകൻ.

കോവിഡിന് ശേഷമുള്ള നഗരജീവിതത്തിൽ ഒട്ടേറെ മാറ്റങ്ങളാണ് പ്രകടമാകുന്നത്. എന്നിരുന്നാലും തൊഴിലാളികളുടെ നഗരത്തെ തിരിച്ചു പിടിക്കാനുള്ള തത്രപ്പാടിലാണ് മഹാനഗരം.

LEAVE A REPLY

Please enter your comment!
Please enter your name here