കോവിഡ് കാലത്ത് വീണു കിട്ടിയ ഭാഗ്യം; ബോളിവുഡ് അരങ്ങേറ്റത്തെ കുറിച്ച് സുമാ മുകുന്ദൻ

0

മുംബൈ നാടകവേദിക്ക് സുപരിചിതയായ സുമ മുകുന്ദൻ തന്റെ ആദ്യ സിനിമയിലെ അനുഭവങ്ങൾ പങ്കു വയ്ച്ചു. ഇതിനകം ഒരു പാട് നാടകങ്ങളിൽ അഭിനയിക്കാൻ ഭാഗ്യമുണ്ടായെങ്കിലും സിനിമയും നാടകവും തമ്മിലുള്ള വ്യത്യാസമെന്തെന്ന് മനസിലാക്കാനുള്ള അവസരം കൂടിയായിരുന്നു ബോളിവുഡിലേക്കുള്ള അരങ്ങേറ്റമെനന്നായിരുന്നു അഭിനേത്രിയും സാമൂഹിക പ്രവർത്തകയുമായ സുമ മുകുന്ദന്റെ ആദ്യ പ്രതികരണം. കോവിഡ് കാലത്ത് വീണ് കിട്ടിയ ഭാഗ്യമായാണ് ഇതിനെ കാണുന്നതെന്നും സുമ മുകുന്ദൻ കൂട്ടിച്ചേർത്തു.

കന്നിചിത്രത്തിൽ ബോളിവുഡ് താരം വിദ്യാ ബാലന്റെ അമ്മയായി അഭിനയിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് ഈ ഗുരുവായൂർ സ്വദേശിനി. വിദ്യയെ ചെറുപ്പം മുതലേ അറിയാമായിരുന്നുവെന്നും തന്റെ മക്കൾ പഠിച്ചിരുന്ന സ്‌കൂളിൽ തന്നെയായിരുന്നു വിദ്യയും പഠിച്ചിരുന്നതെന്നും സുമ പറഞ്ഞു. അത് കൊണ്ട് തന്നെ വിദ്യയുമൊത്തുള്ള അഭിനയം അനായാസമായെന്നും മുംബൈ മലയാള നാടകവേദിയിലെ മുതിർന്ന അഭിനേത്രി സന്തോഷം പങ്കു വച്ചു.

ഹിന്ദിയും മലയാളവും സംസാരിക്കാൻ അറിയാവുന്ന നടിയെ തേടിയുള്ള കൊച്ചിയിലെ കാസ്റ്റിംഗ് ഏജൻസിയുടെ അന്വേഷണമാണ് മുംബൈയിലുള്ള സുമ മുകുന്ദനിലേക്കെത്തുന്നത് . എന്നാൽ കോവിഡ് കാലത്ത് ലഭിച്ച അവസരത്തെ പെട്ടെന്ന് സ്വീകരിക്കാൻ മനസ്സ് വന്നില്ല. രോഗവ്യാപന സമയത്തെ ദൂരയാത്രകളും മറ്റും വലിയ ആശങ്കയുണ്ടാക്കി. എങ്കിലും വീട്ടുകാർ നൽകിയ പിന്തുണയും പ്രോത്സാഹനവുമായിരുന്നു ആദ്യ ഹിന്ദി ചിത്രത്തിലേക്ക് വഴി തെളിയിച്ചതെന്നും സുമ കൂട്ടിച്ചേർത്തു. തനിക്ക് കൂട്ടായി വന്ന കൊച്ചു മോളും വലിയ പ്രചോദനമായി. അമ്മൂമ്മയെ സഹായിക്കാൻ മാത്രമായി ഷൂട്ടിംഗ് ലൊക്കേഷനുകളിൽ അകമ്പടിയായി വന്ന കൊച്ചുമോൾ തന്റെ മറ്റൊരു ഭാഗ്യമായെന്നും സുമ അഭിമാനത്തോടെ പറഞ്ഞു.

പന്ത്രണ്ടാം വയസ്സിൽ നാടകാഭിനയം തുടങ്ങിയ സുമ മുകുന്ദൻ വിവാഹിതയായി മുംബൈയിലെത്തിയിട്ടും കലയെ കൈവെടിഞ്ഞില്ല. ഭർത്താവും മക്കളും നൽകിയ പിന്തുണ തന്നെയായിരുന്നു മുംബൈ പോലെ തിരക്ക് പിടിച്ച ജീവിതശൈലിയുള്ള നഗരത്തിൽ ഇത്രയേറെ നാടകങ്ങളിൽ അഭിനയിക്കാൻ പ്രാപ്തമാക്കിയത്. കൂടാതെ നല്ല സംവിധായകരുടെ ശിക്ഷണത്തിൽ നിരവധി പ്രതിഭകളോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞതും തന്റെ കഴിവിനെ പരിപോഷിപ്പിക്കുവാൻ സഹായിച്ചതായി സുമ പറഞ്ഞു.

കൽവ മലയാളി സമാജം സെക്രട്ടറിയായ സുമ മുകുന്ദൻ മലയാളം മിഷൻ തുടങ്ങി നഗരത്തിലെ നിരവധി സംഘടനകളിലും സജീവമാണ്. കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന നിരവധി പേർക്ക് സഹായങ്ങൾ എത്തിച്ചു നൽകുന്നതിലും സുമയുടെ നേതൃത്വം തുണയായിരുന്നു.

ഇന്ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ചിത്രത്തിൽ വിദ്യാ ബാലനൊപ്പം ശരത് സക്‌സേന, മുകുള്‍ ഛദ്ദ, വിജയ് റാസ്, ഇല അരുണ്‍, ബ്രിജേന്ദ്ര കല, നീരജ് കബി തുടങ്ങിയവരും അഭിനയിക്കുന്നു. അമിത് മസുര്‍കർ സംവിധാനം ചെയ്ത ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് ആസ്ത ടികുവാണ്. ടി സീരീസും അബുന്‍ഡാന്‍ഡിയ എന്റര്‍ടെയ്‌മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മധ്യപ്രദേശിലെ കാടുകളിലായിരുന്നു ഷേർണിയുടെ ചിത്രീകരണം.

മനുഷ്യനെ തിന്നുന്ന കടുവയെ പിടിക്കാനുള്ള ശ്രമമാണ് ചിത്രത്തിൽ പറയുന്നത്. മനുഷ്യനും കാടും തമ്മിലുള്ള ബന്ധത്തിൽ ഊന്നിയുള്ളതാണ് ചിത്രം.

LEAVE A REPLY

Please enter your comment!
Please enter your name here