വായന എന്തിന്, എങ്ങനെ, എപ്പോൾ? നല്ലൊരു ചോദ്യം തന്നെയാണത്.
“എന്തിനായാണ് സത്യത്തിൽ നാം വായിയ്ക്കുന്നത്? ശരിയായ കാരണം ഇന്നും കടങ്കഥ തന്നെ-വായന നമുക്ക് ആനന്ദമേകുന്നു. സങ്കീർണ്ണവും പ്രയാസമേറിയതുമായ ആനന്ദം.അത് പ്രായത്തിനും പുസ്തകത്തിനുമനനുസരിച്ചു മാറിക്കൊണ്ടിരിയ്ക്കും. പക്ഷേ ആ ആനന്ദം ധാരാളം തന്നെ.ആ മഹത്തായ ആനന്ദമില്ലായിരുന്നെങ്കിൽ ലോകം തികച്ചും വ്യത്യസ്തമായേനേ ഇന്നിൽ നിന്നും ഏറെ വിദൂരവും.” (വെർജീനിയ വൂൾഫ്).
വെർജീനിയ വൂൾഫിന്റെ ഈ നിഗമനത്തോട് പലരും യോജിയ്ക്കുന്നുണ്ടായിരിയ്ക്കാം. ഇല്ലെങ്കിൽ സ്വയം ആ ചോദ്യമൊന്നു ചോദിച്ചു നോക്കൂ. കിട്ടുന്ന ഉത്തരം എന്താകും? ഒന്നു നിങ്ങൾ സമ്മതിയ്ക്കും തീർച്ച, വായനയിൽ നിന്നും കിട്ടുന്ന സുഖം പലപ്പോഴും അവാച്യമായതു തന്നെ എന്ന്. പക്ഷേ എല്ലാവർക്കും ഈ തോന്നൽ ഉണ്ടാകണമെന്നുമില്ല. വായിയ്ക്കാനുള്ള മോഹം പലരിലും പലതരത്തിലാണല്ലോ കാണപ്പെടാറുള്ളത്. സാഹചര്യങ്ങൾക്കനുസരിച്ചും ഇതിനു വ്യതിയാനം വന്നെന്നു വരാം.
എന്നെ സംബന്ധിച്ചിടത്തോളം പുസ്തകങ്ങൾ സമയം ചിലവഴിയ്ക്കാനായുള്ള നല്ല പോംവഴിയാണെന്നൊരാൾ പറഞ്ഞെന്നിരിയ്ക്കും. ശരിയായിരിയ്ക്കാം, പക്ഷേ അതു മാത്രമാണോ? എങ്കിൽ അയാളുടെ വായന അയാൾക്കു ഫ്രീ സമയം കിട്ടുമ്പോൾ ബോറടിയ്ക്കാതിരിയ്ക്കുന്നതിനു മാത്രമായിരിയ്ക്കുമല്ലോ? മറ്റൊരാൾ പറഞ്ഞെന്നിരിയ്ക്കാം, ഞാൻ വായിയ്ക്കുന്നത് അറിവ് വർദ്ധിപ്പിയ്ക്കാനായാണെന്ന്. ഇവിടെയും നമുക്കു കാണാനാകുന്നു, ആവശ്യത്തിന്റെ താത്ക്കാലികത. അറിവു കൂടേണ്ടതാവശ്യം തന്നെ. വായന അതിനൊരുപാധിയുമാണ്. എന്നാൽ അതു കൊണ്ടു മാത്രം ഒരാളുടെ വായന അവസാനിയ്ക്കുന്നുവോ? പല സുഹൃത്തുക്കളോടും ഞാനീ ചോദ്യം ചോദിയ്ക്കുകയുണ്ടായി . മനസ്സിനു കൂടുതൽ ദാർഢ്യം കിട്ടാൻ, ജീവിതത്തിലെ പല പ്രശ്നങ്ങളേയും അഭിമുഖീരിയ്ക്കുന്നതിനുള്ള കരുത്തു നേടാൻ, വായന നമുക്കു കാണാൻ കഴിയാത്ത പല ജീവിത വീക്ഷണങ്ങളും തരുന്നതിനാൽ, പോകാൻ പറ്റാത്ത സ്ഥലങ്ങളേയും അവിടത്തെ ജനങ്ങളെപ്പറ്റിയും ജീവിതരീതിയെപ്പറ്റിയും അറിയാൻ എന്നിങ്ങനെ കിട്ടിയ ഉത്തരങ്ങൾ രസാവഹമാണ്. സത്യത്തിൽ ഇതിനൊക്കെ വേണ്ടിത്തന്നെയാണോ നാം വായിക്കുന്നത് ?
ശരിയ്ക്കു നോക്കുകയാണെങ്കിൽ സാഹചര്യത്തിനൊത്ത് വളർത്തി , മിനുക്കിയെടുത്ത ഒരു കഴിവ് മാത്രമാണ് വായനയെന്നാണ് എനിയ്ക്കു തോന്നിയിട്ടുള്ളത്. പിറന്നു വീണതിനു ശേഷമുള്ള കാലപ്രവാഹത്തിൽ ശിശു ഒന്നൊന്നായി പഠിയ്ക്കുന്ന ചലനങ്ങൾ അവനെ എഴുന്നേറ്റു നിൽക്കാനും സ്വന്തം കാലിൽ നിൽക്കാനും നടക്കാനും പ്രാപ്തനാക്കുന്നില്ലേ? പിന്നീട് അക്ഷരങ്ങളുടെ ലോകം അവനു മുന്നിൽ വിടരുന്നു. ഓടാനും ആടാനും പാടാനും വരയ്ക്കാനും ഒക്കെ അവൻ പഠിയ്ക്കുന്നെങ്കിലും എന്തു കാര്യത്തെക്കുറിച്ചുള്ള പഠനത്തിനും വായന അവനു അത്യന്താപേക്ഷിതമായി വരുന്നു. ഇതു കൊണ്ട്തന്നെ അറിയാതെ തന്നെയെങ്കിലും വായനയിൽ അവൻ വൈദഗ്ദ്ധ്യം തേടുന്നു. ഇതവനെ പലപ്പോഴും അവനറിയാതെ തന്നെ ആന്ദത്തിന്നായും ഉപയോഗിയ്ക്കാൻ പ്രേരിപ്പിയ്ക്കുന്നു. വായനയിൽ ആനന്ദം കണ്ടെത്താനാകുമ്പോൾ വായന കൂടുതൽ പ്രിയംകരമാകുന്നു. കൂടുതലായി വായിയ്ക്കുംതോറും അറിവിനൊപ്പം ആസ്വാദനവും കൂടി വരുന്നു.
വായിയ്ക്കാനും ആനന്ദിയ്ക്കാനുമുള്ള കഴിവുള്ളവർ നല്ല വായനക്കാരായി മാറുമ്പോൾ മറ്റു ചിലർ വായനയോടെങ്ങിനെ വിമുഖത ഉള്ളവരായി മാറുന്നു? കാര്യം ഗണിതത്തെ ഇഷ്ടപ്പെടുന്നവനും അല്ലാത്തവനും തമ്മിലുള്ള അന്തരം തന്നെ. ചിലർക്കതിനുള്ള മനോനില ഉണ്ടായെന്നു വരില്ല. വായിയ്ക്കുന്നതിനു പകരം നിരീക്ഷണങ്ങളിലൂടെ പഠനം നടത്തുന്നവരാണിത്തരക്കാർ. കൊച്ചു കുട്ടിയായിരുന്നപ്പോൾ എന്റെ ചെറിയ മകൻ ഇത്തരം സ്വഭാവത്തിനാൽ കഥാപുസ്തകങ്ങൾ വായിയ്ക്കാൻ തയ്യാറായിരുന്നില്ല, എന്നാൽ ദിനവും കഥ കേൾക്കുകയും വേണം.മൂത്ത മകനാണെങ്കിൽ ധാരാളം വായിയ്ക്കുന്ന സ്വഭാവക്കാരനായിരുന്നു. കേൾക്കുന്നതും നിരീക്ഷിയ്ക്കുന്നതും വഴി വൊക്കാബുലറി കൂടാമെങ്കിലും വായനയുടെ സുഖം ഇവനു നഷ്ടപ്പെടരുതെന്ന മോഹം, പറയുന്ന കഥകളെ ഇടയ്ക്കു വെച്ചു നിർത്തി അവനിൽ ഔത്സുക്യം നിറയ്ക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചു. പകുതി വച്ചു നിർത്തിയ കഥകളുടെ ബാക്കിയ്ക്കായി പുസ്തകം കൈയ്യിലെടുക്കാൻ നിർബന്ധിതനായവൻ പിന്നീട് വായന അങ്ങേയറ്റം ആസ്വദിയ്ക്കാനും തുടങ്ങി. ഇതിൽ നിന്നും മനസ്സിലായല്ലോ, വായന നാം തന്നെ ആർജ്ജിച്ചെടുക്കേണ്ടുന്ന ഒരു സ്കിൽ മാത്രമാണെന്ന്. അതിന്റെ വൈവിദ്ധ്യമേറിയ ഉപയോഗങ്ങൾ നിങ്ങളെ മറ്റെല്ലാത്തിനും സഹായിയ്ക്കുമെന്നു മാത്രം. അറിവിനായും ആനന്ദത്തിനായും കരുത്തിനായും അനുഭവങ്ങൾക്കായുമെല്ലാം.
നിങ്ങൾക്കറിയാമല്ലോ അറിവുള്ള വ്യക്തികൾ എവിടെയും ആദരിയ്ക്കപ്പെട്ടു കാണുന്നു. എത്രയോ വർഷങ്ങളിലെ നിരന്തരമായ വായന തന്നെയായിരിയ്ക്കാം സ്വന്തം മേഖലയിൽ അവരെ ഇത്രമാത്രം ആധികാരികമായ ജ്ഞാനത്തിന്നുടമയാക്കി മാറ്റുന്നത്. ഇവിടെ വായന ആവശ്യത്തിന്റേയും അതു വഴി ശക്തിയുടെയും കൂടി പ്രതീകമായി മാറുന്നു.
വായന കൂടുതൽ ആശയങ്ങളെ പ്രദാനം ചെയ്യുന്നതിനാൽ ചിന്താശക്തിയെ ഉദ്ദീപിപ്പിയ്ക്കുന്നു. നല്ല ഒരു വാഗ്മി നല്ലൊരു വായനക്കാരനാകാതെ വയ്യ. അയാളുടെ വായനയുടെ ഗുണംതന്നെയായിരിയ്ക്കും അയാളുടെ ശക്തിയും. അനർഗ്ഗളമായി ഒഴുകുന്ന ഒരു പ്രസംഗം സുഖകരമായ വായനയ്ക്കു തുല്യം തന്നെ. രണ്ടും നമ്മുടെ മനസ്സിന് കിട്ടുന്ന പോഷക പദാർത്ഥം തന്നെ.പക്ഷേ..
“വെറും വായന അറിവിന്റെ ഘടകങ്ങൾ മാത്രം നമുക്കു നൽകുന്നു: അതിനെ നമ്മുടേതാക്കി മാറ്റുന്നത് ചിന്തകളാണ്.” (ജോൺ ലോക്ക്).
എന്തിനെക്കുറിച്ചെങ്കിലും പറഞ്ഞുകൊണ്ടിരിയ്ക്കുമ്പോൾ അതിനോടനുബന്ധിച്ച കാര്യങ്ങൾ നാം വായിച്ചിട്ടുള്ളവ ചിന്തകൾ വഴി പുറത്തേയ്ക്കു പ്രവഹിയ്ക്കുന്നു. പരീക്ഷാഹാളിൽ ഉത്തരമെഴുതുന്ന കുട്ടിയും ഇതു തന്നെയാണല്ലോ ചെയ്യുന്നത്. അറിവിനെ ആർജ്ജിയ്ക്കുക എന്നുവെച്ചാൽ നിരന്തരമായ ഗൌരവമിയന്ന വായനയിലൂടെ പലതും കണ്ടെത്തലാണ്. അവയിൽ നമുക്കറിയാവുന്ന സത്യങ്ങൾക്കൊപ്പം ചിന്താശക്തിയാൽ വികസിപ്പിച്ചെടുത്ത പുത്തൻ അറിവുകളും ഉൾപ്പെട്ടേയ്ക്കാം.
“മനസ്സിന്റെ ഹോസ്പിറ്റലാണ് ഒരു നല്ല ലൈബ്രറി”.
ഇവിടെ പുസ്തകങ്ങൾ മരുന്നുകളും. പലപ്പോഴും മനസ്സ് അസ്വസ്ഥമായ സമയങ്ങളിൽ കൈയ്യിൽക്കിട്ടുന്ന നല്ല പുസ്തകങ്ങൾ മരുന്നിന്റെ ഫലം ചെയ്യുന്നു.
വായനയുടെ വൈവിദ്ധ്യമെന്നപോലെ തന്നെ വായനക്കാരിലെ വൈവിദ്ധ്യവും ശ്രദ്ധേയമാണ്. സാമുവൽ ടെയ്ലർ കോളറിഡ്ജ് വായനക്കാരെ നാലു തരത്തിലുള്ളവരാക്കി തരം തിരിച്ചിരിയ്ക്കുന്നു. ആദ്യതരക്കാർ സ്പോഞ്ചിനെപ്പോലെയാണ് എന്നാണദ്ദേഹം പറയുന്നത്. കാരണം വായിക്കുന്നതെന്നും അവർ വലിച്ചെടുക്കും .അതേപോലെ തന്നെ അൽപ്പം വൃത്തികേടാക്കി തിരിച്ചും തരും. രണ്ടാമത്തെ തരക്കാർ സാൻഡ്-ഗ്ലാസ്സിനു തുല്യരാണ്. അവർ വായിച്ചതൊന്നും തന്നെ ഓർമ്മയിൽ കരുതി വയ്ക്കില്ല. സാൻഡ് ഗ്ലാസ്സിലൂടെ ഒരേ വേഗതയിൽ ഊർന്നു വീഴുന്ന മണൽത്തരികളെപ്പോലെ വായനയിലൂടെ സമയത്തെ കളയാനായി മാത്രം വായിയ്ക്കുന്ന ശീലമുള്ളവരാണിവർ. കുടം കമഴ്ത്തി വച്ച് വെള്ളമൊഴിയ്ക്കുന്നതിന് തുല്യമാണ് ഇത്തരക്കാരുടെ വായന. മൂന്നാമത്തെക്കൂട്ടർ അരിപ്പകളെപ്പോലെയാണ് എന്നാണിദ്ദേഹത്തിന്റെ നിഗമനം. അടിയിലൂറിക്കിടക്കുന്ന സത്ത അല്ലെങ്കിൽ ചണ്ടി മാത്രം ഇവർ ശേഖരിയ്ക്കുന്നു, ബാക്കി പുറത്തുകളയുന്നു. നാലാമത്തെക്കൂട്ടർ വളരെ അപൂർവ്വവും വിലമതിയ്ക്കാനാകാത്തതുമായ മുഗൾ രത്നങ്ങൾക്കു സമമാണ്. വായന കൊണ്ടു സ്വയം നന്നാകാനും മറ്റുള്ളവരെ നന്നാക്കാനും ഇവർക്കാകുന്നു. കോളറിഡ്ജിന്റെ ഈ വീക്ഷണം ശരിയാണെന്നു സാധാരണക്കാർക്കു പോലും ചുറ്റും നോക്കിയാൽ മനസ്സിലാകുന്നതാണ്. ഇതിലേതു തരത്തിൽപ്പെട്ടതായിരിയ്ക്കും നമ്മളെന്നറിയാനും ശ്രമിയ്ക്കാം. അത് നമ്മുടെ നിലവാരത്തെ അൽപ്പം കൂടി മെച്ചപ്പെടുത്താൻ ഉതകിയെന്നുമിരിയ്ക്കും.
ഒരു നല്ല വായനക്കാരൻ എപ്പോഴും തന്റെ അറിവിനാൽ കിട്ടിയ ആത്മവിശ്വാസത്തിൽ വേറിട്ടു നിൽക്കുന്നതായി കാണാം.
വായനയും ചുറ്റുപാടുകളും ഒരേപോലെ മനുഷ്യന്റെ വിജ്ഞാനദാഹത്തിന്റെ അളവു കൂട്ടുന്നു. നല്ല കൂട്ടുകാർക്കൊത്തുള്ള സഹവാസം നമ്മളിലും നന്മയുടെ വിത്തുകൾ വിതയ്ക്കുന്നത്പോലെ നല്ല വായനാശീലമുള്ള കൂട്ടുകാർ നമ്മെ അതുപോലെ വായനക്കാരാക്കി മാറ്റിയെന്നിരിയ്ക്കാം. വായിക്കുന്ന പുസ്തകങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളും പലപ്പോഴും ഇതുപോലെ കൂട്ടുകാരിൽ നിന്നും പകർന്നെന്നു വരാം.
ദിനപ്പത്രങ്ങളുടെ തന്നെ കാര്യമെടുക്കാം. നാം മലയാളികൾ പത്രം വായിക്കുന്ന കാര്യത്തിൽ പണ്ടും മുന്നിലായിരുന്നു. പണ്ടു കാലത്ത് നാട്ടിൻ പുറങ്ങളിലെ കൊച്ചു ചായക്കടകളിൽ രാവിലെ കാണാമായിരുന്ന തിരക്കിന്റെ പ്രധാന ആകർഷണം ആ കടയിലെ ചായയോ പലഹാരങ്ങളുടെ സ്വാദോ അല്ലെന്നും അവിടെ വരുന്ന ദിനപ്പത്രങ്ങളായിരുന്നെന്നതും എല്ലാവർക്കു മറിയാവുന്ന ഒരു സത്യം ആയിരുന്നു.വായിയ്ക്കാൻ അറിയാത്തവർക്കായി ഉച്ചത്തിൽ പത്രം വായിച്ച് കേൾപ്പിയ്ക്കലും അക്കാലത്തെ പ്രത്യേകതയായിരുന്നു. അതിൽ നിന്നും ഉരുത്തിരിയുന്ന ചർച്ചകൾ അവിടത്തെ ജനതയുടെ മനസ്സിൽ ലോകത്തെക്കുറിച്ചു വ്യക്തമായ കാഴ്ച്ചപ്പാടുകളുണ്ടാക്കി. ചിലർക്ക് ചില പത്രങ്ങളോടുള്ള പ്രതിപത്തി പലപ്പോഴും അവരുടെ രാഷ്ട്രീയപരമായ നിലപാടുകൂടി വ്യക്തമാക്കുന്ന വിധമായിരുന്നു.
ദൈനംദിന പത്ര പാരായണം നമ്മെ വായനയുടെ ലോകത്തിനോട് എത്രമാത്രം അടുപ്പിയ്ക്കുന്നുവെന്ന സത്യം പലപ്പോഴും നാം മനസ്സിലാക്കാത്തതിനു കാരണം നാമിതിനെ ഒരു വായനയായിട്ടേ കണക്കാക്കിയിട്ടില്ല എന്നതിനാലായിരിക്കാം. പത്രവായനയെ പല്ലു തേപ്പും കുളിയുമെന്നപോലെത്തന്നെ ഒരു ദിവസത്തെ രാവിലത്തെ ദിനചര്യകളിലൊന്നായി നാം കാണക്കാക്കിക്കഴിഞ്ഞിരിയ്ക്കുന്നു. ഇവിടെ അറിവുകൾ ശേഖരിയ്ക്കപ്പെടുന്നു. ചർച്ചകൾ നടക്കുന്നു. ചിന്തകൾ ഉദ്ദീപിയ്ക്കപ്പെടുന്നു. അവയിൽ പലതിനേയും നാം മനസ്സിലേറ്റുകയും ചെയ്യുന്നു. എന്നിട്ടും നമുക്കതിനെ വായനയായി തോന്നുന്നില്ല. ശരിയായ വായനയുടെ ഉത്തമ ലക്ഷണം തന്നെയാണിത്.
ആഴ്ച്ചപ്പതിപ്പുകൾ, മാഗസിനുകൾ എന്നിവയും സ്ഥിരമായി നാം വായിയ്ക്കുന്നുണ്ടെങ്കിലും ഇവ വായിയ്ക്കുന്നതു അറിവിനുവേണ്ടിയാണെന്നു പറയാനാവില്ല. ഇവ ആസ്വാദനത്തിനു വേണ്ടിയാണു നാം വായിയ്ക്കുന്നത് എന്നു പറയാം.ഈ വായന നമുക്കു ഹൃദ്യമായി തോന്നുന്നു . അതു കൊണ്ടു തന്നെ നാം അവയിലെ ആസ്വാദനത്തെ അളക്കുന്നു. പലപ്പോഴും ഇവയിൽ വരുന്ന തുടർക്കഥകൾ നാം ഉദ്വേഗത്തോടെ കാത്തിരുന്നവയായിരിയ്ക്കാം, പക്ഷേ വായിയ്ക്കുന്നതിലപ്പുറം മനസ്സിലേറ്റാൻ ഒന്നുമില്ലാത്ത തരം വായനകളാണിവയെന്നു കാണാം. എന്നിട്ടും ഇത്തരം വായനകൾ വായനക്കളരിയിലെ പാഠങ്ങളായി നമുക്കു മാറുന്നുണ്ടെന്നതും സത്യം മാത്രം.
പുസ്തകങ്ങളുടെ വായനയെ നാം വളരെയേറെ സീരിയസ് ആയി എടുക്കുന്നു. അവ പാഠ്യവിഷയങ്ങളായാലും അല്ലാത്തവയായാലും കൂടുതൽ ആധികാരികത നിറഞ്ഞതായി നമുക്കു തോന്നുന്നു. നോവൽ, കഥ, കവിത തുടങ്ങിയ സാഹിത്യപരമായ പുസ്തകങ്ങൾ എഴുത്തുകാരന്റെ കഴിവു പ്രകടമാക്കുമ്പോൾ നമുക്കും പ്രിയങ്കരമായി മാറുന്നു.
ഒരെഴുത്തുകാരൻ പുസ്തകമെഴുതുന്നതു കൊണ്ടു മാത്രം എഴുത്തുകാരൻ ആകുന്നില്ലെന്നതാണ് സത്യം. അയാളുടെ എഴുത്തിനെ മനസ്സിലേറ്റാൻ വായനക്കാർ കൂടി വരുമ്പോൾ മാത്രമേ അയാൾ യഥാർത്ഥ എഴുത്തുകാരനായി മാറുന്നുള്ളൂ.
“എഴുത്തുകാർക്കിടയിലും രണ്ടു തരക്കാരുണ്ട്: നിങ്ങളെ ചിന്തിപ്പിയ്ക്കുന്നവരും, നിങ്ങളെ അതിശയിപ്പിയ്ക്കുന്നവരും.“ (ബ്രിയാൻ ആൾഡിസ്).
ചിന്തിപ്പിയ്ക്കാൻ കഴിഞ്ഞെന്നുവരാം, അതിശയിപ്പിയ്ക്കാൻ കഴിയുമ്പോൾ എഴുത്തുകാരൻ ശ്രദ്ധിയ്ക്കപ്പെടുന്നു.
ഇലക്ട്രോണിക് യുഗത്തിന്റെ ആഗമനം നമ്മുടെ വായനാശീലത്തെ കുറച്ചൊന്നുമല്ല, ബാധിച്ചിരിയ്ക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ വന്ന മാറ്റം പ്രത്യേകം എടുത്തു പറയേണ്ടത് തന്നെ. നമ്മുടെ വായന കുറയുകല്ല, സത്യത്തിൽ കൂടുകയാണു ചെയ്തിരിയ്ക്കുന്നത്. ചർച്ചകൾ, ഡിസ്ക്കഷനുകൾ എന്നിവയും സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളിലൂടെ കൂടിയിരിയ്ക്കുന്നു.
ഓൺ ലൈൻ വായനയുടെ സാധ്യത നമുക്കൊരു പുതിയ ലോകത്തെയാണു തുറന്നു കാണിച്ചത്. സമയ ലാഭവും അറിയേണ്ട വിവരം കൈയിൽ കിട്ടുന്നതിനുള്ള സൌകര്യവും ഇതിനെ കൂടുതൽ ആകർഷകമാക്കി മാറ്റി. മൊബൈലുകളും സ്മാർട്ട് ഫോണുകളും ടാബ് ലെറ്റുകളും ,സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളും വായനയുടെ സമയത്തെ അപഹരിച്ചെന്ന അപവാദം നാം കേൾക്കാതിരിയ്ക്കുന്നില്ല. പക്ഷേ ട്വിറ്റർ, ഫെയ്സ്ബുക്ക് തുടങ്ങിയ സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകൾ വഴി നടക്കുന്ന വായനയും എഴുത്തും നമ്മെത്തന്നെ അത്ഭുതപ്പെടുത്തുന്നു. പത്തു വർഷം മുൻപായി ഓർക്കൂട്ടിലും ഫെയിസ് ബുക്കിലുമായി ഞാൻ തുടങ്ങി വച്ച WRITERS AND READERS എന്ന കമ്മ്യൂണിറ്റി ഓർക്കൂട്ട് ഇത്രയേറെ അനക്കമില്ലാത്ത ഒന്നായി മാറിയിട്ടുകൂടി ഫെയിസ്ബുക്കു വഴി ഇന്നും സജീവമാണെന്നും എഴുതാനും വായനയ്ക്കുമായി പലരും എത്തിച്ചേരുന്നുണ്ടെന്നും എനിയ്ക്കു കാണാനാകുന്നു. ഇത്തരം ഒട്ടനവധി കമ്മ്യൂണിറ്റികളിൽ എഴുത്തും വായനയും നടക്കുന്നതിനർത്ഥം നല്ല എഴുത്തുകൾ എവിടെയായാലും എന്നും ശ്രദ്ധിയ്ക്കപ്പെടും എന്നതിനൊരുദാഹരണം മാത്രമാണ്.
നിങ്ങളുടെ വായന നിങ്ങളുടെ വീക്ഷണങ്ങളിൽ പ്രതിഫലിയ്ക്കണം. നേടിയ അറിവിനെ പകർന്നു കൊടുക്കാതിരിയ്ക്കുന്നത് കഴിച്ച ഭക്ഷണം ദഹിയ്ക്കാതെ വയറിൽ കിടക്കുന്നതിന് തുല്യമാണ്. അങ്ങിനെ നോക്കുമ്പോൾ എഴുത്തും വായനയും സമൂഹത്തിനോട് നമുക്കുള്ള കടപ്പാടു കൂടിയാണെന്നു കാണാം.എഴുത്തിലൂടെ നിങ്ങൾക്കറിയാവുന്നവ നിങ്ങൾ പകർന്നു നൽകുന്നു, സമൂഹത്തിന്നായി. ആ അറിവു നേടുന്നതിനായി നിങ്ങൾ വായനയെ ഉപയോഗപ്പെടുത്തുന്നു.
വായന എവിടെ എങ്ങിനെ നടക്കുന്നുവെന്നതല്ല പ്രശ്നം. അവ നിങ്ങൾക്കു ഫലപ്രദമാകണമെന്നതാണ്. വളർത്തിയെടുക്കേണ്ടുന്ന ഒരു പ്രത്യേക സിദ്ധി തന്നെയാണു വായന. വായനയുടെ മേന്മയാൽ ഹൃദ്യമാകുന്ന പുസ്തകങ്ങൾ വിരചിയ്ക്കാൻ കഴിയുന്ന എഴുത്തുകാരോടുള്ള നിങ്ങളുടെ നന്ദി പറയൽ കൂടിയാണു വായന .
സാമുവൽ ടെയ്ലർ കോളറിഡ്ജ് തരം തിരിച്ച വായനക്കാരിലെ നാലാമത്തെ തരത്തിലുള്ള വായനക്കാരുടെ അളവ് കൂട്ടുകയാണു ശരിയായ ആവശ്യം. വായനകൊണ്ട് സ്വയം നന്നാകാനും മറ്റുള്ളവരെ നന്നാക്കാനും കഴിയുമ്പോൾ ജീവിതം ധന്യമാകുന്നു.
Let books be your dining table
And you shall be full of delights
Let them be your mattress
And you shall sleep restful nights
~Author Unknown
എത്ര സത്യം! പുസ്തകങ്ങളാകുന്ന തീൻമേശയിലെ വിഭവസമൃദ്ധമായ സദ്യ!
പുസ്തകങ്ങളാകുന്ന കിടക്കയിലെ വിശ്രാന്തികരമായ രാത്രികൾ! ഏതു വായനക്കൊതിയനും ഇതിൽപ്പരം മറ്റെന്തുണ്ട് മോഹിക്കാൻ?
ഏവർക്കും വായനദിനാശംസകൾ! –
