പാട്ടുകൾ പെയ്തിറങ്ങുന്ന മുംബൈയിലെ സംഗീത കൂട്ടായ്മ

0

കഴിഞ്ഞ ഒരു ദശാബ്ദ കാലമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സംഗീതാസ്വാദകരെ ഏകോപിപ്പിച്ചു കൊണ്ട് വാട്ട്സപ്പിലൂടെ രാത്രി പാട്ടുകളുമായെത്തി നിദ്രയെ മഹനീയമാക്കുന്നൊരു മുംബൈ മലയാളിയുണ്ട്. മലയാള സിനിമ തറവാട്ടിലെ പ്രമുഖരും, രാഷ്ട്രീയ, കലാ,സാംസ്‌കാരിക, മാധ്യമ , വ്യവസായ ആതുര സേവന രംഗത്തെ പ്രമുഖർ അടങ്ങുന്ന സംഗീത പ്രേമികളുടെ കൂട്ടായ്‌മയെ നയിക്കുന്നത് മുംബൈയിലെ സാമൂഹിക സാംസ്‌കാരിക രംഗത്ത് അറിയപ്പെടുന്ന എം ബിജു കുമാർ ആണ്.

മുംബൈയിൽ നിന്നുള്ള “ഇന്നത്തെ രാത്രി പാട്ട്” 450-ൽ പരം ആസ്വാദകരുമായി രണ്ട് ഗ്രൂപ്പുകളിലായി നിറഞ്ഞു നിൽക്കുന്നു. ദിവസേന രാത്രി 9 മണിയോടെ പാട്ടുകൾ സമർപ്പിക്കുന്നതിൽ ബിജു മുടക്കം വരുത്തിയിട്ടില്ല. കൂടെ പാട്ടിന്റെ ലഘു ചരിത്രവും പങ്കു വയ്ക്കുന്നു.

2004-ൽ കേരളത്തെ നടുക്കിയ സുനാമി ദുരന്തത്തിൽ എല്ലാ നഷ്ടപെട്ടവർക്കുവേണ്ടി മുംബൈയിലെ ഷണ്മുഖാനന്ദ ഹാളിൽ ഒരു സംഗീത പരിപാടി സംഘടിക്കുന്നതിലൂടെയാണ് ബിജുകുമാർ സംഗീത ലോകത്തേക്ക് കടന്നു വരുന്നത്. പരിപാടിയിലേക്ക് ക്ഷണിക്കുവാനായാണ് ചെന്നൈയിലെ പ്രശസ്ത സംഗീത സംവിധായകൻ ദേവരാജൻ മാസ്റ്ററുടെ വീട്ടിലെത്തുന്നത്. എന്നാൽ അന്ന് അദ്ദേഹവുമായി ചിലവഴിച്ച രണ്ട് മണിക്കൂർ സമയം കൊണ്ട് താൻ ആ വലിയ സംഗീതജ്ഞന്റെ കടുത്ത ആരാധകനായി മാറുകയായിരുന്നുവെന്ന് ബിജുകുമാർ പറയുന്നു. അങ്ങിനെയാണ് മാർച്ച് 2005-ൽ സിനിമ താരങ്ങളായ മധു ഷീല എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ട് “പരികുട്ടിയും കറത്തമ്മയും മുംബൈയിൽ” എന്ന പരിപാടി ഷണ്മുഖാനന്ദ ഹാളിൽ അരങ്ങേറിയത്. ദേവരാജൻ മാഷിനോട് അന്ന് തോന്നിയ ആരാധനയായിരുന്നു പിന്നീട് സംഗീതത്തെ കൂടെ കൊണ്ട് നടക്കാൻ ബിജുവിനെ പ്രേരിപ്പിച്ചതും ഇന്നത്തെ രാത്രി പാട്ടെന്ന വാട്ട്സപ്പ് കൂട്ടായ്മ പിറവിയെടുക്കുന്നതും. മലയാള സിനിമ തറവാട്ടിലെ കാരണവരായ മധുവിന്റെ അഭിനയ ജീവിതം 55 വർഷം പൂർത്തിയാക്കുമ്പോൾ ആദരവ് നൽകുവാൻ മുംബൈയിൽ വേദിയൊരുക്കിയതും ബിജുകുമാറാണ്.

രണ്ടു വർഷം മുൻപ് ആരോഗ്യ പ്രശനങ്ങളാൽ ആശുപത്രിയിൽ കിടന്നപ്പോൾ ഒരു ദിവസം മാത്രമാണ് സംപ്രേക്ഷേപണം ചെയ്യാൻ കഴിയാതെ പോയത്. അന്ന് നൂറിലധികം പേരാണ് കാരണം അന്വേഷിച്ചു സന്ദേശങ്ങൾ അയച്ചത്. എന്നും പാട്ടുകൾ കേട്ട് ശീലിച്ച പലർക്കും പിന്നെ പാട്ടു കേൾക്കാതെ ഉറക്കം വരില്ലെന്ന നിലയിലായെന്നാണ് ബിജു പറയുന്നത്. മനുഷ്യരുടെ ജീവിതത്തെ അത്രമാത്രം സംഗിതം സ്വാധിനിച്ചിട്ടുണ്ടെന്നും കോവിഡ് മഹാമാരിയിൽ പോലും ഒരു ദിവസവും മുടങ്ങാതെ ഇന്നത്തെ രാത്രി പാട്ട് സംപ്രേഷേപണം ചെയ്യാനുള്ള പ്രേരണ പങ്കിട്ട് ബിജു കൂട്ടിച്ചേർത്തു.

ഒരു സംഗീത കൂട്ടായ്മ എന്നതിലുപരിയായി നന്മ വറ്റാത്ത സമൂഹത്തിന്റെ ഇടം കൂടിയായി മാറുകയാണ് ഈ കൂട്ടായ്മ. ഈയിടെ മലയാളി മനസ്സിൽ പാടി പതിഞ്ഞ “കേശഭാരം കബനിയിൽ അണിയും കേരള നൃത്തകലാ..” എന്ന ഗാനം ആലപിച്ച മനോഹരനെ സഹായിക്കുവാൻ കഴിഞ്ഞുവെന്ന് ബിജു പറഞ്ഞു. ഗായകന്റെ ജീവിതം ലോക്ക്ഡൌൺ ആയതോടെ ദുരിതത്തിലായെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിലായിരുന്നു ഇന്നത്തെ രാത്രി പാട്ടിലെ ആസ്വാദകരുടെ സഹായത്തോടെ സഹായമെത്തിക്കാൻ കഴിഞ്ഞത്.

കോവിഡ് പടിയിറങ്ങി ജനജീവിതം സാധാരണ നിലയിലേയ്ക്ക് നടന്ന് കയറുമ്പോൾ ഇന്നത്തെ രാത്രി പാട്ട് എന്ന പേരിൽ മുംബൈയിൽ ഒരു സംഗീത നിശ സൗജന്യമായി നടത്താനുള്ള തയ്യാറെടുപ്പിലാണ് ബിജു കുമാർ.

LEAVE A REPLY

Please enter your comment!
Please enter your name here