നാടോടിവിജ്ഞാനീയങ്ങളിലെ ചിന്തുകൾ പാടി അക്ഷരസന്ധ്യ

0

കേരളത്തിന്റെ ഓരോ പ്രദേശത്തിന്റെയും കഥ പറയുന്ന വായ്‌മൊഴിയായുള്ള നാടന്‍ പാട്ടുകള്‍ പാടിയും നാടോടി വിജ്ഞാനീയത്തിൻ്റെ ഉറവ തേടിയും അക്ഷരസന്ധ്യയുടെ പ്രതിമാസ സാഹിത്യചർച്ച ശ്രദ്ധേയമായി.

ഫോക്‌ലോറിന് മലയാളത്തിൽ ഒരു വിജ്ഞാനകോശം രചിച്ച ചരിത്ര പുരുഷനായ ഡോ.എം.വി.വിഷ്ണു നമ്പൂതിരിയുടെ കൃതികളെ കുറിച്ച് ചർച്ച ചെയ്ത നെരൂളിലെ ന്യൂ ബോംബെ കേരളീയ സമാജത്തിൻ്റെ സാഹിത്യ സദസ്സായ അക്ഷരസന്ധ്യയുടെ ചർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് എഴുത്തുകാരനായ സുരേഷ് വർമ്മയാണ്. ചർച്ച ഉദ്ഘാടം ചെയ്ത മുൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫോക് ലോർ വിഭാഗം മേധാവി ഡോ.ഗോവിന്ദവർമ്മ രാജ നാടോടി പാട്ടിൻ്റെ മേഖലയുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കുന്നവരുടെ ഇടയിലേക്ക് മറ്റു സാങ്കേതിക സഹായങ്ങൾ കൂടാതെ നേരിട്ടുചെന്ന്‌ വിവരശേഖരണങ്ങൾ നടത്തിയിരുന്ന ഡോ. വിഷ്ണു നമ്പൂതിരിയുടെ അന്വേഷണങ്ങളിലേക്ക് വെളിച്ചം വിതറി.

നേരിട്ട് താഴെ തട്ടിലിറങ്ങിയ വിഷ്ണു നമ്പൂതിരിയെ അന്ന് പുലയ നമ്പൂതിരി എന്ന് വിളിച്ചിരുന്നതായും ഗോവിന്ദവർമ്മ രാജ പറഞ്ഞു.

വിഷ്ണു നമ്പൂതിരി സംഭാവന ചെയ്ത ജനസംസ്കാര പഠന ഫോക്‌ലോർ ഉപന്യാസങ്ങൾ, നാടൻകലകളുടെ സമഗ്രപഠനങ്ങൾ, പുരാവൃത്തപഠനങ്ങൾ പരിസ്ഥിതി-ജൈവവൈിധ്യ പഠനം എന്നിവയേയും രാജ പരാമർശിച്ചു.

വായ്ത്താരികളിലൂടെ ഓരോ സ്ഥലത്തിനും, അതിനനുസരിച്ച ജോലിയും, ജോലിക്കു ചേര്‍ന്ന നാടന്‍ പാട്ടുകളും ഉള്ളതിനാല്‍ ഓരോ പ്രദേശത്തെയും നാടന്‍ പാട്ടുകൾ എങ്ങിനെ വ്യത്യസ്തമാവുന്നു എന്ന് രാജ വിശദീകരിച്ചു.

പാട്ടുകാരുടെ താത്പര്യത്തിനനുസരിച്ചുള്ള ശീലുകളില്‍ പാടുന്ന നാടന്‍ പാട്ടിന്റെ വരികള്‍ വരും തലമുറകളിലേക്കു കൈമാറിയത് വായ്‌മൊഴിയിലൂടെ മാത്രമായിരുന്നുവെന്നും എല്ലാ നാടൻ പാട്ടുകൾക്കും കൃത്യമായ രാഷ്ട്രീമുണ്ടായിരുന്നുവെന്നും ചർച്ചയിൽ പങ്കെടുത്ത ഫോക്ക്‌ലോർ ഗവേഷകനും വിദ്യാഭ്യാസ പ്രവർത്തകനുമായ സുരേഷ് എഴുവന്തല പറഞ്ഞു. ഇന്നുള്ളത് പലതും ഫോക് ലോറല്ല മറിച്ച് ഫേക് ലോറാണെന്നും എഴുവന്തല ഓർമ്മിപ്പിച്ചു.

നാടൻ പാട്ടിൻ്റെ ആലാപകനായ ജനാർദ്ദനൻ പുതുശ്ശേരി തൊഴിലും ദൈവവും കാലവും സമത്വ ബോധവും വരുന്ന നാടൻ പാട്ടുകളെ അടയാളപ്പെടുത്തി പാടി അക്ഷരസന്ധ്യയിൽ തുയിലുണർത്തി. വിവിധ പ്രദേശങ്ങളിലെ വായ്ത്താരികളും അവയിലെ ആലാപന വ്യതിരിക്തതകളും സംഗീതകാരനും ഗവേഷകനും കൂടിയായ ജനാർദ്ദനൻ പുതുശ്ശേരി പാടി പരിചയപ്പെടുത്തി.

വിശ്രുത ഫോക്ലോർ ഗവേഷകനായ എം ശിവശങ്കരൻ, വിഷ്ണു നമ്പൂതിരിയുടെ കേരളത്തിലെ നാടൻസംഗീതം എന്ന കൃതിയെപ്പറ്റിയും സംഗീതത്തിലെ മട്ടുകളും രീതികളും മാറുന്നതിനെ പറ്റിയും വിശദീകരിച്ചു. പ്രത്യേകമയച്ച ശബ്ദ സന്ദേശത്തിലൂടെ ശിവശങ്കരൻ വംശീയസംഗീതം, ആദിമസംഗീതം, ജനകീയ സംഗീതം, നാടൻസംഗീതം, എന്നിവയെപ്പറ്റിയുള്ള വിഷ്ണു നമ്പൂതിരിയുടെ കാഴ്ചപ്പാടുകളെയും കൂട്ടായ്മയുടെ ശക്തി സൗന്ദര്യമാണ് നാടൻപാട്ടുകൾ എന്ന സങ്കല്പത്തേയും കുറിച്ച് വിശദീകരിച്ചു.

ഇന്ന്‌ ഏതാണ്ട്‌ അന്യമായിക്കൊണ്ടിരിക്കുന്ന പ്രാചീന ദൃശ്യകലാരൂപങ്ങളെ കുറിച്ചും സ്പർശിച്ച സദസ്സ് തെയ്യവും കുമ്മാട്ടിയും തൊഴിലും തൊഴിലിടവും സ്ത്രീയുടെ അടിമത്വവുമൊക്കെ അക്ഷരസന്ധ്യ ചർച്ച ചെയ്തു.

ഉഴവൂർ ശശി, ജി.വിശ്വനാഥൻ, മാത്യു തോമസ്, ഇടശ്ശേരി രാമചന്ദ്രൻ, രഘു ബാലകൃഷ്ണൻ, ടി.കെ.മോഹനൻ, സി.കെ.കെ.പൊതുവാൾ, ഋചീക് എന്നിവരും സംസാരിച്ച ചടങ്ങിൽ നെരൂൾ സമാജം പ്രസിഡണ്ട് കെ ടി നായർ സ്വാഗതവും അനിൽപ്രകാശ് നന്ദിയും പറഞ്ഞു. ഷാജൻ ഡി.സി സാങ്കേതിക സഹായവും നല്കി .

DELIVERY @ NAVI MUMBAI, CHEMBUR, GOVANDI, ANUSHAKTHI NAGAR, DOMBIVLI, KALYAN, THAKURLI, ULHASANAGAR, AMBERNATH

LEAVE A REPLY

Please enter your comment!
Please enter your name here