പെണ്‍കുട്ടികളോട് വിവേചനം വേണ്ടെന്ന് ശ്രീധന്യ

0

മലയാള സിനിമ ടെലിവിഷൻ താരമായ ശ്രീധന്യ ഈയിടെ തന്റെ ഫേസ്ബുക്കിൽ പങ്ക് വച്ച വീഡിയോയാണ് സമൂഹ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി മാധ്യമങ്ങളിൽ നിറയുന്ന പെൺകുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളോട് പ്രതികരിക്കുകയായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ താരം.

പെൺകുട്ടികൾ ജനിച്ചു വളർന്ന വീട്ടിൽ നിന്ന് പോലും പലപ്പോഴും വിവേചനം നേരിടുന്നുണ്ടെന്നും ശ്രീധന്യ വീഡിയോയിലൂടെ പറയുന്നു. പെൺകുട്ടികൾ പ്രായപൂർത്തിയായാൽ സമൂഹത്തിനാണ് വലിയ വേവലാതി. മകളെ കെട്ടിച്ചു കൊടുക്കുന്നില്ലേ, കല്യാണം നോക്കുന്നില്ലേ എന്നെല്ലാമാണ് ചോദ്യങ്ങൾ . എന്നാൽ ഈ വിവേചനം  പെണ്‍കുട്ടികളുടെ കാര്യത്തില്‍ മാത്രമാണ് കേള്‍ക്കുന്നതെന്നും  ആണ്‍കുട്ടികളുടെ കാര്യത്തില്‍  പൊതുവെ കേള്‍ക്കാറില്ലെന്നുമാണ്  ശ്രീധന്യ പറയുന്നത്.  

ചെറുപ്പത്തിൽ തനിക്കുണ്ടായ അനുഭവം കൂടി ശ്രീധന്യ പങ്കു വച്ചു . ” ആറോ ഏഴോ വയസ്സുള്ളപ്പോഴാണ് എന്റെ വീട്ടില്‍ അമ്മയുടെ ഒരു സുഹൃത്ത് എത്തിയത്. അവരും ടീച്ചര്‍ ആണ്. അമ്മ പറഞ്ഞു ഇത് മോളുടെ മുറിയാണ്, മുകളില്‍ ആണ് മകന്റെ മുറിയെന്ന്. അന്ന് ആന്റി ചോദിച്ച ഒരു ചോദ്യമുണ്ട് മകളുടെ റൂം ഇതല്ലല്ലോ ചെന്ന് കയറുന്നിടം അല്ലേയെന്ന്”

അന്നത് കേട്ടപ്പോള്‍ വല്ലാത്ത സങ്കടം തോന്നിയെന്നും , അര്‍ഥം മനസിലായില്ലെങ്കിലും അമ്മയോട് ഇതേ പറ്റി ചോദിക്കുകയും ചെയ്‌തെന്നും ശ്രീധന്യ പറയുന്നു.

വടക്കേ ഇന്ത്യയില്‍ പെണ്‍കുട്ടികള്‍ ജനിച്ചു വീഴുമ്പോള്‍ തന്നെ അന്യന്റെ സ്വത്ത് എന്നാണ് പറയുന്നത്. സമയം ആകുന്ന വരെ നോക്കി വളര്‍ത്തും, സമയം ആകുമ്പോള്‍ പറഞ്ഞുവിടും എന്നാണ് അവര്‍ പറയാറ്.

നിരവധി പേരാണ് നടിയുടെ ഫേസ്ബുക്ക് പോസ്റ്റിനോട് പ്രതികരിച്ചത്. കല്ല്യാണം കഴിക്കരുത് എന്നല്ല പറഞ്ഞതെന്നും മക്കളെ കൊടുക്കല്‍ അല്ലെങ്കില്‍ അയക്കല്‍ മനോഭാവം നിര്‍ത്തിക്കൂടെ എന്നാണ് താന്‍ ചോദിച്ചതെന്നുമാണ് വീഡിയോ കാണാതെ പ്രതികരിച്ചവരോട് മുംബൈ മലയാളിയായ ശ്രീധന്യ വിശദീകരണം നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here