ഭാഷ ഒരു സംസ്കാരമെന്ന് കവി സച്ചിദാനന്ദന്‍; മഹോത്സവമായി മലയാളം മിഷന്‍ പ്രവേശനോത്സവം

നിഘണ്ടുവിൽ കാണുന്ന വാക്കുകൾക്കുപരി ഭാഷ ഒരു സംസ്കാരമാണെന്ന് പ്രശസ്ത കവി സച്ചിദാനന്ദന്‍

0

മഹാമാരിയുടെ വ്യാപനം കണക്കിലെടുത്തുകൊണ്ട് ഈ വര്‍ഷത്തെ മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍ മലയാളം ക്ലാസുകളിലെ പ്രവേശനോത്സവം ജൂലൈ 4 ഞായറാഴ്ച രാവിലെ 9 മണി മുതല്‍ രാത്രി 9.15 വരെ തുടര്‍ച്ചയായി ഓണ്‍ലൈനില്‍ നടത്തുകയായിരുന്നു. രാവിലെ 9 മണിക്ക് ചാപ്റ്റര്‍ പ്രസിഡന്റ്‌ നോവലിസ്റ്റ് ബാലകൃഷ്ണന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ മുംബൈ ചാപ്റ്റര്‍ സെക്രട്ടറി രാമചന്ദ്രന്‍ മഞ്ചറമ്പത്ത് സ്വാഗതമാശംസിച്ചു. മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ.സുജ സൂസന്‍ ജോര്‍ജ്ജ് ആമുഖ പ്രസംഗം നടത്തി. പ്രശസ്ത കവി സച്ചിദാനന്ദന്‍ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

മലയാളം മിഷൻ മുംബൈ ചാപ്റ്ററിന്റെ 10 വര്‍ഷത്തെ പ്രവര്‍ത്തനമികവ് എല്ലാ മലയാളം മിഷന്‍ പ്രവര്‍ത്തകര്‍ക്കും മാതൃകയാണെന്നും ഒരു ആഗോള മലയാളി സമൂഹത്തെ മാതൃഭാഷയുടെ അടിസ്ഥാനത്തില്‍ പരസ്പരം കൂട്ടിച്ചേര്‍ക്കുക എന്നൊരു മഹത്തായ പ്രവര്‍ത്തനം ചെയ്യേണ്ടതുണ്ടെന്നും ആമുഖ പ്രസംഗത്തില്‍ പ്രൊഫ.സുജ സൂസന്‍ ജോര്‍ജ്ജ് പറഞ്ഞു. മാതൃഭാഷ അമ്മ ഭാഷയാണ്‌ അതൊരു സംസ്കാരവും ജീവിതരീതിയുമാണ്. മലയാളികളുടെ ചരിത്രവും മൂല്യബോധവും അര്‍പ്പണബോധവും എല്ലാം നമ്മുടെ ഭാഷയില്‍ അടങ്ങിയിരിക്കുന്നു. കോവിഡ് കാലത്തെത്തുടര്‍ന്ന് നമ്മുടെ പുതിയ തലമുറക്ക് രണ്ടു വര്‍ഷങ്ങളാണ് നഷ്ടമായത്. അതൊരു വലിയ നഷ്ടമായി മാറാതിരിക്കാന്‍ ഈ കാലഘട്ടം നീന്തിക്കടക്കാന്‍ കഴിവുള്ളവരാക്കി അവരെ മാറ്റണം. അവര്‍ക്ക് നഷ്ടപ്പെട്ടു പോകുന്ന സാമൂഹ്യ ജീവിതം, അതിന്റെ സൌകുമാര്യങ്ങള്‍, അതിന്റെ ശക്തി ഇതൊക്കെ മാതൃഭാഷയില്‍ക്കൂടിയേ പകര്‍ന്നു കൊടുക്കാനാവൂ. ആ ദൌത്യം നിര്‍വ്വഹിക്കാന്‍ മലയാളം മിഷന് കഴിയണം. അതാണ്‌ ഈ കാലഘട്ടത്തില്‍ മലയാളം മിഷന് ചെയ്യാന്‍ പറ്റുന്ന ഏറ്റവും നല്ല കാര്യമെന്നും പ്രൊഫ.സുജ സൂസന്‍ ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.

ഭാഷകള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന അവസ്ഥയെ തടയാന്‍ മലയാളത്തെ പ്രചരിപ്പിക്കണമെന്ന് സച്ചിദാനന്ദന്‍

ഒരു ഭാഷ എന്നത് നിഘണ്ടുവില്‍ കാണുന്ന കുറേ വാക്കുകളുടെ ശേഖരം മാത്രമല്ല, ഒരു ജനത ലോകത്തെയും ജീവിതത്തെയും നോക്കിക്കാണുന്ന ഒരു രീതിയാണെന്ന് പ്രശസ്ത കവി സച്ചിദാനന്ദന്‍ തന്‍റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഭാഷയെ ഒരു സംസ്കാരമായി,സ്മൃതിസഞ്ചയമായി, ഭാവനാരൂപമായി സങ്കല്പിക്കാന്‍ നമുക്ക് കഴിയും. അതു കൊണ്ടാണ് മലയാള ഭാഷ അറിയുക എന്നത് മലയാളി ആയിരിക്കുക എന്നതിന്റെ പ്രാഥമികമായ അര്‍ത്ഥവും നിര്‍വ്വചനവും ആകുന്നത്‌. വിദ്യാഭ്യാസ വ്യവസ്ഥയില്‍ സാഹിത്യത്തിന് സ്ഥാനമുണ്ടാകേണ്ടത് പ്രധാനമാണ്. ആഗോളീകരണം ഉണ്ടാക്കുന്ന ഏറ്റവും തീക്ഷ്ണമായ പ്രത്യാഘാതം സാംസ്കാരിക വിസ്മൃതിയാണ്. ഒറ്റ ഭാഷയുണ്ടെങ്കില്‍ എല്ലാ കാര്യങ്ങളും നടത്താം എന്ന് ആഗോളീകരണത്തിന്റെ ആളുകള്‍ വിശ്വസിക്കുന്നു. കാരണം, അവര്‍ക്ക് ആവശ്യമായത് സാമ്പത്തികമായ മേല്‍ക്കോയ്മ മാത്രമാണ്. അതിന് ഒരു പക്ഷേ, ഒരു ഭാഷ മതിയാകും. ഒരു സംസ്കാരത്തിന് അത് പോരാ. ലോകസംസ്കാരങ്ങളുടെ വൈവിദ്ധ്യവും നാനാത്വവും നിലനിര്‍ത്തുന്നതിന് അനേകം ഭാഷകള്‍ നില നിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ശൈലിയുടെ നിരന്തരമായ നവീകരണം ഭാഷയുടെ പുനരുജ്ജീവനത്തിന് അനിവാര്യമാണ്. വിദ്യാഭ്യാസത്തെ ക്രമീകരിക്കുക, അതില്‍ മാതൃഭാഷയ്ക്ക്‌ വലിയ പ്രാധാന്യം നല്‍കുക, പ്രവാസികള്‍ക്ക് മാതൃഭാഷാ വിദ്യാഭ്യാസം നല്‍കുക, എല്ലാ വ്യവഹാരങ്ങളിലും സ്വന്തം ഭാഷയ്ക്ക്‌ ഊന്നല്‍ നല്‍കുക, ഇവയൊക്കെ ഒരു ഭാഷയെ സംരക്ഷിക്കാന്‍ വേണ്ട ഘടകങ്ങളാണെന്നും അദ്ദേഹം കൂടിചേര്‍ത്തു. ഭാഷകള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന അവസ്ഥയെ തടയാന്‍ മലയാളത്തെ പ്രചരിപ്പിക്കണമെന്ന് സച്ചിദാനന്ദന്‍ സൂചിപ്പിച്ചു. മലയാളത്തിന്റെ സംസ്കാരം, കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങള്‍, മതേതരത്വം ഇവയൊക്കെ മലയാള ഭാഷയിലൂടെ പ്രചരിപ്പിക്കുക എന്ന വളരെ പ്രധാനമായ ഒരു സാംസ്കാരിക ദൌത്യം പൂര്‍ണമായി ഏറ്റെടുക്കാനും നടപ്പാക്കാനും മുംബൈ ചാപ്റ്ററിന് കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

ലോകത്തിനു മുഴുവന്‍ മാതൃകയാകുന്ന പോലെ വളരെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന മുംബൈ ചാപ്റ്ററിന് കോവിഡ് കാലത്തും പ്രശംസനീയമായ രീതിയില്‍ മുന്നോട്ടു പോകാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് പ്രവേശനോത്സവത്തിന് ആശംസകളര്‍പ്പിച്ചു കൊണ്ട് സംസാരിച്ച മലയാളം മിഷന്‍ റജിസ്ട്രാര്‍ എം.സേതുമാധവന്‍ പറഞ്ഞു. മഹാനഗരത്തിലെ മലയാളികളുടെ പ്രശ്നങ്ങളില്‍ ഇടപെട്ട് അവരെ ഒരുമിച്ചു നിര്‍ത്തുന്ന മുംബൈ ചാപ്ട്ടറിനെ അദ്ദേഹം അഭിനന്ദിച്ചു.

തികച്ചും വ്യത്യസ്തമായ പരിപാടികള്‍ ആസൂത്രണം ചെയ്ത് മലയാളം മിഷന്റെ അഭിമാനസ്തംഭമായി നില്‍ക്കുന്ന ഒരു ചാപ്റ്ററാണ് മുംബൈ ചാപ്റ്റര്‍ എന്ന് ആശംസകള ര്‍പ്പിച്ചുകൊണ്ട് സംസാരിച്ച മിഷന്‍റെ ഭാഷാദ്ധ്യാപകനായ ഡോ. ശശി എം.ടി പ്രസ്താവിച്ചു. മറ്റു ലോകര്‍ക്കില്ലാത്ത ഒരു പാട് പ്രത്യേകതകള്‍ മലയാളികള്‍ക്കുണ്ട്. ആ മലയാളികളെ ഒന്നിപ്പിച്ചു നിര്‍ത്തുന്ന ചരടാണ്‌ മലയാള ഭാഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രവേശനോത്സവത്തില്‍ ആ ഭാഷയുടെ ലോകത്തേക്ക് പിച്ചവച്ചു വരുന്ന പുതിയ കൂട്ടുകാരെ അദ്ദേഹം അഭിനന്ദിച്ചു.

ഉദ്ഘാടന ചടങ്ങിന് പ്രാരംഭമായി മലയാളം മിഷന്‍ സിഗ്നേച്ചര്‍ ഫിലിമിന്‍റെ പ്രദര്‍ശനവും പ്രവേശനോത്സവഗാനത്തിന്‍റെ പ്രകാശനവും നടന്നു. മലയാളം മിഷന്‍ അദ്ധ്യാപിക ജയശ്രീ രാജേഷ് രചിച്ച പ്രവേശനോത്സവഗാനം ഈണം നല്‍കി ആലപിച്ചത് മധു നമ്പ്യാരാണ്. റീന സന്തോഷ്‌ ഉദ്ഘാടന സമ്മേളനത്തില്‍ അവതാരകയായിരുന്നു.

ഉദ്ഘാടനച്ചടങ്ങിന് ശേഷം മലയാളം മിഷന്‍ മുംബൈ ചാപ്റ്ററിന്റെ കീഴിലുള്ള നാസിക്ക് മേഖല, കൊങ്കണ്‍ മേഖല, നവി മുംബൈ മേഖല, താനെ മേഖല, കൊളാബ- മാന്‍ഖുര്‍ദ് മേഖല, ബാന്ദ്ര- ദഹിസര്‍ മേഖല, മുംബ്ര – ബദ്ലാപ്പൂർ മേഖല, സാക്കിനാക്ക – പവായ് കിഴക്കന്‍ മേഖല, പാൽഘർ – മീരാറോഡ് മേഖല എന്നീ ഒമ്പത് മേഖലകളിലെ വിദ്യാര്‍ഥികള്‍ രാത്രി ഒമ്പതേകാല്‍ മണി വരെ ഓണ്‍ലൈനില്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. തുടര്‍ച്ചയായി പന്ത്രണ്ട് മണിക്കൂറിലേറെ സമയക്ലിപ്തതയോടെ ഓണ്‍ലൈനില്‍ പരിപാടികള്‍ നടത്തുന്നതില്‍ അഭിമാനകരമായ വിജയം കൈവരിച്ചു എന്നത് പ്രത്യേകം എടുത്തു പറയേണ്ട വസ്തുതയാണ്.

മലയാളത്തിന്‍റെ സൌകുമാര്യവും മലയാളിത്തനിമയുടെ സംസ്കാരസമ്പത്തും സമന്വയിപ്പിക്കുന്ന വിസ്മയകരമായ പ്രകടനങ്ങളായിരുന്നു കൊച്ചു കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ചത്. മലയാള ഭാഷാ പഠനത്തിന്റെ പ്രാധാന്യം തികച്ചും അര്‍ത്ഥവത്താക്കുന്ന പ്രവേശനോത്സവ പരിപാടികള്‍ മഹാനഗരത്തിലെ കുടുംബസദസുകൾ ഓൺലൈൻ സംവിധാനങ്ങളിലൂടെ ഉത്സവത്തിമിര്‍പ്പോടെ വീക്ഷിച്ചു . മലയാള ഭാഷയും കേരളീയ സംസ്കാരവും മഹാനഗരത്തിലെ പുതുതലമുറ ഏറ്റെടുക്കുന്ന കാഴ്ചകളായിരുന്നു പ്രവേശനോത്സവം അടയാളപ്പെടുത്തിയത്.

മലയാളം മിഷന്‍ ക്ലാസുകളിലേക്കുള്ള പുതിയ കുട്ടികളുടെ രജിസ്ട്രേഷന്‍ തുടരുന്നു. താല്പര്യമുള്ളവര്‍ പഠനകേന്ദ്രവുമായോ അതാത് മേഖല ഭാരവാഹികളുമായോ, ചാപ്റ്റര്‍ ഭാരവാഹികളുമായോ ബന്ധപ്പെടേണ്ടതാണെന്ന് മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍ സെക്രട്ടറി രാമചന്ദ്രന്‍ മഞ്ചറമ്പത്ത് പറഞ്ഞു.

Delivery @ NAVI MUMBAI, GOVANDI, CHERMBUR, ANUSHAKTHI NAGAR, DOMBIVLI, THAKURLI, KALYAN, ULHASANAGAR, AMBERNATH

LEAVE A REPLY

Please enter your comment!
Please enter your name here