മുംബൈ നാഗ്‌പൂർ ദൂരം കുറയും; ദൈർഘ്യമുള്ള റോഡ് തുരങ്കം പൂർത്തിയാകുന്നു

0

മഹാരാഷ്ട്രയിലെ ഏറ്റവും ദൈർഘ്യമുള്ള റോഡ് തുരങ്കം ഗതാഗതസജ്ജമാകുമ്പോൾ മുംബൈയിൽനിന്ന് നാഗ്‌പൂരിലെത്തിയാണ് ഏകദേശം ഒരു മണിക്കൂർ സമയം ലാഭിക്കാനാവും.

മുംബൈ-നാഗ്‌പൂർ എക്‌സ്‌പ്രസ് വേയുടെ ഭാഗമായി ഇഗത്പുരിയിൽ നിർമിക്കുന്ന തുരങ്കത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഈ വർഷം അവസാനത്തോടെ പൂർത്തിയാവുന്ന മഹാരാഷ്ട്രയിലെ ഏറ്റവും ദൈർഘ്യമുള്ള റോഡ് തുരങ്കം ഗതാഗതസജ്ജമാകുമ്പോൾ മുംബൈയിൽ നിന്ന് വളരെ വേഗത്തിൽ നാഗ്‌പൂരിലെത്താനാകും.

താനെയിലെ വശാലയിൽനിന്ന് നാസിക്കിലെ ഇഗത്പുരിവരെ രണ്ടു പാതകളായി നിർമിക്കുന്ന തുരങ്കങ്ങളിൽ ഒന്നിന് 7.78 കിലോമീറ്ററും രണ്ടാമത്തേതിന് 7.74 കിലോമീറ്ററുമാണ് ദൈർഘ്യം. തുരങ്കത്തിന്റെ നിർമാണത്തിന്റെ 60 ശതമാനം പൂർത്തിയായിക്കഴിഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും പണി മുടക്കമില്ലാതെ തുടരുകയാണ്.

നിലവിൽ കസാറയിലെ മലമ്പാതയിലൂടെയാണ് മുംബൈയിൽ നിന്ന് നാഗ്‌പൂരിലെത്താനുള്ള പാത. കസാറ ഘാട്ടിലെ ദുർഘടം നിറഞ്ഞ കുത്തനെയുള്ള കയറ്റവും ഇറക്കവും വളവും പലപ്പോഴും ഗതാഗതക്കുരുക്കിലേക്ക് നയിക്കാറുണ്ട്. കസാറാ ഘാട്ട് കടക്കാൻ മാത്രം വാഹനങ്ങൾക്ക് മണിക്കൂറുകൾ വേണ്ടി വരാറുണ്ട്. തുരങ്കം വരുന്നതോടെ അഞ്ചുമിനിറ്റുകൊണ്ട് ഇതേ ദൂരം താണ്ടാനാവുമെന്നതാണ് യാത്ര വേഗത്തിലാക്കുക.

മുംബൈയിൽനിന്ന് ഔറംഗാബാദിലേക്ക് നാലു മണിക്കൂറും ഔറംഗാബാദിൽനിന്ന് നാഗ്‌പൂരിലേക്ക് നാലുമണിക്കൂറും കണക്കാക്കിയാൽ മുംബൈയിൽ നിന്ന് 701 കിലോമീറ്റർ ദൂരം എട്ടു മണിക്കൂറുകൊണ്ട് താണ്ടാനാവും. അജന്ത, എല്ലോറ ഗുഹാ ക്ഷേത്രങ്ങളടങ്ങുന്ന ഔറംഗാബാദിന്റെ വിനോദസഞ്ചാര വികസനത്തിനും വിദർഭ, മറാത്ത് വാഡ മേഖലകളുടെ സാമ്പത്തിക വികസനത്തിനും ഉണർവ് നൽകുന്നതായിരിക്കും ഈ വികസന പാത.

LEAVE A REPLY

Please enter your comment!
Please enter your name here