വിവാഹ കുടിയൊഴിപ്പിക്കലുകളുടെ സംവാദമൊരുക്കി നെരൂൾ സമാജം

0

കല്യാണത്തിൻ്റെ കാണാചരടുകളേയും, പാർശ്വവൽക്കരിക്കപ്പെടുന്ന സ്ത്രീത്വവും,
സ്ത്രീധനം സൃഷ്ടിക്കുന്ന വാണിജ്യ സമവാക്യങ്ങളേയും സമഗ്രമായി സ്പർശിച്ച്, വിവാഹം ഒരു കുടിയൊഴിപ്പിക്കൽ എന്ന വിഷയത്തിൽ, നെരൂൾ ന്യൂ ബോംബെ കേരളീയ സമാജത്തിൻ്റെ യുവജന വിഭാഗവും – മഹിളാ വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച സംവാദം ശ്രദ്ധേയമായി.

എഴുത്തുകാരിയും സാംസ്ക്കാരിക പ്രവർത്തകയുമായ തനൂജ ഭട്ടതിരി, എഴുത്തുകാരി മാനസി, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ പ്രോഗ്രസ്സിവ് സ്റ്റുഡന്റസ് ഫോറം ജനറൽ സെക്രട്ടറിയും ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയുമായ ആശിക വി എം എന്നിവരാണ് ജൂലായ് പതിനൊന്നിന് മൂന്നു മണിക്കൂറിലധികം നീണ്ട സംവാദം നയിച്ചത്.

സ്ത്രീകളെ പുരുഷന് കീഴ്‌പ്പെട്ട് ജീവിക്കാൻ അനുശാസിക്കുന്ന മതങ്ങളുടെ, സ്ത്രീധനമെന്ന സാമൂഹ്യ വിപത്തിനെ ഊട്ടിയുറപ്പിക്കുന്നതിൻ്റെ പങ്കു മുതൽ, സാങ്കേതിക വിദ്യകളിൽ പോലും നിഴലിക്കുന്ന രണ്ടാം തരം പൗരത്വവും സംവാദത്തിൽ വിഷയമായി.

വെറും മരക്കസേരകളായി മാത്രം സ്ത്രീകളെ കാണരുതെന്ന് തനൂജ ഭട്ടതിരി

വെറും മരക്കസേരകളായി മാത്രം സ്ത്രീകളെ കാണുന്ന സമൂഹത്തിൽ പെൺകുട്ടികൾക്ക് പകർന്ന് കൊടുക്കേണ്ട പ്രധാനപ്പെട്ട മൂല്യം ആത്മാഭിമാനമാണെന്ന് മുഖ്യ പ്രഭാഷക തനൂജ ഭട്ടതിരി പറഞ്ഞു. സ്ത്രീധനം എന്നതിനെ ഒറ്റയ്ക്ക് പ്രതിരോധിക്കുന്നതിന് പകരം സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ സമഗ്രമായി സമീപിച്ചാൽ മാത്രമേ അർത്ഥപൂർണ്ണമായ പരിഹാരം തേടാൻ കഴിയൂ എന്നും, പെൺകുട്ടികളുടെ സ്വപ്നങ്ങളെക്കാൾ കൂടുതൽ സമൂഹത്തിൻ്റെ പാഴ്നിർവചനങ്ങളിൽ സ്ത്രീത്വത്തെയും സ്വപ്നങ്ങളെയും തളച്ചിടുകയാണെന് മാതാപിതാക്കൾ എന്ന് തനൂജ അഭിപ്രായപ്പെട്ടു.

മതങ്ങൾ ബോധപൂർവ്വമായി രണ്ടാം തരം പൗരത്വം ചാർത്തി കൊടുക്കുന്ന കാലഘട്ടത്തിൽ മരക്കസേരകളാവാതിരിക്കാൻ സ്ത്രീകൾക്ക് ഉണ്ടാവേണ്ട നിലപാടുകളുടെ പ്രസക്തി ഏറെയാണെന്ന് തനൂജ പറഞ്ഞു.

കാലക്രമേണ ഇക്കണോമിക്സാവുകയും ബിസിനസ്സ് റിസ്ക് ഘടകം കൂടുകയും ചെയ്യുന്ന ഏർപ്പാടായി കല്യാണം മാറുകയാണെന്നും അത്തരം വ്യാപാരങ്ങളിൽ പ്രണയത്തിനും സ്നേഹത്തിനും സ്ഥാനം നഷ്ടപ്പെടുകയാണെന്നും എഴുത്തുകാരി മാനസി അഭിപ്രായപ്പെട്ടു. പുരുഷൻ്റെ പേരുകൾ വാലുകളാക്കി വെയ്ക്കുന്നത് നിർത്തേണ്ട കാലമതിക്രമിച്ചെന്നും പുരുഷനിലും സ്ത്രീകളിലും ചരിത്രങ്ങളും ആചാരങ്ങളും സൃഷ്ടിച്ച ബോധ്യങ്ങളെ പഠിച്ച് വേണം കുടിയൊഴിപ്പിക്കലുകൾക്ക് പരിഹാരം കാണേണ്ടതെന്നും മനസി പറഞ്ഞു. സാമ്പത്തിക സ്വാതന്ത്ര്യം സ്ത്രീകൾക്ക് കൂടുതൽ സുരക്ഷ നൽകുമെന്നും മാനസി പറഞ്ഞു.

രക്ഷാകർതൃത്വം എന്ന വ്യാജേന മാതാപിതാക്കൾ ശരിക്കും ഉടമസ്ഥതാവാകാശത്തിൻ്റെ തറവാടിത്ത ഘോഷണങ്ങൾ മാത്രമാണ് നടത്തുന്നതെന്ന് ആശിക പറഞ്ഞു. സാമ്പത്തിക സ്വാതന്ത്ര്യത്തിനോടൊപ്പം തന്നെ വൈകാരികമായ സ്വാതന്ത്ര്യവും, സ്വന്തം സ്വപ്നങ്ങൾക്ക് ചിറക് നൽകാൻ അത്യന്താപേക്ഷിതമാണെന്ന് ആശിക കൂട്ടിച്ചേർത്തു.

നിരവധി യുവതയുടേയും സ്ത്രീകളുടേയും സാന്നിദ്ധ്യം കൊണ്ട് സമ്പുഷ്ടമായ സംവാദത്തിൽ, ആർഭാട വിവാഹം, വിവാഹ മോചനത്തിൻ്റെ ശരി തെറ്റുകൾ, പിതൃസ്വത്തിലെ തുല്യതാവകാശങ്ങൾ, വിദ്യാഭ്യാസത്തിൻ്റെ ആവശ്യകത, കുടുംബാംഗങ്ങളുടെ നിരന്തരമായ പിന്തുണ, സ്ത്രീധന നിരോധന നിയമങ്ങളുടെ നടപ്പിലാക്കൽ, വ്യക്തിപരമായ ഇഷ്ടാനിഷട്ങ്ങളുടെ മുകളിൽ സമൂഹത്തിൻ്റെ നിരർത്ഥകങ്ങളയ ചട്ടങ്ങൾ പ്രതിഷ്ഠിക്കുന്ന പ്രവണത തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ടു.

എല്ലാ കുടിയൊഴിപ്പിക്കലുകളിലും കേന്ദ്ര ബിന്ദു മൂലധനമാണെന്നും കാലം ക്വാണ്ടം കമ്പ്യൂട്ടിങ് പഠിപ്പിക്കുമ്പോഴും സാക്ഷരകേരളം ഇപ്പോഴും ഭാര്യാപിതാക്കന്മാരിൽ നിന്ന് നോക്കുകൂലി വാങ്ങുന്ന ഭീകരവും ലജ്ജാകരവുമായ കാലത്തിലൂടെയാണ് കടന്നു പോവുന്നതെന്ന് സംവാദം നിയന്ത്രിച്ച മാധ്യമ പ്രവർത്തകൻ പി ആർ സഞ്ജയ് പറഞ്ഞു.

കുട്ടികൾക്ക് വേണ്ടി സമരസപ്പെടുന്ന ദമ്പതികളും പരസ്യങ്ങളും മറ്റു മാദ്ധ്യമങ്ങളും അബോധപൂർവ്വമോ ബോധപൂർവ്വമോ കുത്തി നിറയ്ക്കുന്ന സ്ത്രീകളുടെ രണ്ടാം തര പൗരത്വ പരിവേഷങ്ങളും അഭിപ്രായ സ്വാതന്ത്ര്യങ്ങളും സൂം മീറ്റിൽ നൂറ്റിയമ്പതോളം പേരും ധാരാളം പേർ ഫേസ് ബുക്ക് ലൈവിലും കണ്ട സംവാദം ചർച്ച ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here