ദിലീപ് കുമാർ ഭാവി തലമുറയ്ക്കായി ഒന്നും ചെയ്തില്ലെന്ന് നസിറുദ്ദീൻ ഷാ

0

ബോളിവുഡ് ഇതിഹാസ താരം ദിലീപ് കുമാറിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തവെയാണ് നടൻ നസിറുദ്ദീൻ ഷാ ദിലീപ് കുമാറിന്റെ സംഭാവന അഭിനയത്തിൽ മാത്രം ഒതുങ്ങി പോയെന്ന് പരാതിപ്പെട്ടത്. ദിലീപ് കുമാറിന്റെ പദവിയിലുള്ള ഒരു നടൻ തന്റെ സിനിമാനുഭവങ്ങൾ ഭാവി തലമുറക്ക് കൈമാറിയില്ലെന്നും എഴുപതുകൾക്ക് മുൻപുള്ള ചിത്രങ്ങളിലെ പ്രകടനങ്ങൾക്ക് ഉപരിയായി കാര്യമായ സംഭാവനകൾ ഒന്നും അവശേഷിക്കുന്നില്ലെന്നും നസിറുദ്ദീൻ ഷാ പറയുന്നു. ഷായുടെ അഭിപ്രായത്തിൽ, അദ്ദേഹത്തിന്റെ ആത്മകഥ പോലും പഴയ അഭിമുഖങ്ങളുടെ പുനർനിർമ്മാണം മാത്രമാണ്.

ദിലീപ് കുമാറിന്റെ ചില അഭിനയ മുഹൂർത്തങ്ങൾ കാലത്തെ അതിജീവിക്കുമെങ്കിലും പ്രതിഭാധനനായ നടൻ ഒരു സിനിമ മാത്രമാണ് നിർമ്മിച്ചതെന്നും, നടന് സിനിമയിൽ ഉണ്ടായിരുന്ന സ്വാധീനത്തിന് സമാനമായ സംഭാവനകൾ ഉണ്ടായില്ലെന്നും നസിറുദ്ദീൻ ഷാ പറയുന്നു.

സിനിമാ ചരിത്രത്തിന്റെ ഭാഗമായ നടൻ തന്റെ കാലഘട്ടത്തിലെ മികച്ച ചലച്ചിത്ര പ്രവർത്തകരുമായി ആശയവിനിമയം നടത്തുന്നതിനോ, സിനിമയുടെ സാങ്കേതിക സ്വഭാവത്തെ രേഖപ്പെടുത്തുന്നതിനോ വിമുഖത കാണിച്ചത് എന്തുകൊണ്ടായിരുന്നുവെന്നും നസറുദ്ദീൻ ചോദിക്കുന്നു.

ഇന്ത്യൻ സിനിമയ്ക്ക് ദിലീപ് കുമാറിന്റെ ഒഴിച്ചുകൂടാനാവാത്ത സംഭാവനകളെ അംഗീകരിക്കുമ്പോഴും ഷാ ഉന്നയിക്കുന്ന ചോദ്യം ഒരു താരമെന്ന നിലയിൽ അദ്ദേഹത്തെ മാതൃകയാക്കാൻ യോഗ്യമാണോയെന്നും സിനിമയെ പുരോഗതിയിലേക്ക് നയിക്കാൻ എന്ത് സംഭാവനയാണ് നൽകിയതെന്നുമാണ് . ഹിന്ദി സിനിമ ഇന്ന്‌ താരാധിപത്യത്തിൽ നിൽക്കുകയാണെന്നും നസിറുദ്ദീൻ കുറ്റപ്പെടുത്തി.

വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ദിലീപ് കുമാർ ജൂലൈ 7 നാണ് വിട പറഞ്ഞത്. ദിലീപ് കുമാറിന്റെ അവസാന ദിവസങ്ങളിൽ നസറുദ്ദീൻ ഷാ ന്യുമോണിയ ബാധിച്ച് ആശുപത്രിയിൽ ചികത്സയിലായിരുന്നു. സുഖം പ്രാപിച്ചതിന് ശേഷം അടുത്തിടെയാണ് വീട്ടിലേക്ക് മടങ്ങിയെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here