നവി മുംബൈയിലെ ഖാർഘർ മലമുകളിൽ കുടുങ്ങിയ 116 വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി

0

നിരോധനാജ്ഞ നിലവിലുള്ള നവി മുംബൈയിലെ ഖാർഘർ കുന്നിൻ മുകളിൽ പിക്‌നിക് പോയ സംഘമാണ് കനത്ത മഴയെ തുടർന്ന് അരുവികൾ നിറഞ്ഞു കവിഞ്ഞതോടെ കുടുങ്ങി പോയത്. 78 സ്ത്രീകളും അഞ്ച് കുട്ടികളുമടക്കം 116 പേരെയാണ് പൊലീസും അഗ്നിശമന സേനയും ചേർന്ന് രക്ഷപ്പെടുത്തിയത്.

ആ പ്രദേശത്തെ കനത്ത മഴയെ തുടർന്ന് കുന്നിന്റെ മുകളിലെ അരുവികൾ നിറഞ്ഞു കുത്തിയൊഴുകുവാൻ തുടങ്ങിയതാണ് ഇവരുടെ മടക്ക യാത്രക്ക് തടസ്സമായത്. തുടർന്ന് ഇരുമ്പ് ഗോവണി, പ്ലാസ്റ്റിക് കയർ എന്നിവ ഉപയോഗിച്ചാണ് പോലീസും അഗ്നിശമന സേനാ ഉദ്യോഗസ്ഥരും ചേർന്ന് ഇവരെ രക്ഷപ്പെടുത്തിയത്. വൈകുന്നേരം 5 മണിക്ക് ആരംഭിച്ച രക്ഷാപ്രവർത്തനം രണ്ട് മണിക്കൂർ തുടർന്നതായും പോലീസ് പറഞ്ഞു.

ഖാർഘറിലെ കുന്നുകളിലേക്കും മറ്റൊരു വിനോദസഞ്ചാര കേന്ദ്രമായ പാണ്ഡവ്കഡ വെള്ളച്ചാട്ടത്തിലേക്കും പ്രവേശിക്കുന്നത് ജൂണിൽ നിരോധിച്ചിരുന്നതാണ്. സമീപകാലത്ത് ഈ പ്രദേശങ്ങളിലുണ്ടായ നിരവധി അപകടങ്ങൾ കണക്കിലെടുത്തായിരുന്നു നടപടി. ഇത് വക വയ്ക്കാതെയാണ് സ്ത്രീകളുടെ കുട്ടികളും അടങ്ങുന്ന സംഘം കുന്നിൻ മുകളിൽ വിനോദ യാത്രക്ക് പോയത്.

മുംബൈയിലെയും നവി മുംബൈയിലെയും വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവരായിരുന്നു മലമുകളിൽ കുടുങ്ങിയത്. അരുവി മുറിച്ചു കടന്നാണ് അവർ മലമുകളിൽ എത്തിയത്. എന്നാൽ പിന്നീട് മഴ കനത്തതോടെ അരുവി നിറഞ്ഞൊഴികിയതാണ് ഇവർക്ക് വിനയായത്. തുടർന്നാണ് അഗ്നിശമന സേനാംഗങ്ങളുടെ സഹായത്തോടെ രക്ഷിക്കാനായത്. രക്ഷാപ്രവർത്തനത്തിൽ ആർക്കും പരിക്കില്ല.

നിരോധനാജ്ഞ നിലവിലുള്ള ഈ പ്രദേശത്ത് നിരീക്ഷണത്തിനായി അഞ്ച് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഖാർഘറിലെ വിസ്തൃതമായ ഈ പ്രദേശം മുഴുവൻ നിരീക്ഷിക്കാൻ ഇവർ പര്യാപ്തമല്ലെന്നാണ് അധികൃതർ പറയുന്നത്. അനധികൃതമായി മലമുകളിലേക്ക് പ്രവേശിച്ചതിന് ഇവർക്കെതിരെ നടപടികൾ എടുത്തിട്ടില്ല. എന്നിരുന്നാലും ഇനി മുതൽ ആരെയും നിയമം ലംഘിക്കാൻ അനുവദിക്കില്ലെന്ന് അന്വേഷ ഉദ്യോഗസ്ഥർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here