മാതൃകയായി നവി മുംബൈ നിവാസിയുടെ 100 രൂപ ആംബുലൻസ്

1

നവി മുംബൈ നിവാസിയായ രാഘവ് നർസാലെയ്ക്ക് തന്റെ അമ്മയെ ആശുപത്രിയിൽ എത്തിക്കേണ്ടി വന്ന ദിവസം ഒരിക്കലും മറക്കാനാകില്ല. 200 മീറ്റർ ദൂരത്തുള്ള ആശുപത്രിയിലേക്ക് രോഗബാധിതയായ അമ്മയെ എത്തിക്കുവാൻ അന്ന് ചെലവിട്ടത് 4,000 രൂപയാണ്. നിവൃത്തി കേടുകൊണ്ട് തർക്കിക്കാൻ പോലും കഴിയാനാകാതെ മുഴുവൻ പൈസ നൽകിയെങ്കിലും സംഭവം രാഘവിന്റെ മനസ്സിനെ വല്ലാതെ ഉലച്ചു.
സാമ്പത്തികശേഷിയില്ലാത്ത ആളുകളുടെ അവസ്ഥയെ കുറിച്ചായിരുന്നു അയാളുടെ മനസ്സ് വേവലാതിപ്പെട്ടത്.

അങ്ങിനെയാണ് കോവിഡ് രണ്ടാം തരംഗത്തിന്റെ തുടക്കത്തിൽ സ്വന്തമായി ഒരു ആംബുലൻസ് സേവനത്തിന് തുടക്കമിടുന്നത്. നിരവധി ജനങ്ങൾ ദിവസേന ആംബുലസിനായും ഓക്സിജന് വേണ്ടിയും നെട്ടോട്ടമോടുന്നത് കണ്ടതോടെയായിരുന്നു തീരുമാനം.

ജൂൺ 28 ന് നവി മുംബൈ നിവാസികൾക്കായി 100 രൂപയ്ക്ക് ആംബുലൻസ് സേവനവുമായി രാഘവ് രംഗത്തെത്തുമ്പോൾ ഈ മേഖലയിൽ നടക്കുന്ന ചൂഷണത്തോടുള്ള പ്രതിഷേധം കൂടിയായി.

തന്റെ സമ്പാദ്യത്തിൽ നിന്ന് 17 ലക്ഷം രൂപ ചെലവഴിച്ചാണ് രാഘവ് വാഹനം വാങ്ങുന്നത്. തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെ എന്നും രാവിലെ 10 മണി മുതൽ രാത്രി 10 വരെയാണ് സേവനം. ഇതിനായി ഒരു ഡ്രൈവറെ കൂടി നിയമിച്ചു. ഈ സംരഭത്തിനായി പ്രതിമാസം 40,000 രൂപയാണ് രാഘവ് ചെലവിടുന്നത്. സമൂഹത്തിന്റെ ക്ഷേമത്തിനായി ഇത് തുടരുമെന്നും ആവശ്യം വർദ്ധിക്കുകയാണെങ്കിൽ എണ്ണം കൂട്ടുമെന്നും രാഘവ് പറയുന്നു.

ആംബുലൻസിൽ സ്ട്രെച്ചർ, വീൽചെയർ, ഓക്സിജൻ സിലിണ്ടർ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. സേവനം ബുക്ക് ചെയ്യുന്നതിനായി പ്രത്യേക ഫോൺ നമ്പറും റെഡിയാണ് – 9820770021.

പകർച്ചവ്യാധി സമയത്ത്, മറ്റുള്ളവരെ കഴിയുന്ന വിധത്തിൽ സഹായിക്കുന്ന നിരവധി പേരെ നഗരത്തിൽ കാണാനായെന്നും തന്നെ കൊണ്ട് കഴിയുന്ന സഹായങ്ങൾ ചെയ്യുന്നതിനായി ഈ സേവനം ഉപയോഗിക്കുമെന്നും രാഘവ് പറയുന്നു. ഇതിനകം നിരവധി നിർധനർക്കാണ് നൂറു രൂപ ആംബുലസിന്റെ സേവനം അനുഗ്രഹമായത്.

1 COMMENT

  1. 100 രൂപക്ക്ആബുലൻസ്….ബിഗ് സലൂട്ട് രാഘവ് സർ

LEAVE A REPLY

Please enter your comment!
Please enter your name here