മുംബൈയിൽ ഇന്നും നാളെയും കനത്ത മഴയെന്ന് മുന്നറിയിപ്പ്

0

രണ്ടു ദിവസമായി കനത്ത മഴയെ തുടർന്ന് താറുമാറായ മുംബൈ നഗരത്തിന് രണ്ടു ദിവസം കൂടി ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്നും നാളെയും മുംബൈയിൽ കനത്ത മഴയുണ്ടാകുമെന്നാണ് പ്രവചനം. എന്നിരുന്നാലും ലോക്കൽ ട്രെയിൻ സേവനങ്ങൾ തടസ്സപ്പെടില്ലെന്നാണ് അധികൃതർ അറിയിച്ചത്.

പേമാരിയെ തുടർന്ന് നഗരത്തിൽ മണ്ണിടിച്ചിൽ, വീട് തകർച്ച തുടങ്ങിയ സംഭവങ്ങളുമായി ബന്ധപ്പെട്ട് 33 പേർക്ക് ജീവനുകൾ നഷ്ടപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മുംബൈയ്ക്കും കൊങ്കൺ മേഖലയിലെ മറ്റ് ജില്ലകൾക്കും ഐ‌എം‌ഡി ഇതിനകം റെഡ് അലർട്ട് നൽകിയിട്ടുണ്ട്.

മുംബൈയിലും പ്രാന്തപ്രദേശങ്ങളിലും കനത്ത മഴ പെയ്യുവാൻ സാധ്യതയുണ്ടെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐ‌എം‌ഡി) ചൊവ്വാഴ്ച അറിയിച്ചത് . ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്തതോ മിതമായതോ ആയ മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ കാലാവസ്ഥ ചൊവ്വാഴ്ചയും ബുധനാഴ്ചയും തുടരുമെന്നും ഐ‌എം‌ഡിയുടെ മുന്നറിയിപ്പ് വ്യക്തമാക്കുന്നു.

അതേസമയം, മെയിൻ ലൈൻ, ഹാർബർ ലൈൻ, എന്നിവിടങ്ങളിൽ ലോക്കൽ ട്രെയിൻ സർവീസുകൾ സാധാരണഗതിയിൽ നടക്കുമെന്നും ദീർഘദൂര ട്രെയിനുകളെല്ലാം സമയത്തിന് തന്നെ പുറപ്പെടുമെന്നും സെൻട്രൽ റെയിൽവേ അറിയിച്ചു.

മുംബൈയിലും താനെ, പൽഘർ ജില്ലകൾ ഉൾപ്പെടെ മഹാരാഷ്ട്രയുടെ മറ്റു പല ഭാഗങ്ങളിലും തുടർച്ചയായി പെയ്യുന്ന മഴ തുടരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here