വീട്ടില്‍ വെറുതെ കിടക്കുന്ന ഫോണുകൾ തേടി മമ്മൂട്ടി; വിദ്യാമൃതം പദ്ധതിക്ക് പിന്തുണയുമായി മുംബൈ നഗരവും

0

കോവിഡ് കാലത്ത് ഓൺലൈൻ ക്‌ളാസുകൾ ആരംഭിച്ചപ്പോൾ സ്മാർട്ട്‌ ഫോൺ ഇല്ല എന്ന ഒറ്റ കാരണത്താൽ നിരവധി കുട്ടികൾക്ക് പഠനത്തിൽ തടസ്സം നേരിട്ടിരുന്നു. ഇത് മനസ്സിലാക്കിയാണ് മഹാനടൻ തന്റെ ജീവ കാരുണ്യ പ്രസ്ഥാനമായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വഴി കുട്ടികളെ സഹായിക്കാൻ രംഗത്തെത്തിയത്. “നിങ്ങളുടെ വീട്ടിൽ വെറുതെ ഇരിക്കുന്ന സ്മാർട്ട്‌ ഫോണുകൾ ഞങ്ങളെ ഏൽപ്പിക്കൂ, അർഹതപെട്ട കൈകളിൽ ഞങ്ങൾ എത്തിക്കുമെന്ന് ഉറപ്പു നൽകുന്നു..’ഇതായിരുന്നു താരത്തിന്റെ അഭ്യർത്ഥന. മമ്മൂട്ടിയുടെ വിദ്യാമൃതം പദ്ധതിക്ക് പിന്തുണ നൽകി മുംബൈയിൽ നിന്നും നിരവധി പേരാണ് ഇതിനകം ഫോണുകളുമായി സമീപത്തുള്ള സ്പീഡ് ആൻഡ് സേഫ്’ കൊറിയർ ഓഫീസിൽ എത്തിച്ചു നൽകിയത്.

വീട്ടില്‍ വെറുതെ കിടക്കുന്ന ഫോണുകള്‍ തേടി മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടി തുടക്കമിട്ട പദ്ധതി പുത്തന്‍ ഫോണുകളുമായി കനിവിന്‍റെ പുതിയ മാതൃക തീര്‍ക്കുന്നു. ഓൺലൈൻ വിദ്യാഭ്യാസത്തിന് നിർധനരായ വിദ്യാർത്ഥികൾക്ക് സ്മാർട്ട്‌ ഫോൺ എത്തിക്കാനായി മമ്മൂട്ടി തുടങ്ങിവച്ച വിദ്യാമൃതം പദ്ധതി തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്ഘാടനം ചെയ്തു.

ജീവകാരുണ്യരംഗത്ത് മമ്മൂട്ടിയും കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടഷനും നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മമ്മൂട്ടി നടത്തുന്ന ഈ പ്രവർത്തനങ്ങൾ തികച്ചും മാതൃകപരമാണ് . ആയിരത്തോളം കുട്ടികൾക്ക് ഉടനടി പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നുവെന്നതും സന്തോഷം പകരുന്ന ഒന്നാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സിനിമമേഖലയിൽ നിന്ന് യുവ താരങ്ങൾ ഉൾപ്പെടെ ശ്രദ്ധേയമായ പിന്തുണ നൽകി. ലഭിക്കുന്ന പഴയ സ്മാർട്ട്‌ ഫോണുകളും ലാപ്ടോപ്പുകളും ഫോർമാറ്റ്‌ ചെയ്ത ശേഷം ആണ് കുട്ടികൾക്ക് വിതരണം ചെയ്യുന്നത്. അനാഥാലയങ്ങളിലെ അന്തേവാസികളായ കുട്ടികളുടെ അപേക്ഷകൾ, ആദിവാസി മേഖലകളിൽ നിന്നുള്ള അപേക്ഷകൾ, മാതാപിതാക്കൾ നഷ്ടപെട്ട കുട്ടികളിൽ നിന്നുള്ള അപേക്ഷകൾ, പിന്നോക്ക സ്‌കൂളുകളിൽ നിന്നുള്ള അപേക്ഷകൾ എന്നീ മുൻഗണനാക്രമത്തിലാണ് അർഹരായവരെ കണ്ടെത്തിയിരിക്കുന്നത്.

മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ എന്ന സംഘടനയും ഈ ഉദ്യമത്തിൽ മമ്മൂട്ടിക്കും കെയർ ആൻഡ് ഷെയറിനും സഹായവുമായി രംഗത്തുണ്ട്. സ്മാർട്ട് ഫോൺ, ലാപ്‌ടോപ് തുടങ്ങി ഓൺലൈൻ വിദ്യാഭ്യാസത്തിന് സഹായകരമായ ഉപകരണങ്ങൾ കൈമാറാൻ ആഗ്രഹിക്കുന്നവർ തൊട്ടടുത്തുള്ള സ്പീഡ് ആൻഡ് സേഫ് കൊറിയർ ഓഫീസിൽ കവറിലാക്കിയ മൊബൈൽ ഏൽപ്പിച്ചാൽ മതിയാവും.

സ്മാർട്ട് ഫോൺ ഇല്ല എന്ന ഒറ്റക്കാരണത്താൽ പഠിക്കാൻ പറ്റാത്ത എത്രയോ കുഞ്ഞുങ്ങൾ ഉണ്ടാവും. നിങ്ങളുടെ വീട്ടിൽ ഉള്ള ഉപയോഗയുക്തവും എന്നാൽ ഇപ്പോൾ ഉപയോഗിക്കാത്തതുമായ സ്മാർട്ട് ഫോൺ, ടാബ്ലറ്റ്, ലാപ്‌ടോപ് എന്നിവ അവർക്കൊരു ആശ്വാസം ആകും. ലോകത്ത് എവിടെനിന്നും അത് ഞങ്ങളെ ഏൽപ്പിക്കാം, അർഹതപ്പെട്ട കൈകളിൽ അത് എത്തിക്കുമെന്ന് ഉറപ്പ് നൽകുന്നു.’മമ്മൂട്ടി പറഞ്ഞു.

കൊറിയർ ഓഫീസിൽ ഒരു ഡിക്ലറേഷൻ കൊടുത്താൽ ദാതാവിന് സൗജന്യമായി മൊബൈൽ കെയർ ആൻഡ് ഷെയർ ഓഫീസിലേക്ക് അയക്കാവുന്നതാണ്. ലഭിക്കുന്ന മൊബൈലുകൾ മുൻഗണനാക്രമത്തിൽ കുട്ടികൾക്ക് എത്തിച്ചു നൽകും. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനഷാണലിന്റെ പിന്തുണയോടെയാണ് പദ്ധതി.

LEAVE A REPLY

Please enter your comment!
Please enter your name here