ഓൺലൈനിൽ പഴയ സോഫ വിൽക്കാൻ ശ്രമിച്ച യുവാവിന് നഷ്ടപ്പെട്ടത് 63,500 രൂപ !!

0

വീട്ടിലെ ഉപയോഗശൂന്യമായ പഴയ സോഫ വിൽക്കാൻ ശ്രമിച്ച 24 കാരനാണ് സൈബർ തട്ടിപ്പിന് ഇരയായത്. ജനപ്രിയ ഓൺലൈൻ വിപണന കേന്ദ്രമായ OLX- വഴിയാണ് ഭയന്ദർ നിവാസിയായ യുവാവ് തന്റെ പഴയ സോഫ 7000 രൂപയ്ക്ക് വിൽക്കുവാൻ ജൂലൈ 16 ന് പരസ്യം നൽകിയത്.

പരസ്യം പ്രത്യക്ഷപ്പെട്ട രാത്രി തന്നെ അന്ധേരിയിൽ നിന്നുള്ള ഒരു ഫർണിച്ചർ ഷോപ്പ് ഉടമയാണെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പ്കാരൻ യുവാവിനെ വിളിച്ചത്. തനിക്ക് സോഫ വാങ്ങാൻ താൽപ്പര്യമുണ്ടെന്ന് പറഞ്ഞ തട്ടിപ്പുകാരൻ തന്റെ മൊബൈൽ ഫോണിൽ നിന്ന് ഒരു ക്യുആർ കോഡ് അയക്കുകയും ചെയ്തു.

ക്യുആർ കോഡ് സ്കാൻ ചെയ്ത് ഇ-വാലറ്റ് വഴി ഒരു രൂപ അയയ്ക്കാനായിരുന്നു തട്ടിപ്പുകാരൻ യുവാവിനോട് ആവശ്യപ്പെട്ടത്. അയാൾക്ക് 2 രൂപ ലഭിക്കുമെന്നും പറഞ്ഞു. യുവാവ് ക്യുആർ കോഡ് സ്കാൻ ചെയ്ത് ഒരു രൂപ അയയ്ക്കുകയും ഉടൻ തന്നെ 2 രൂപ ബാങ്ക് അക്കൗണ്ടിൽ ലഭിക്കുകയും ചെയ്തു.

പിന്നീടാണ് 3,500 രൂപ അയയ്ക്കാൻ തട്ടിപ്പുകാരൻ യുവാവിനോട് പറഞ്ഞു, 7,000 രൂപ ലഭിക്കുമെന്നും അറിയിച്ചു . അദ്ദേഹത്തെ വിശ്വസിച്ച യുവാവ് ഉടനെ തന്നെ പണം അയച്ചെങ്കിലും ചില സാങ്കേതിക പിശകുകൾ കാരണം തനിക്ക് പണം ലഭിച്ചില്ലെന്നും മറ്റൊരു ക്യുആർ കോഡ് അയച്ചതായും തട്ടിപ്പുകാരൻ പറഞ്ഞു.

തനിക്ക് പണം ലഭിച്ചില്ലെന്ന് പറഞ്ഞ തട്ടിപ്പുകാരൻ കൂടുതൽ ക്യുആർ കോഡുകൾ അയച്ചുകൊണ്ടിരുന്നു. ഇയാളെ വിശ്വസിച്ച യുവാവ് ക്യുആർ കോഡുകൾ ഒന്നിലധികം തവണ സ്കാൻ ചെയ്യുകയും പൈസ അയച്ചു കൊണ്ടിരിക്കുകയും ചെയ്തത്. പിന്നീടാണ് താൻ കബളിപ്പിക്കപ്പെട്ടതായി യുവാവിന് മനസിലായത്. അപ്പോഴേക്കും ബാങ്കിൽ നിന്നും 63,500 രൂപ കൈമാറ്റം ചെയ്യപ്പെട്ടിരുന്നു.

ഇതോടെ സംഭവത്തിൽ പരാതി നൽകിയതിനെ തുടർന്ന് വസായ് വിരാർ പോലീസ് കേസെടുത്തിയിരിക്കയാണ്. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here