നിമിഷ സജയൻ ബോളിവുഡിലേക്ക്; യുവനായികമാരില്‍ തിളങ്ങിയ മുംബൈ മലയാളി

0

മലയാള സിനിമയിലെ യുവനായികമാരില്‍ ചുരുങ്ങിയ കാലം കൊണ്ട് സ്വന്തമായി ഇടം നേടിയ നടിയാണ് നിമിഷ സജയൻ. കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ ഓരോ സിനിമയിലും വിസ്‍മയിപ്പിക്കുന്ന നടി. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മാലിക് എന്ന ചിത്രത്തിലെ അഭിനയവും ഒട്ടേറെ ശ്രദ്ധിക്കപ്പെട്ടു.

ഇപ്പോഴിതാ നിമിഷ സജയൻ ബോളിവുഡിലേക്കും എത്തുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

ദേശീയ പുരസ്‍കാര ജേതാവ് ഒനിര്‍ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിലേക്കാണ് നിമിഷ സജയൻ കരാർ ചെയ്യപ്പെട്ടിരിക്കുന്നത് . വി ആര്‍ എന്നാണ് സിനിമയുടെ പേര്. സെപ്റ്റംബറില്‍ ചിത്രീകരണം തുടങ്ങാനാണ് ആലോചന. മാലിക്, ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൻ തുടങ്ങിയ ചിത്രങ്ങളിലെ നിമിഷയുടെ അഭിനയം ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു. പിന്നാലെയാണ് നിമിഷയുടെ ബോളിവുഡ് അരങ്ങേറ്റം.

ആദ്യ ചിത്രത്തിലെ അഭിനയത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ നടിയാണ് നിമിഷ സജയന്‍. പിന്നീട് വന്ന ഓരോ ചിത്രങ്ങളിലും കഥാപാത്രത്തെ തന്റെ സ്വാഭാവികമായ രീതിയില്‍ പകർന്നാടിയാണ് ഈ മുംബൈ മലയാളി പ്രേക്ഷക മനസ്സുകളില്‍ ഇടം നേടിയത്.

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലൂടെയാണ് നിമിഷ വെള്ളിത്തിരയിലെത്തുന്നത്. 2017ലിറങ്ങിയ ഈ ചിത്രത്തിലേക്ക് ഓഡിഷനിലൂടെയാണ് നിമിഷയെ തെരഞ്ഞെടുക്കുന്നത്. മലയാളം നന്നായി വശമില്ലാത്തതിനാൽ ആദ്യ ഓഡിഷനിൽ നിമിഷയെ ഒഴിവാക്കിയതായിരുന്നു. എന്നാൽ വീണ്ടും വിളിച്ചാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും ചിത്രത്തിലെ ശ്രീജയുടെ റോളിലേക്ക് ദിലീഷ് പോത്തൻ തിരഞ്ഞെടുത്തത്.

മുംബൈയിലെ അംബർനാഥിലാണ് ജനിച്ചതും വളർന്നതും.അച്ഛൻ സജയൻ നായർ മുംബൈയിൽ എഞ്ചിനീയറാണ്. അമ്മ ബിന്ദു. ബദ്‌ലാപ്പൂർ കാർമൽ കോൺവെന്റ് ഹൈസ്കൂളിലായിരുന്നു പഠനം. പഠനകാലത്തു തന്നെ കലാകായികരംഗങ്ങളിൽ നിമിഷ സജീവമായി പങ്കെടുത്തിരുന്നു. ചെറുപ്പം മുതലേ മാർഷ്യൽ ആർട്സ് പഠിക്കാൻ തുടങ്ങി. അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശമായിരുന്നു മലയാളി സിനിമയിലെത്തിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here