ഒളിച്ചോടി മുംബൈയിലെത്തി കോടീശ്വരനായ മലയാളി

0

സ്‌കൂളിൽ പഠിക്കുന്ന കാലത്തായിരുന്നു തന്റെ പതിനഞ്ചാം വയസ്സിൽ ഹരിഹരൻ ഒളിച്ചോടുന്നത്. അങ്ങിനെയാണ് ടിക്കറ്റില്ലാതെ യാത്ര ചെയ്‍തത് മുംബൈ എന്ന മഹാനഗരത്തിലെത്തുന്നത്. മുംബൈയിലും പുനെയിലുമായി ആദ്യ നാളുകൾ ടയറിന് പഞ്ചറൊട്ടിച്ചു തുടങ്ങിയ ജീവിതം പക്ഷെ അധിക നാൾ തുടരാനായില്ല. വീട്ടിലെ ചിന്തകൾ അലട്ടാൻ തുടങ്ങിയതോടെ പാലക്കാട്ടേക്ക് മടങ്ങി വീണ്ടും വിദ്യാഭ്യാസം തുടങ്ങി. എന്നാൽ പത്താം ക്ലാസ് പൂർത്തിയാക്കാതെ ഒരിക്കൽ കൂടി നാട് വിടുകയായിരുന്നു ഹരിഹരൻ. അങ്ങിനെ മുംബൈയിലെത്തി പഠനവും ജോലിയുമായി ജീവിതം കരുപിടിപ്പിച്ചു. തുടർന്ന് പല ജോലികൾ ചെയ്ത ഹരിഹരൻ ജോലി ഉപേക്ഷിച്ചാണ് സ്വന്തമായി ഒരു കാൾ സെന്റർ തുടങ്ങുന്നത്. ഇന്ന് അയ്യായിരത്തിലധികം പേർ ജോലിയെടുക്കുന്ന സ്ഥാപനത്തിന്റെ ഉടമയാണ് ഈ പാലക്കാട്ടുകാരൻ

നാട് വിട്ടു അലയുന്ന കുട്ടികളുടെ അവസ്ഥ മനസ്സിലാക്കിയിട്ടുള്ള ഹരിഹരൻ അങ്ങിനെയാണ് മുംബൈയിൽ ചിൽഡ്രൻസ് റീ യുണൈറ്റഡ് ട്രസ്റ്റ് എന്ന ഒരു അഭയ കേന്ദ്രം കുട്ടികൾക്കായി ആരംഭിക്കുന്നത്. ഇത് വരെ ഏകദേശം 27000 കുട്ടികളെ ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ട് വന്നിട്ടുണ്ടെന്ന് ഹരിഹരൻ പറയുന്നു.

ഇപ്പോഴിതാ 35 വർഷങ്ങൾക്ക് ശേഷം ജന്മനാട്ടിലെത്തി താൻ പഠിച്ച പിഎംജി സ്‌കൂളിലെ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി കൈനിറയെ മൊബൈൽ ഫോണുകളുമായാണ് ഹരിഹരൻ എത്തിയത്. കൂടാതെ ജന്മനാടായ കല്പാത്തിയിൽ കുട്ടികൾക്കായി ആധുനീക ചികിത്സാ സൗകര്യങ്ങൾ സൗജന്യമായി നൽകുന്ന ആശുപത്രിക്കും തുടക്കമിടുകയാണ് ഈ മുംബൈ മലയാളി.

ഒരു സ്കൂളിനോ കോളേജിനോ സർവ്വകലാശാലയ്‌ക്കോ നൽകാൻ കഴിയുന്നതിനേക്കാൾ കൂടുതൽ ജീവിതാനുഭവങ്ങളാണ് തന്റെ മുതൽക്കൂട്ടെന്നാണ് ഹരിഹരൻ പറയുന്നത്. മുംബൈയിലെ തെരുവുകളിൽ താമസിച്ചിരുന്ന ഒരു വർഷം താൻ നേടിയത് അതാണെന്നും ഹരിഹരൻ പറയുന്നു. ഹരിഹരൻ തന്റെ മുൻകാലങ്ങളിൽ കടന്നുപോയ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ കൂടുതൽ വികാരാധീനനാകുന്നു. അതുകൊണ്ടായിരിക്കാം അദ്ദേഹം 2015 ൽ ‘ഒളിച്ചോടിയ കുട്ടികൾ’ എന്ന പുസ്തകം പോലും എഴുതിയത്.

മുംബൈയിലുടനീളമുള്ള എല്ലാ പ്രധാന സ്റ്റേഷനുകളിലും റെയിൽ‌വേ പോലീസ് സേനയ്‌ക്കൊപ്പം (ആർ‌പി‌എഫ്) പ്രവർത്തിക്കുന്ന വളണ്ടിയർമാരാണ് വീട് വിട്ടു അലഞ്ഞു നടക്കുന്ന കുട്ടികളെ കണ്ടെത്തി അഭയ കേന്ദ്രങ്ങളിൽ എത്തിക്കുന്നത്. കുട്ടികളെ ദുരുപയോഗം ചെയ്തു കുറ്റവാളികളാക്കുന്ന സംഘങ്ങളിൽ നിന്നെല്ലാം ഇവരെ രക്ഷിച്ചു ഇവർക്ക് വേണ്ട വിദ്യാഭ്യാസവും ഭക്ഷണവും താമസവും നൽകി സംരക്ഷിച്ചു വരികയാണ് ഹരിഹരൻ. വീടുകളിലേക്ക് മടങ്ങി പോകാൻ അവസരമൊരുക്കിയും ഇവർക്ക് മാർഗ്ഗദർശിയായി സംരക്ഷിത അഭയകേന്ദ്രത്തിൽ താമസിപ്പിച്ചുമാണ് ഹരിഹരൻ വിവിധ ഭാഷക്കാരായ ഈ കുട്ടികൾക്കെല്ലാം രക്ഷകനാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here