കലംബൊലി ശ്‌മശാനത്തിന്റെ ദയനീയാവസ്ഥയിൽ പ്രതിഷേധം

0

നവി മുംബൈയോട് ചേർന്ന് കിടക്കുന്ന റായ്‌ഗഡ് ജില്ലയിലെ കലംബൊലിയും വികസനകുതിപ്പിൽ നിൽക്കുന്ന നഗരമാണ്. ഒരു വിളിപ്പാടകലെയായി നിർദ്ദിഷ്ട വിമാനത്താവളത്തിന്റെ നിർമ്മാണ ജോലികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാകുമ്പോൾ ഇതിനോട് ചേർന്ന് നിൽക്കാനായി പഞ്ച നക്ഷത്ര ഹോട്ടലുകളും ആഡംബര താമസ സമുച്ചയങ്ങളുമാണ് കലംബൊലിയിലും പരിസര പ്രദേശങ്ങളിലുമായി തയ്യാറായിക്കൊണ്ടിരിക്കുന്നത്. മുംബൈ പുണെ എക്സ്പ്രസ്സ് ഹൈവേ തുടങ്ങുന്നതും കലംബൊലിയിൽ നിന്നാണെന്നതും ഈ പ്രദേശത്തിന്റെ പ്രാധാന്യം കൂട്ടുന്നു.

പൻവേൽ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള കലംബൊലിയിൽ രണ്ടായിരത്തിലെ ജനസംഖ്യ കണക്കനുസരിച്ച് 177154 പേരാണ് താമസിക്കുന്നത്. ഏകദേശം മൂവായിരത്തോളം മലയാളികളും ഈ മേഖലയിൽ താമസിക്കുന്നു.

എന്നാൽ ഈ പ്രദേശത്തെ പൊതു ശ്മാശാനത്തിന്റെ അവസ്ഥ വളരെ ദയനീയമാണെന്നാണ് സാമൂഹിക പ്രവർത്തകനായ രാജശേഖരൻ പിള്ള പരാതിപ്പെടുന്നത്. കഴിഞ്ഞ 15 വർഷക്കാലമായി ഇവിടുത്തെ സ്മശാനം ജീർണാവസ്ഥയിൽ കിടക്കുകയാണ്. ഇതിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാണിച്ച് നിരവധി പരാതികൾ അധികൃതർക്ക് നൽകിയെങ്കിലും ഫലം കണ്ടില്ലെന്നാണ് ബിജെപി സ്റ്റേറ്റ് കമ്മറ്റി മെമ്പർ കൂടിയായ രാജശേഖരൻ പിള്ള പറയുന്നത്.

നഗരവികസനത്തിൽ പ്രാഥമിക സൗകര്യങ്ങളിൽ ഒന്നാണിതെന്നും ഇത്തരം കാര്യങ്ങളിൽ അധികൃതർ കാണിക്കുന്ന അനാസ്ഥക്കെതിരെ കഴിഞ്ഞ 5 വർഷമായി പോരാടുകയാണെന്നും പിള്ള പറഞ്ഞു. മഴക്കാലത്താണ് വലിയ ദുരിതം. ശവദാഹത്തിനുള്ള പ്ലാറ്റുഫോമുകൾ ഉപയോഗശ്യൂന്യമാണ്. ചോർന്നൊലിക്കുന്ന ശ്‌മശാനത്തിൽ കെട്ടികിടക്കുന്ന വെള്ളവും നനഞ്ഞ വിറകുകളും മൃതദേഹവുമായി എത്തുന്നവരെ കുറച്ചൊന്നുമല്ല വലയ്ക്കുന്നതെന്നും രാജശേഖരൻ പിള്ള പരാതിപ്പെടുന്നു. ഇതിനൊരു ശ്വാശ്വത പരിഹാരം തേടി ബന്ധപ്പെട്ട ഓഫീസുകൾ കയറി ഇറങ്ങുകയാണ് ഈ സാമൂഹിക പ്രവർത്തകൻ.

LEAVE A REPLY

Please enter your comment!
Please enter your name here