മഹാരാഷ്ട്ര മഴക്കെടുതി; 6 ജില്ലകളിൽ റെഡ് അലേർട്ട്

0

മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസങ്ങളായി പെയ്തു കൊണ്ടിരിക്കുന്ന കനത്ത മഴയിൽ ഏറ്റവും കൂടുതൽ നാശനഷ്ടം വിതച്ചത് കൊങ്കൺ മേഖലയിലാണ്. വിവിധ ഇടങ്ങളിലായി നടന്ന മണ്ണിടിച്ചിലിൽ 138 പേർക്ക് ജീവൻ നഷ്ടമായി . നിരവധി പേരെ കാണാതായി. ഏകദേശം ഒരു ലക്ഷത്തോളം പേരാണ് വീടും ചുറ്റുപാടുകളും ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടിയിരിക്കുന്നത്.

അടുത്ത ദിവസങ്ങളിൽ മഹാരാഷ്ട്രയിൽ കനത്ത മഴയുണ്ടാകുമെന്നാണ് അധികൃതർ പ്രവചിച്ചിരിക്കുന്നത്. സംസ്ഥാനത്തെ മഴയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് മഹാരാഷ്ട്ര സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

മഹാരാഷ്ട്രയിൽ കനത്ത മഴയെത്തുടർന്ന് ഏറ്റവും കൂടുതൽ നാശം വിതച്ചത് കൊങ്കൺ മേഖലയിലാണ്. ചിപ്ലുൺ കഴിഞ്ഞ രണ്ട് ദിവസമായി വെള്ളത്തിലായിരുന്നു. ഒറ്റപ്പെട്ട ഗ്രാമങ്ങളിൽ ജനങ്ങൾ പുറത്തിറങ്ങാൻ പോലും കഴിയാതെ വലഞ്ഞു .

വൈദ്യുതിയില്ലാത്തതിനാൽ ഫോണുകളും നിശ്ചലമായത് ജനജീവിതം ദുസ്സഹമാക്കി. ചെളിവെള്ളം കയറി വീടുകളും കടകളും ദുരിത മുഖമായി. നിരവധി വസ്തുക്കൾ നശിച്ചു. പലരും പട്ടിണിയിലായി. മലയാളികൾ അടക്കം ആയിരക്കണക്കിന് പ്രദേശവാസികളാണ് ചിപ്ലുൺ വെള്ളത്തിനടിയിലായതോടെ ദുരിതത്തിലായത്. റോഡരികിൽ നിർത്തിയിട്ട വാഹനങ്ങളിൽ പലതും ഒഴുക്കിൽ പെട്ടു .

ചിപ്ലുണിൽ മഴയ്ക്ക് അൽപ്പം ശമനമുണ്ടായെങ്കിലും കോലാപ്പൂർ, സത്താറ പ്രദേശങ്ങളിൽ മഴ തുടരുകയാണ്.

ഇതിനകം കൊൽഹാപൂർ സാംഗ്ലി തുടങ്ങിയ ദുരിതബാധിത പ്രദേശങ്ങളിൽ നിന്നായി 89,333 പേരെയാണ് ഒഴിപ്പിച്ചത്.

ഇതുവഴി കടന്നുപോകുന്ന മുംബൈ-ബെംഗളൂരു ദേശീയപാത അടച്ചു. മുംബൈ- ഗോവ പാതയും അടച്ചതോടെ മുംബൈയിൽനിന്ന് ദക്ഷിണേന്ത്യയിലേക്ക് റോഡുമാർഗങ്ങളെല്ലാം അടഞ്ഞു. കൊങ്കൺ റെയിൽ ഗതാഗതവും താറുമാറായി. പഞ്ചഗംഗാ നദി കരകവിഞ്ഞൊഴുകുകയാണ്. രാധാനഗരി ഡാം തുറന്നാൽ അവസ്ഥ ഇതിലും മോശമാകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.

മോശം കാലാവസ്ഥ കാരണം രക്ഷാപ്രവർത്തകർക്ക് ചില പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഹെലികോപ്റ്ററുകൾ വഴി പോലും എത്തിച്ചേരാൻ ബുദ്ധിമുട്ടായത് ദുരിതം ഇരട്ടിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here