ഞങ്ങള്‍ അദ്ദേഹത്തെ കുട്ടന്‍മാഷ് എന്നാണ് വിളിക്കാറ്. അദ്ദേഹത്തിന്‍റെ ശരിയായ പേര് ചന്ദ്രപാലന്‍ എന്നായിരുന്നെന്ന് എനിക്കു മനസിലായത് വര്‍ഷങ്ങള്‍ക്കു ശേഷമാണ്. അല്ലെങ്കില്‍ ഒരു പേരിലെന്തിരിക്കുന്നു അല്ലെ? ഞങ്ങളുടെ സ്ക്കൂളില്‍, അതായത് പുല്ലൂറ്റ് എല്‍.പി. സ്ക്കൂളില്‍ നാലാം ക്ലാസിലായിരുന്നു കുട്ടന്‍മാഷ് പഠിപ്പിച്ചിരുന്നത്. വീട് സ്ക്കൂളിന്‍റെ അടുത്തായിരുന്നതിനാല്‍ വളരെ നേരത്തേ മാഷ് സ്ക്കൂളിലെത്തും. രാവിലെ പത്തു മണിക്ക് ബെല്ലടിക്കുന്നതിനു മുമ്പുതന്നെ ഒരടി നീളമുള്ള ചൂരലുമായി അദ്ദേഹം വരാന്തയില്‍ കവാത്തു നടത്തുന്നുണ്ടാകും. ചുണ്ടുകള്‍ക്കിടയില്‍ എരിയുന്നൊരു ബെര്‍ക്കിലി സിഗററ്റും, കത്തുന്ന കണ്ണുകളും, കൊമ്പന്‍മീശയും, കുറുവടിയും അദ്ദേഹത്തിന്‍റെ ട്രെയ്ഡ് മാര്‍ക്കുകളായിരുന്നു.
ഞാന്‍ തികഞ്ഞ ഭയഭക്തിബഹുമാനങ്ങളോടെ മാത്രമെ കുട്ടന്‍ മാഷെ നോക്കാറുണ്ടായിരുന്നുള്ളു. അതും വളരെ ദൂരെ നിന്നു മാത്രം. കുട്ടന്‍മാഷെ ഭയക്കാത്തതായി ഒരു കുട്ടിപോലും അന്ന് സ്ക്കൂളിലുണ്ടായിരുന്നില്ല. അദ്ദേഹം ഹെഡ്മാസ്റ്ററായിരുന്നില്ലെങ്കിലും കുട്ടികള്‍ ഏറ്റവും ഭയപ്പെട്ടിരുന്നതും ബഹുമാനിച്ചിരുന്നതും കുട്ടന്‍മാഷെയായിരുന്നു.
ഒന്നു തൊട്ട് നാലു വരെ സ്ക്കൂളിലുണ്ടായിരുന്ന എല്ലാ വിദ്യാര്‍ത്ഥികളുടെയും പേര് അദ്ദേഹത്തിന് ഹൃദിസ്ഥമായിരുന്നു. ആ വടി മാഷിന്‍റെ സന്തതസഹചാരിയായിരുന്നെങ്കിലും അദ്ദേഹം അത് പ്രയോഗിക്കാറില്ല. കുട്ടികള്‍ അതുപയോഗിക്കാനുള്ള അവസര മുണ്ടാക്കാറില്ലെന്നു വേണം പറയാന്‍. ഞങ്ങള്‍ വികൃതി കാണിച്ചിരുന്നില്ല എന്നല്ല ഇതിനര്‍ത്ഥം. വികൃതിരാമന്മാരെല്ലാം കുട്ടന്‍മാഷിന്‍റെ നിഴല്‍ ഏഴയലത്തെത്തുമ്പോഴേക്കും ഓടിയൊളിച്ചിരിക്കും.
എന്നാല്‍ ഒരിക്കല്‍ ആ വടി അദ്ദേഹം ഉപയോഗിക്കുന്നത് ഞാന്‍ നേരില്‍ കണ്ടു. എന്‍റെ കൂട്ടുകാരനായിരുന്ന രാധാകൃഷ്ണനെ അദ്ദേഹത്തിന് ശിക്ഷിക്കേണ്ടതായി വന്നു. രാവിലെ സ്ക്കൂളിന്‍റെ വരാന്തയില്‍ വച്ച് രാധാകൃഷ്ണനെ പിടികൂടി. നിന്നിടത്തു വച്ചുതന്നെ പൊതിരെ തല്ലി. അപ്രതീക്ഷിതമായി പ്രഹരമേറ്റ രാധാകൃഷ്ണന്‍ ഉറക്കെ യുറക്കെ കരഞ്ഞു. കുറെ കരഞ്ഞുകഴിഞ്ഞപ്പോള്‍ മാഷ് അടി നിറുത്തി. എന്നിട്ട് ആജ്ഞാപിച്ചു; ‘പോയി അമ്മേടെ കാലു പിടിച്ചു വാടാ.’ അതു കേള്‍ക്കേണ്ട താമസം, രാധാകൃഷ്ണന്‍ വീട്ടിലേക്ക് ഓടി. പിന്നാലെ ഞങ്ങളും.
വീട്ടിലെത്തിയപ്പോഴാണ് ഞങ്ങള്‍ക്ക് സത്യാവസ്ഥ മനസിലായത്. എന്തോ വഴക്കു പറഞ്ഞ അമ്മയെ അടിക്കാന്‍ രാധാകൃഷ്ണന്‍ കയ്യോങ്ങിയത്രെ. ആ വാര്‍ത്ത എങ്ങിനെയോ കുട്ടന്‍മാഷിന്‍റെ ചെവിയിലെത്തി. അതിനുള്ള ശിക്ഷയായിരുന്നു രാധാകൃഷ്ണനു ലഭിച്ചത്. ആ സംഭവത്തോടെ ഞങ്ങള്‍ രാധാകൃഷ്ണന് ‘അമ്മേത്തല്ലി’ എന്ന ഓമനപ്പേരും നല്‍കി.
എന്‍റെ അച്ഛനും മാഷും മുമ്പേ അടുപ്പത്തിലായിരുന്നു. ഇടയ്ക്കൊക്കെ മാഷ് വീട്ടില്‍ വരും. ആ സമയത്ത് ഞാനവിടെ നിന്ന് ഓടിയൊളിക്കാറാണ് പതിവ്. എന്‍റെ വികൃതികളെക്കുറിച്ച് അച്ഛനോട് പറഞ്ഞുകൊടുക്കുമെന്ന് ഞാന്‍ ഭയപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം എന്നെക്കറിച്ച് നല്ലതു മാത്രമെ പറയാറുള്ളുവെന്ന് അച്ഛനും അമ്മയുമായുള്ള സംഭാഷണങ്ങളില്‍ നിന്ന് ഞാന്‍ ഗ്രഹിക്കാറുണ്ട്.
ഞാന്‍ നാലാം ക്ലാസിലേക്ക് ജയിച്ച വര്‍ഷം കുട്ടന്‍മാഷ് ഞങ്ങളുടെ സ്ക്കൂളില്‍ നിന്ന് മാറ്റമായിപ്പോയി; ഇരിഞ്ഞാലക്കുട സ്ക്കൂളിലേക്ക്. എനിക്കതൊരു സന്തോഷ വാര്‍ത്തയായിരുന്നു. ഇനി കുട്ടന്‍മാഷെ ഭയക്കേണ്ടല്ലൊ. പ്രശസ്ത കവി വൈലോപ്പിള്ളി ശ്രീധരമേനോനായിരുന്നു ഇരിഞ്ഞാലക്കുട സ്കൂളിലെ ഹെഡ്മാസ്റ്ററെന്ന് പിന്നീട് ഒരിക്കല്‍ എന്നോട് പറയുകയുണ്ടായി.
വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. കുട്ടന്‍മാഷ് പെന്‍ഷന്‍ പറ്റി പിരിഞ്ഞു. എനിക്ക് ഉദ്യോഗാര്‍ത്ഥം നാടുവിടേണ്ടതായി വന്നു. ഇതിനിടെ ഞങ്ങളുടെ കുടുംബവുമായുള്ള അദ്ദേഹത്തിന്‍റെ സൗഹൃദം പതിന്മടങ്ങ് വര്‍ദ്ധിച്ചു. ലീവിനു നാട്ടില്‍ ചെല്ലുമ്പോള്‍ ഞാന്‍ പതിവായി അദ്ദേഹത്തെ ചെന്നു കാണാറുണ്ടായിരുന്നു. ബാല്ല്യദിനങ്ങളില്‍ മനസിലുണ്ടായിരുന്ന രൗദ്രഭീമന്‍റെ രൂപം ഓര്‍ത്തുകൊണ്ട് ഭീതിയോടെയാണ് ആദ്യമൊക്കെ ഞാന്‍ സംസാരിക്കാറ്. ക്രമേണ ആ ശങ്കകളൊക്കെ മാറി. ഉള്ളു തുറന്ന് അദ്ദേഹവുമായി അടുത്ത് ഇടപഴകാന്‍ തുടങ്ങി. അപ്പോഴാണ് ഞാന്‍ അദ്ദേഹത്തെ അടുത്തറിയാന്‍ ശ്രമിച്ചത്. ആ കറകളഞ്ഞ മനുഷ്യസ്നേഹം എനിക്കൊരു പുതിയ അറിവായിരുന്നു. കൊമ്പന്‍മീശയുടെ മുഖംമൂടിക്കുള്ളില്‍ കാരുണ്യവാനായ ഒരു നല്ല മനുഷ്യനെ കണ്ടെത്തി. ഏതു വിഷയത്തെക്കുറിച്ചും അവഗാഹമായ ജ്ഞാനം അദ്ദേഹത്തിനുണ്ടായിരുന്നു. വായന ഒരു ശീലമാക്കിയിരുന്ന മാഷിന് വിശ്വസാഹിത്യത്തിലുണ്ടായിരുന്ന പാണ്ഡിത്യം എന്നെ അത്ഭുതപ്പെടുത്തി.
ഒരു പ്രൈമറി സ്ക്കൂള്‍ അദ്ധ്യാപകനായിരുന്നെങ്കിലും അദ്ദേഹ ത്തിനുണ്ടായിരുന്ന സുഹൃത് വലയം വളരെ ബൃഹത്തായിരുന്നു. ഡോക്ടര്‍മാരും, പ്രൊഫസര്‍മാരും, കലാകാരന്മാരുമടങ്ങിയ വളരെപ്പേര്‍ ആ ശൃംഖലയിലുണ്ടായിരുന്നു. എപ്പോഴും അദ്ദേഹത്തിന്‍റെ വീട്ടില്‍ സന്ദര്‍ശകരുണ്ടാകും. ക്ഷേമമന്വേഷിച്ചെത്താറുള്ള ശിഷ്യഗണങ്ങളില്‍
പലര്‍ക്കും പഠിക്കാനുള്ള ഫീസ് നല്‍കിയിരുന്നത് കുട്ടന്‍മാഷായിരുന്നെന്ന് അവരുടെ സംസാരത്തില്‍ നിന്നും ബോദ്ധ്യം വന്നു. പക്ഷേ, അതൊന്നും അദ്ദേഹം പരസ്യപ്പെടുത്താറുണ്ടായിരുന്നില്ല.
കുട്ടന്‍മാഷ് ഇന്ന് ജീവിച്ചിരുപ്പില്ല. ഇങ്ങനെ മധുരസ്മരണകളുടെ പൊന്നിന്‍ചെപ്പിനകത്ത് സൂക്ഷിച്ചുവക്കാനുള്ള അദ്ധാപകര്‍ ഇന്നത്തെ തലമുറക്കുണ്ടോ എന്നെനിക്കറിയില്ല. പക്ഷേ, കുട്ടികള്‍ വീട്ടില്‍ കാണിക്കുന്ന വേണ്ടാതീനങ്ങള്‍ പോലും മണത്തറിഞ്ഞ് ശിക്ഷ നല്‍കുന്ന കുട്ടന്‍മാഷും, വീടുവീടാന്തരം കയറിയിറങ്ങി വിദ്യാര്‍ഥികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന അലിക്കുഞ്ഞി മാഷും, ചാമ്പമരത്തില്‍ കയറി ചാമ്പയ്ക്ക പറിച്ച് കുട്ടികള്‍ക്കു കൊടുക്കുന്ന മുസലിയാര് മാഷും ഇന്നുണ്ടായിരിക്കാനിടയില്ല. ഇവരൊക്കെ ആ കാലഘട്ടത്തിലെ ചരിത്രത്തിന്‍റെ, സംസ്കാരത്തിന്‍റെ കയ്യൊപ്പുകളാണ്.
- ഗിരിജാവല്ലഭൻ
മുംബൈയിൽ ഇഫ്‌താർ വിരുന്നൊരുക്കി പടന്ന സ്വദേശികൾ
രാജ്യത്തെ ആദ്യ ഉല്ലാസകപ്പൽ മുംബൈയിൽ നിന്നും ഗോവയിലേക്ക്
മുംബൈ ഫാഷൻ ലോകത്ത് വിസ്മയക്കാഴ്ചയൊരുക്കി നിഖിൽ തമ്പി
ആംചി മുംബൈ സ്ത്രീശാക്തീകരണ പദ്ധതി അംബർനാഥിലും (Watch Video)