ദുരിതം പെയ്തൊഴിയാതെ മഹാരാഷ്ട്ര. മരണം 139 ആയി, രണ്ടര ലക്ഷം പേരെ ഒഴിപ്പിച്ചു

0

മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസങ്ങളിയായി പെയ്തിറങ്ങിയ മഴ നിരവധി ജീവിതങ്ങളെയാണ് കെടുതികളുടെ നടുവിലേക്ക് വലിച്ചെറിഞ്ഞത്. ദുരിതപെയ്ത്തിന്റെ തീവ്രത കുറഞ്ഞെങ്കിലും കൊങ്കൺ, പശ്ചിമ മേഖലയിലെ ഗ്രാമങ്ങളിൽ ഇനിയും ദുരിതം പെയ്തൊഴിഞ്ഞിട്ടില്ല. കിടപ്പാടമടക്കം സർവ്വതും നഷ്ടപ്പെട്ടവരുടെ വിലാപങ്ങൾ മാത്രമാണ് മഹാരാഷ്ട്രയിലെ ദുരിത ഭൂമികളിൽ അവശേഷിക്കുന്നത്.

പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ വെള്ളപ്പൊക്ക ദുരിതബാധിത ജില്ലകളിലെ ജലനിരപ്പ് കുറയുന്നുണ്ടെങ്കിലും അപകടനിരക്കിന് മുകളിലാണ്. മുംബൈ, പൂനെ, ബാംഗ്ലൂർ, ചെന്നൈ എന്നീ നാല് വലിയ നഗരങ്ങളെ ബന്ധിപ്പിക്കുന്ന എൻ‌എച്ച് 4 ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്.

കോലാപ്പൂർ ഒരു ദ്വീപായി മാറിയെന്നും നഗരത്തെ ബന്ധിപ്പിക്കുന്ന എല്ലാ റോഡുകളും വെള്ളത്തിനടിയിലായതിനാൽ സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളുമായുള്ള ബന്ധം വിഛേദിച്ചതും വലിയ വെല്ലുവിളിയായി. ഇതുവരെ 2.3 ലക്ഷം പേരെയാണ് ഈ പ്രദേശങ്ങളിൽ നിന്ന് ഒഴിപ്പിച്ചിരിക്കുന്നത്. മരണം 139 ആയി ഉയർന്നു.

മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഇന്ന് പൂനെയിലെയും സതാരയിലെയും പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ദുരിതബാധിത പ്രദേശമായ ചിപ്ലൂൺ സന്ദർശിച്ചു .

ചിപ്ലുണിൽ മലയാളികളുടെ അടക്കം നിരവധി വീടുകളിൽ വെള്ളം കയറിയതോടെ വീട്ടു സാധനങ്ങളെല്ലാം നഷ്ടപ്പെട്ടു. വിലപിടിപ്പുള്ള രേഖകളും കുട്ടികളുടെ പഠന സമഗ്രഹികളും വെള്ളക്കെട്ടിൽ നശിച്ചു പോയി. ദുരിതബാധിത പ്രദേശങ്ങളിൽ എത്തിച്ചേരാനുള്ള റോഡുകളെല്ലാം തകർന്ന് വെളളത്തിനടിയിലായതോടെ രക്ഷാ പ്രവർത്തനങ്ങൾക്കും തടസ്സമായി.

രക്ഷാ പ്രവർത്തന ദൗത്യവുമായി മുംബൈയിൽ നിന്നും താനെ നഗരസഭ ജീവനക്കാർ പുറപ്പെട്ടിട്ടുണ്ട്. ഗ്രാമത്തെ പുനസ്ഥാപിക്കുവാൻ വേണ്ട സന്നാഹങ്ങളും മൃഗ ഡോക്ടർമാർ അടങ്ങുന്ന ആരോഗ്യ പ്രവർത്തകരുമായാണ് സംഘം തിരിച്ചിരിക്കുന്നത്.

മുംബൈയിൽ നിന്നും കെയർ ഫോർ മുംബൈ എന്ന മലയാളി സംഘടന ഒരു ട്രക്ക് ഭക്ഷ്യ വസ്തുക്കളും കുടിവെള്ളവുമാണ് ദുരിതബാധിത പ്രദേശങ്ങളിലേക്ക് പോകുവാൻ തയ്യാറെടുക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here